News - 2025

പശ്ചിമ ആഫ്രിക്കയില്‍ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു

പ്രവാചകശബ്ദം 02-09-2025 - Tuesday

ഫ്രീടൌണ്‍: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സിയേറാ ലിയോണിൽ കത്തോലിക്ക വൈദികൻ ക്രൂരമായി കൊല്ലപ്പെട്ടു. കെനിമയിലെ അമലോത്ഭവ ഇടവക ദേവാലയ വികാരി ഫാ. അഗസ്റ്റിൻ ദൗഡ അമാഡുവാണ് ഓഗസ്റ്റ് 30 പുലര്‍ച്ചെ കൊല്ലപ്പെട്ടത്. ഇടവക സമൂഹത്തിനിടയില്‍ അജപാലന സാമൂഹിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വലിയ രീതിയില്‍ സ്വാധീനം ചെലുത്തിയ വൈദികനാണ് ഫാ. അഗസ്റ്റിൻ. സിയറ ലിയോണിന്റെ കിഴക്കൻ മേഖലയുടെ തലസ്ഥാനമായ കെനിമയില്‍ ആയുധധാരികൾ നടത്തിയ കടന്നാക്രമണത്തിലാണ് വൈദികന്‍ ദാരുണമായി കൊല്ലപ്പെട്ടത്.

പ്രാദേശിക സുരക്ഷാസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ യുവജനങ്ങള്‍ക്കും ദുർബലരായ കുടുംബങ്ങൾക്കും വേണ്ടി സജീവമായി ഇടപെട്ടിരുന്ന വൈദികനായിരിന്നു ഫാ. അഗസ്റ്റിൻ ദൗഡ. അഴിമതിക്കും കുറ്റകൃത്യങ്ങൾക്കുമെതിരായി അദ്ദേഹം ശക്തമായി സ്വരമുയര്‍ത്തിയിരിന്നു. മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ, വഴികാട്ടിയെയും പിതാവിനെയുമാണ് നഷ്ടപ്പെട്ടതെന്നു പ്രദേശത്തെ വിശ്വാസികള്‍ പ്രതികരിച്ചു. കെനിമ രൂപതാനേതൃത്വവും ദുരന്തത്തിൽ ദുഃഖം പ്രകടിപ്പിച്ചു.

വിശ്വാസികൾ പ്രാർത്ഥനയിലും സമാധാനത്തിലും ഐക്യത്തോടെ തുടരണമെന്നു മോൺ. ഹെൻറി അരുണ അഭ്യര്‍ത്ഥിച്ചു. ക്രൈസ്തവ സമൂഹങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അധികാരികള്‍ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തു വർദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥയ്ക്കിടയിലാണ് കൊലപാതകം. പ്രവിശ്യകളിൽ സായുധ കൊള്ളകളും ആക്രമണങ്ങളും പതിവായി വരികയാണ്. കെനിമ മേഖലയിൽ അടുത്തിടെ നിരവധി ആക്രമണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും ഇസ്ലാം മതസ്ഥരുള്ള രാജ്യമാണ് സിയറ ലിയോണ്‍.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »