News

ടണ്‍ കണക്കിന് പോഷകാഹാരവുമായി 'സമരിറ്റൻസ് പഴ്സ്'; ഗാസയിലെ മനുഷ്യത്വത്തിന്റെ മുഖമായി ക്രൈസ്തവ സംഘടന

പ്രവാചകശബ്ദം 01-09-2025 - Monday

ഗാസ/ ജെറുസലേം: ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ സംഘർഷ മേഖലയിലുള്ള ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി വലിയ ഇടപെടലുമായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സന്നദ്ധ സംഘടനയായ സമരിറ്റൻസ് പഴ്സ്. പുതുതായി സ്ഥാപിതമായ ഇസ്രായേലിന്റെയും യുഎസിന്റെയും പിന്തുണയുള്ള ഫൗണ്ടേഷനുമായി സഹകരിച്ചാണ് പ്രമുഖ വചനപ്രഘോഷകനായ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘടനയായ സമരിറ്റൻസ് പഴ്സ് സഹായമെത്തിക്കുന്നത്.

ഉയർന്ന കലോറിയുള്ള ഭക്ഷണ പാക്കറ്റുകൾ, 48 ടണ്ണിലധികം ഉപയോഗിക്കാൻ കഴിയാവുന്ന വിധത്തില്‍ ഒരുക്കിയിരിക്കുന്ന വിറ്റാമിൻ-ഫോർട്ടിഫൈഡ് നിലക്കടല ഉള്‍പ്പെടെയുള്ള നിരവധി ഭക്ഷ്യ വസ്തുക്കളുമായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സംഘടന സഹായമെത്തിച്ചിരിന്നു. ഇത്തരത്തില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കിടെ ഏഴു കയറ്റുമതികളാണ് ഉണ്ടായിരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. സമരിറ്റന്റെ പഴ്സ് സംഘടനയുടെ ഡിസി-8, 757 എന്നീ വിമാനങ്ങളിലാണ് 280,000 പൗണ്ടിലധികം തൂക്കമുള്ള പോഷകസമൃദ്ധമായ ഭക്ഷണ പാക്കറ്റുകൾ എത്തിച്ചത്. സഹായം വിതരണം ചെയ്യുന്നതിനായി വിമാന സർവീസുകൾ തുടരുകയാണെന്നും സംഘടന വ്യക്തമാക്കി.

പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളിലേക്കും കുടുംബങ്ങളിലേക്കും എത്തിച്ചേരുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷണ വിതരണങ്ങൾ നടത്തുന്നതെന്നു ഫ്രാങ്ക്ലിൻ ഗ്രഹാം ഫേസ്ബുക്കിൽ കുറിച്ചു. ജോർജിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ 'മന' (MANA) ആണ് അടിയന്തര പോഷകാഹാര ഉൽപ്പന്നമായ റെഡി-ടു-യൂസ് സപ്ലിമെന്ററി ഫുഡ് (RUSF) സംഘടനയ്ക്കു ലഭ്യമാക്കുന്നത്. ഭക്ഷണ പാക്കറ്റുകൾ ഏറ്റവും ആവശ്യമുള്ളവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ തങ്ങളുടെ ടീമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും മെഡിക്കല്‍ ടീം ദുരിതബാധിതര്‍ക്ക് ഇടയില്‍ ചികിത്സ തുടരുന്നുണ്ടെന്നും പ്രമുഖ വചനപ്രഘോഷകനായ ബില്ലി ഗ്രഹാമിന്റെ മകന്‍ കൂടിയായ ഫ്രാങ്ക്ലിൻ ഗ്രഹാം വ്യക്തമാക്കി.

2023 ഒക്ടോബറിൽ ഇസ്രായേലും ഹമാസും ആക്രമണങ്ങള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ സമരിറ്റൻസ് പഴ്സ് സഹായം ലഭ്യമാക്കുന്നുണ്ട്. ഹമാസിന്റെ ആക്രമണത്തിന് പിന്നാലേ ഇസ്രായേലി സമൂഹത്തിനാണ് ആദ്യം സഹായം ലഭ്യമാക്കിയത്. മെഡിക്കൽ കിറ്റുകൾ, ഭക്ഷണ വിതരണം, 42 ആംബുലൻസുകൾ എന്നിവ അടിയന്തര സേവനത്തിനായി സംഘടന നല്‍കിയിരിന്നു. ആഗോള തലത്തില്‍ അടിയന്തര പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഏറ്റവും ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയും അനേകരിലേക്ക് സഹായമെത്തിക്കുകയും ചെയ്യുന്ന ക്രൈസ്തവ സംഘടനയാണ് സമരിറ്റന്‍ പേഴ്സ്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »