News

മാര്‍ച്ച് ഫോര്‍ ജീസസ്; ബെൽഫാസ്റ്റിൽ ക്രിസ്തു വിശ്വാസം പ്രഘോഷിച്ച് പതിനായിരങ്ങള്‍

പ്രവാചകശബ്ദം 25-08-2025 - Monday

ബെല്‍ഫാസ്റ്റ്: അയര്‍ലണ്ടിലെ ബെൽഫാസ്റ്റിൽ ക്രിസ്തു വിശ്വാസം പ്രഘോഷിച്ച് ആയിരക്കണക്കിന് ക്രൈസ്തവര്‍ പങ്കുചേര്‍ന്ന വാർഷിക റാലി ശ്രദ്ധേയമായി. ഓർക്കിയോ എംബാങ്ക്‌മെന്റിൽ നിന്ന് സിറ്റി ഹാളിലേക്ക് നടന്ന റാലിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ക്രൈസ്തവര്‍ ഒരുമിച്ച് കൂടുകയായിരിന്നു. ബെൽഫാസ്റ്റ് നഗരത്തിൽ യേശു നാമം ഉയർത്തി പ്രഘോഷിക്കുന്നതിനുള്ള കുടുംബ സൗഹൃദ, രാഷ്ട്രീയേതര പരിപാടിയില്‍ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായിരിന്നതെന്നു പരിപാടിയുടെ സംഘാടകർ വ്യക്തമാക്കി.

ഏകദേശം അയ്യായിരത്തില്‍ അധികം ക്രൈസ്തവരാണ് റാലിയില്‍ ഒന്നുചേര്‍ന്നത്. വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ ഒത്തുചേരലായി നിരവധി പേര്‍ പരിപാടിയെ വിശേഷിപ്പിച്ചിരിന്നു. ക്രൈസ്തവ പ്രമേയമുള്ള പ്ലക്കാർഡുകളും യേശു ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്ന മുദ്രാവാക്യങ്ങളും സഹിതമായിരിന്നു റാലി. രാഷ്ട്രീയേതര പരിപാടിയായതിനാൽ ദേശീയ പതാകകളോ മറ്റ് പതാകകളോ ഉണ്ടാകരുതെന്ന് സംഘാടകർ ആവശ്യപ്പെട്ടിരുന്നു.

"യേശു ക്രിസ്തുവാണ് ദൈവം" എന്ന ബാനറുകളും ഉയര്‍ത്തിയായിരിന്നു മിക്ക വിശ്വാസികളും റാലിയില്‍ പങ്കുചേര്‍ന്നത്. ചിലര്‍ റാലിയില്‍ യേശു ക്രിസ്തുവിനെ പ്രഘോഷിക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗിച്ചായിരിന്നു എത്തിയതെന്നതും ശ്രദ്ധേയമാണ്. 1987-ൽ യുകെയിലെ ലണ്ടനിൽ ഒരു സിറ്റി മാർച്ചായിട്ടാണ് മാർച്ച് ഫോർ ജീസസ് ആരംഭിച്ചത്. 1991-ൽ ഫ്രാൻസിലും 1992-ൽ അമേരിക്കയിലും 1993-ൽ ബ്രസീലിലും ഈ മാർച്ച് ആരംഭിച്ചിരിന്നു. 2019-ൽ ബ്രസീലിലെ സാവോ പോളോയിൽ നടന്ന റാലിയില്‍ മുപ്പതുലക്ഷം വിശ്വാസികളാണ് പങ്കുചേര്‍ന്നത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »