News
ഓശാന ഞായറാഴ്ച പതിവ് തെറ്റിച്ചില്ല; യേശു നീങ്ങിയ വഴിയിലൂടെ ജെറുസലേമില്‍ വിശ്വാസികളുടെ ഘോഷയാത്ര
പ്രവാചകശബ്ദം 26-03-2024 - Tuesday
വത്തിക്കാന്‍ സിറ്റി: രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് യേശു ജെറുസലേമിലേക്ക് നടത്തിയ രാജകീയ പ്രവേശനത്തിന്റെ സ്മരണ പുതുക്കി ജെറുസലേമിലെ ക്രൈസ്തവര്‍. വിശുദ്ധ വാരത്തിനു ആരംഭം കുറിച്ച ഇക്കഴിഞ്ഞ ഓശാന ഞായറാഴ്ച പരമ്പരാഗത ഘോഷയാത്രയിൽ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. യേശു കഴുതപുറത്തു കയറി സഞ്ചരിച്ച അതേ പാതയിലൂടെയാണ് ഇത്തവണത്തെ പ്രദിക്ഷണവും നടന്നത്. ഒലിവ് മലയുടെ കിഴക്കുഭാഗത്തുള്ള ബേത്ത്ഫാഗിൽ നിന്നു ആരംഭിച്ച ഘോഷയാത്ര ഒലിവ് മലയിലൂടെ യാത്ര തുടരുകയായിരിന്നു. യേശു തൻ്റെ പീഡാസഹനത്തിന് മുന്നോടിയായി ഏറ്റവും വേദനാജനകമായ മണിക്കൂറുകൾ കടന്നുപോയ ഗത്സമേനിയിലൂടെയും ചുറ്റിസഞ്ചരിച്ച ഓശാന ഞായറാഴ്ച പ്രദിക്ഷണം സെൻ്റ് ആന്‍ ബസിലിക്കയിലാണ് സമാപിച്ചത്.
ഏകദേശം 3,000 ആളുകൾ ഞായറാഴ്ചത്തെ പ്രദിക്ഷണത്തില്‍ പങ്കെടുത്തു. മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ഓശാന ഞായാറാഴ്ച പ്രദിക്ഷണത്തില്‍ ആളുകള്‍ കുറവായിരിന്നു. വിശുദ്ധ നാട്ടിലെ യുദ്ധമാണ് ഇതിന് പിന്നിലെ കാരണമായി നിരീക്ഷിക്കപ്പെടുന്നത്. പലസ്തീൻ പ്രദേശങ്ങളിൽ നിന്നുള്ള 2,000 ക്രൈസ്തവര്‍ രണ്ടു ദിവസത്തേക്കു പെർമിറ്റുകൾ നേടിയിരുന്നു. ടെൽ അവീവിൽ നിന്നും ഗലീലിയിൽ നിന്നും നിരവധി വിശ്വാസികൾ പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയിരിന്നു. സ്തുതി ഗീതങ്ങള്‍, നൃത്തങ്ങൾ എന്നിവയിലൂടെയും പുഞ്ചിരിയിലൂടെയും ആയിരങ്ങള്‍ ഘോഷയാത്രയെ സജീവമാക്കി ക്രിസ്തു വിശ്വാസത്തിലുള്ള അതിയായ ആഹ്ളാദം പ്രകടമാക്കി.
റോഡരികിലും ബാൽക്കണിയിലുമായി നിരവധി മുസ്ലീം കുടുംബങ്ങളും ഓശാന ആഘോഷം കാണാന്‍ നില്‍പ്പുണ്ടായിരിന്നു. പരിസരങ്ങളിലെ കുട്ടികളും ആകാംക്ഷയോടെ പരിപാടി വീക്ഷിച്ചു. ആളുകള്‍ കുറവാണെങ്കിലും, ഈ വിജയകരമായ ജെറുസലേം പ്രവേശനം പ്രധാനമാണെന്നും യേശു നമ്മുടെ കർത്താവായതിൽ സന്തുഷ്ട്ടരാണെന്നും അവനാണ് സന്തോഷവും ശക്തിയുമെന്നും ഘോഷയാത്ര നയിച്ച ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല പറഞ്ഞു. വിശുദ്ധനാടിന്റെ സൂക്ഷിപ്പുകാരായ ഫാ. ഫ്രാൻസെസ്‌കോ പാറ്റൺ, ഇസ്രായേലിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോയും ജറുസലേമിലെയും പാലസ്‌തീനിലെയും അപ്പോസ്‌തോലിക് പ്രതിനിധിയുമായ ആർച്ച് ബിഷപ്പ് അഡോൾഫോ ടിറ്റോ യ്‌ലാന എന്നിവരും ചടങ്ങിന് നേതൃത്വം നല്‍കി.