News
പുതിയ സിറിയന്‍ ഭരണകൂടം ക്രൈസ്തവരെ പീഡിപ്പിക്കുന്നില്ല: ആശ്വാസമായി അപ്പസ്തോലിക് വികാരിയുടെ വെളിപ്പെടുത്തല്‍
പ്രവാചകശബ്ദം 27-08-2025 - Wednesday
ആലപ്പോ: സിറിയയിലെ പുതിയ സർക്കാർ ക്രൈസ്തവരെ പീഡിപ്പിക്കുന്നില്ലെന്ന് ക്രൈസ്തവര്‍ കൂടുതലായി തിങ്ങി പാര്‍ക്കുന്ന ആലപ്പോയിലെ വികാരി ബിഷപ്പ് ഹന്ന ജലൂഫിന്റെ വെളിപ്പെടുത്തല്‍. ചില പാശ്ചാത്യ മാധ്യമങ്ങളിൽ വരുന്ന വിവരങ്ങൾ പലപ്പോഴും നമ്മൾ അനുഭവിക്കുന്ന യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്തതാണെന്നും ക്രൈസ്തവര്‍ക്ക് നേരെ നിലവില്‍ ഒരു പീഡനവുമില്ലായെന്നും നേരെമറിച്ച്, പുതിയ സിറിയയുടെ രാഷ്ട്രീയ ജീവിതത്തിൽ സർക്കാർ പങ്കാളിത്തം നല്‍കുന്നതിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ബിഷപ്പ് വത്തിക്കാന്‍ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
ഹിന്ദ് കബാവത്ത് എന്ന കത്തോലിക്ക വനിതയെ രാജ്യത്തിന്റെ തൊഴിൽ, സാമൂഹിക കാര്യ മന്ത്രിയായി നിയമിച്ച കാര്യം ബിഷപ്പ് ജലൂഫ് ചൂണ്ടിക്കാട്ടി. സിറിയയുടെ സ്ഥിരതയെ എതിർക്കുന്ന നിരവധി താൽപ്പര്യങ്ങൾ ഇപ്പോഴും ഉണ്ട്, രാജ്യത്ത് റാഡിക്കൽ ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പുകളുമുണ്ട്. സിറിയയിലെ മാറ്റം ക്രമേണ മാത്രമേ ആകാൻ കഴിയൂ. കുടിയേറ്റ സമ്മര്‍ദ്ധം തടയുകയെന്നതാണ് സിറിയൻ ക്രിസ്ത്യൻ സമൂഹത്തിന്റെ മുൻഗണനകളിൽ പ്രധാനപ്പെട്ടത്. വളരെ വർഷത്തെ യുദ്ധത്തിനുശേഷം, സ്വന്തം നാട്ടിൽ സമാധാനപരമായ ഒരു ഭാവി സങ്കൽപ്പിക്കാൻ പാടുപെടുന്ന ചെറുപ്പക്കാർക്കിടയിലെ കുടിയേറ്റ സമ്മര്‍ദ്ധം തടയുവാനാണ് ആഗ്രഹിക്കുന്നത്.
നമ്മൾ ക്രിസ്ത്യാനികൾ സിറിയയിലെ ഒരു ന്യൂനപക്ഷമാണെന്നത് ശരിയാണ്. എന്നാൽ നമ്മൾ ഈ ദേശത്തിന്റെ ഉപ്പാണെന്ന് നാം അറിഞ്ഞിരിക്കണം. ക്രിസ്തീയ വിശ്വാസത്തിന്റെ ഉത്ഭവം ഇവിടെ നിന്നായിരിന്നു. നമ്മുടെ സാന്നിധ്യത്തിന്റെ ഈ ചരിത്രപരമായ പൈതൃകത്തോട് നാം ചേര്‍ന്നുനിൽക്കണം. എല്ലാവരും ഒരു നല്ല ജീവിതം ആഗ്രഹിക്കുന്നുവെന്നത് ശരിയാണ്, നിങ്ങൾ ഉന്നതരായിരിക്കണമെന്ന് കർത്താവ് ഒരിക്കലും പറഞ്ഞിട്ടില്ല, മറിച്ച് എന്റെ നാമത്തിനുവേണ്ടി പീഡിപ്പിക്കപ്പെടുന്ന നിങ്ങൾ ഭാഗ്യവാന്മാർ എന്നാണ് കര്‍ത്താവ് പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. 2011-ൽ ആഭ്യന്തരയുദ്ധം ആരംഭിക്കുന്നതിന് മുമ്പ് സിറിയയിലെ ജനസംഖ്യയുടെ 10% ആയിരുന്നു ക്രൈസ്തവര്‍. എന്നാൽ ഇപ്പോൾ 2%ൽ താഴെ മാത്ര ക്രൈസ്തവരാണ് രാജ്യത്തു കഴിയുന്നത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
