News - 2025

പുതിയ 192 മെത്രാന്മാര്‍ക്കുള്ള ഫോര്‍മേഷന്‍ കോഴ്‌സ് റോമില്‍ ഇന്ന് ആരംഭിക്കും

പ്രവാചകശബ്ദം 03-09-2025 - Wednesday

റോം: ലോകമെമ്പാടുമായി പുതുതായി നിയമിതരായ 192 ബിഷപ്പുമാർക്കുള്ള കോഴ്സ് ഇന്നു റോമില്‍ ആരംഭിക്കും. ഇന്ന് സെപ്റ്റംബർ 3 മുതൽ സെപ്റ്റംബർ 11 വരെ നടക്കുന്ന കോഴ്സില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പുതിയ മെത്രാന്മാര്‍ പങ്കെടുക്കുന്നുണ്ടെന്ന് പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ ഏജന്‍സിയ ഫിഡെസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരമ്പരാഗതമായി സെപ്റ്റംബറിൽ നടക്കുന്ന ഈ വാർഷിക കോഴ്സ്, പുതിയ ബിഷപ്പുമാരെ അവരുടെ ദൗത്യം ശരിയായ വിധത്തില്‍ നയിക്കാൻ സഹായിക്കാന്‍ ഉതകുന്നതാണ്.

78 ബിഷപ്പുമാർ സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രത്യേക കോഴ്‌സിൽ പങ്കുചേരുന്നു. അതേസമയം 114 ബിഷപ്പുമാർ രൂപത മെത്രാന്മാര്‍ക്കു വേണ്ടിയുള്ള കോഴ്‌സില്‍ പങ്കുചേരുമെന്നും വത്തിക്കാന്‍ വ്യക്തമാക്കി. പൗരസ്ത്യ സഭയില്‍ നിന്നുള്ള അഞ്ച് ബിഷപ്പുമാരും റോമൻ കൂരിയയിൽ സേവനമനുഷ്ഠിക്കുന്ന അഞ്ച് ബിഷപ്പുമാരും ഇതില്‍ പങ്കുചേരുന്നുണ്ട്. ഐക്യം, സഹവർത്തിത്വം, ലോകമെമ്പാടുമുള്ള പ്രാദേശിക സഭകൾക്കിടയിൽ ശക്തമായ ബന്ധം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് സംയുക്ത കൂട്ടായ്മകളും കോഴ്സും കൊണ്ട് ഉദ്ദേശിക്കുന്നത്.

വിശുദ്ധ കുര്‍ബാന, ആരാധന, ക്ലാസുകള്‍, ചര്‍ച്ചകള്‍ എന്ന രീതിയിലാണ് കോഴ്സ് നടക്കുകയെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. പുതുതായി നിയമിതരായ ബിഷപ്പുമാരെ സെപ്റ്റംബർ 11 വ്യാഴാഴ്ച ലെയോ പതിനാലാമൻ മാർപാപ്പ പോള്‍ ആറാമന്‍ ഹാളില്‍ ഒരുമിച്ച് സ്വീകരിക്കും. മെത്രാന്‍ ശുശ്രൂഷയുടെ നിർവ്വഹണത്തിലുണ്ടാകുന്ന നിരവധി വെല്ലുവിളികളെ നേരിടാനും ലോകമെമ്പാടുമുള്ള സഹോദര ബിഷപ്പുമാരുമായി സംഭാഷണത്തിലൂടെയും പ്രാർത്ഥനയിലൂടെയും റോമിൽ ഒരുമിച്ച് ദിവസങ്ങൾ ചെലവഴിക്കാനുമുള്ള അവസരം നൽകുക എന്ന ലക്ഷ്യത്തോടെ ബിഷപ്പുമാർക്കായി പഠന സെമിനാറുകൾ നടത്തുന്ന പാരമ്പര്യം മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് സഭയില്‍ ആരംഭിച്ചത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »