News - 2025
സുവിശേഷത്തിനു സാക്ഷ്യം നൽകുക എന്നതാണ് ഓരോ ക്രൈസ്തവന്റെയും കടമ: ലെയോ പാപ്പ
പ്രവാചകശബ്ദം 30-08-2025 - Saturday
വത്തിക്കാന്‍ സിറ്റി: സുവിശേഷത്തിനു സാക്ഷ്യം നൽകുക എന്നതാണ് ഓരോ ക്രൈസ്തവന്റെയും കടമയെന്ന് ലെയോ പതിനാലാമന്‍ പാപ്പ. മെക്സിക്കോയിലെ സെന്റ് ആൻഡ്രൂസ് ഇവാഞ്ചലൈസേഷന്‍ വിദ്യാലയത്തിലെ അംഗങ്ങളുമായി ഇന്നലെ (ആഗസ്റ്റ് 29) നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ സന്ദേശം നല്‍കുകയായിരിന്നു ലെയോ പാപ്പ. മാമ്മോദീസ സ്വീകരിക്കുന്ന ഏതൊരു വ്യക്തിയിലും നിക്ഷിപ്തമായിരിക്കുന്ന കടമയും, ക്രിസ്തുവിൽ ഒന്നായിത്തീരേണ്ടതിന്, നാം ദാനമായി സ്വീകരിച്ച സുവിശേഷം മറ്റുള്ളവരുമായി പങ്കുവയ്ക്കുക എന്നതാണെന്നും പാപ്പ പറഞ്ഞു.
നാം ധ്യാനിച്ച കാര്യങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതിനും, ജീവന്റെ ദൈവവുമായി നാം കണ്ടുമുട്ടിയതിന് സാക്ഷ്യം നൽകുന്നതിനുമുള്ള വിളിയാണിതെന്നും പാപ്പ ഓർമ്മപ്പെടുത്തി. ഇതാണ് യോഹന്നാന്റെ ലേഖനത്തിൽ നാം കണ്ടെത്തുന്നതെന്നു പാപ്പ പറഞ്ഞു: "ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്‌തതു നിങ്ങളെയും ഞങ്ങള്‍ അറിയിക്കുന്നു. ഞങ്ങളുമായി നിങ്ങള്‍ക്കും കൂട്ടായ്‌മ ഉണ്ടാകേണ്ടതിനാണ് ഞങ്ങള്‍ ഇതു പ്രഘോഷിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്‌മയാകട്ടെ, പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്‌തുവിനോടുമാണ്." (1 യോഹന്നാന്‍ 1:3).
വിശുദ്ധ സ്നാപക യോഹന്നാനെപ്പോലെ, യേശുക്രിസ്തുവിന്റെ വിശ്വസ്ത അനുയായികളായിരുന്ന, വാക്കുകളിലും സത്പ്രവൃത്തികളിലും അവനെ വെളിപ്പെടുത്തിയ വിശുദ്ധരുടെ ജീവിതത്തെക്കുറിച്ച് പ്രത്യേക രീതിയിൽ ധ്യാനിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. വ്യത്യസ്ത മാർഗങ്ങളിലൂടെ സുവിശേഷവൽക്കരണത്തിനുവേണ്ടി നിങ്ങൾ നടത്തുന്ന ഫലപ്രദമായ പ്രവർത്തനത്തിന് ഞാൻ നിങ്ങൾക്ക് നന്ദി പറയുകയാണെന്നും ലെയോ പാപ്പ പറഞ്ഞു. ഭൂമിയുടെ അതിര്‍ത്തികള്‍ വരെ സുവിശേഷം പ്രഘോഷിക്കാനുള്ള യേശുവിന്റെ ആഹ്വാനത്തിന് ഉത്തരം നൽകുവാന്‍ കാനഡ കേന്ദ്രമാക്കി ആരംഭിച്ചതാണ് സെന്റ് ആൻഡ്രൂ സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
