News
വാഴ്ത്തപ്പെട്ട കാര്‍ളോയുടെ ഫ്രസ്സാത്തിയുടെയും ബാനറുകള്‍ വത്തിക്കാനില്‍ അനാച്ഛാദനം ചെയ്തു; വിശുദ്ധ പദവി പ്രഖ്യാപനം നാളെ
പ്രവാചകശബ്ദം 06-09-2025 - Saturday
വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തില്‍ ഏറ്റവും ശ്രദ്ധേയമായ വിശുദ്ധ പദവി പ്രഖ്യാപനത്തിന് വത്തിക്കാന്‍ ഒരുങ്ങി. "ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍" എന്ന പേരില്‍ അറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുട്ടിസിന്റെയും സാമൂഹ്യ നീതിക്ക് വേണ്ടി നിരന്തരം പോരാടുന്നതിനിടെ പോളിയോ ബാധിച്ചു അന്തരിച്ച ഇറ്റാലിയൻ യുവാവും ഡൊമിനിക്കന്‍ മൂന്നാം സന്യാസ സമൂഹമായ പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വിശുദ്ധ പദ പ്രഖ്യാപനം നാളെ സെപ്റ്റംബര്‍ 7 ഞായറാഴ്ച നടക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച് മരിച്ചു വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യ വ്യക്തിയെന്ന ഖ്യാതിയോടെയാണ് കാര്‍ളോയുടെ വിശുദ്ധ പദവി പ്രഖ്യാപനം നാളെ നടക്കുക.
വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണമായിരിക്കും വിശുദ്ധപദ പ്രഖ്യാപന തിരുക്കർമ്മവേദി. നാളെ പ്രാദേശികസമയം രാവിലെ പത്തുമണിക്ക് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01.30) ലെയോ പതിനാലാമൻ പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ സമൂഹ ദിവ്യബലി അര്‍പ്പണത്തോടെയാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുക. കർദ്ദിനാളുന്മാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും ലക്ഷകണക്കിന് വിശ്വാസികളും തിരുക്കര്‍മ്മങ്ങളില്‍ സഹകാർമ്മികരായിരിക്കും. സമൂഹ മാധ്യമങ്ങളിലെ തത്സമയ സംപ്രേക്ഷണത്തിലൂടെയും ദശലക്ഷങ്ങള്‍ പങ്കെടുക്കും.
ആധുനിക സാങ്കേതികവിദ്യ ഉപാധിയാക്കി ദിവ്യകാരുണ്യ ഭക്തിയുടെ പ്രചാരകനായി മാറിയ കാര്‍ളോ അക്യുട്ടിസിന്റെയും ടൂറിനിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ചിട്ടും സാമൂഹ്യനീതിക്കായി വലിയ പോരാട്ടം നടത്തിയ പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വിശുദ്ധപദ പ്രഖ്യാപനത്തിനായി ആഗോള സഭയിലെ വിശ്വാസികള്‍ ദീര്‍ഘനാളായി കാത്തിരിക്കുകയായിരിന്നു. വിശുദ്ധ പദ പ്രഖ്യാപനത്തിന് ഒരുക്കമായി കാര്‍ളോ അക്യുട്ടിസിന്റെയും പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വലിയ ബാനറുകള്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുൻവശത്ത് അനാച്ഛാദനം ചെയ്‌തിട്ടുണ്ട്. പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ലെയോ പാപ്പ ആദ്യമായി നടത്തുന്ന വിശുദ്ധപദ പ്രഖ്യാപനമെന്ന സവിശേഷതയും നാളത്തെ ചടങ്ങിനുണ്ട്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
