News - 2025

ഇന്ന് സെപ്തംബര്‍ 1; സൃഷ്ടികളുടെ സംരക്ഷണത്തിനായുള്ള പത്താമത് ആഗോള പ്രാര്‍ത്ഥനാദിനം

പ്രവാചകശബ്ദം 01-09-2025 - Monday

വത്തിക്കാന്‍ സിറ്റി: സൃഷ്ടികളുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാര്‍ത്ഥനാദിനം ഇന്ന് സെപ്തംബര്‍ 1 തിങ്കളാഴ്ച നടക്കുന്നു. 2015-ൽ ഫ്രാൻസിസ് മാർപാപ്പ ഭൂമിയുടെ പരിപാലനത്തെ കേന്ദ്രമാക്കി എഴുതിയ ചാക്രികലേഖനമായ 'ലൗദാത്തോ സി'ക്ക് അനുസൃതമായി സ്ഥാപിച്ചതാണ് സൃഷ്ടിപരിപാലനത്തിനായുള്ള ലോക പ്രാർത്ഥനാ ദിനം. ഫ്രാന്‍സിസ് പാപ്പ തുടങ്ങിവെച്ച ആചരണം ഇത്തവണയും നടത്തണമെന്ന ആഹ്വാനം ലെയോ പാപ്പ കഴിഞ്ഞ ദിവസവും നടത്തുകയായിരിന്നു.

ഈ ആഘോഷം എക്കാലത്തേക്കാളും പ്രാധാന്യമുള്ളതാണെന്നും ഈ വർഷത്തെ പ്രമേയം "സമാധാനത്തിന്റെയും പ്രത്യാശയുടെയും വിത്തുകൾ" എന്നാണെന്നും ഇന്നലെ ആഗസ്റ്റ് 31 ഞായറാഴ്ച, വത്തിക്കാനിൽ നടന്ന ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം, ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. എല്ലാ ക്രൈസ്തവ വിഭാഗങ്ങളുമായി ഐക്യപ്പെട്ട്, ഇത് ആഘോഷിക്കുകയും ഒക്ടോബർ 4 വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ വരെ ആചരണം നീട്ടുകയാണെന്നും പാപ്പ വിശദീകരിച്ചു.

ജൂൺ 30-ന് പ്രസിദ്ധീകരിച്ച സൃഷ്ടിയുടെ പരിപാലനത്തിനായുള്ള പത്താം ലോക പ്രാർത്ഥനാ ദിനത്തിനായുള്ള സന്ദേശത്തിൽ "ക്രിസ്തുവിൽ നാം വിത്തുകളാണ്, അത് മാത്രമല്ല, സമാധാനത്തിന്റെയും പ്രത്യാശയുടെയും വിത്തുകളാണ്" എന്ന് പാപ്പ കുറിച്ചിരിന്നു. ദൈവീക സൃഷ്ടികളുടെ സംരക്ഷണത്തിനായി പ്രാര്‍ത്ഥനാ ദിനം പ്രത്യേകം ആചരിക്കുന്ന പതിവ് 1989-ല്‍ ഓര്‍ത്തഡോക്‌സ് സഭയാണ് ആരംഭിച്ചത്. 2015-ല്‍ കത്തോലിക്ക സഭയും വിവിധ സഭകളോട് ചേര്‍ന്ന് ഈ ദിനം ആചരിക്കണമെന്ന പ്രത്യേക നിര്‍ദ്ദേശം ഫ്രാന്‍സിസ് മാര്‍പാപ്പയും നല്‍കുകയായിരുന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »