News

“മിക്ക ആളുകളും ഇവിടെ നിന്ന് വിട്ടുപോകാൻ ആഗ്രഹിക്കുന്നില്ല”: പാപ്പയോട് ഗാസ വികാരിയുടെ തുറന്നുപറച്ചില്‍

പ്രവാചകശബ്ദം 12-09-2025 - Friday

ഗാസ സിറ്റി: കഠിനമായ കഷ്ടപ്പാടുകൾക്കിടയിലും ഗാസയിലെ മിക്ക ആളുകളും വീടുകൾ വിട്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്ന് ലെയോ പാപ്പയോട് ഗാസ ഇടവക വികാരിയുടെ തുറന്നുപറച്ചില്‍. ഗാസയിലെ ഏക കത്തോലിക്ക ഇടവകയുടെ വികാരിയായ ഫാ. ഗബ്രിയേൽ റൊമാനെല്ലിയാണ് പ്രദേശത്തെ സാഹചര്യം മാര്‍പാപ്പയോട് ഫോണില്‍ പങ്കുവെച്ചത്. നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതിനാൽ, വളരെ കുറച്ച് സഹായം മാത്രമേ പ്രദേശത്ത് എത്തുന്നുള്ളൂവെന്നും സ്ഥിതിഗതികൾ വളരെ നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

ഫോൺ കോളിൽ ലെയോ പതിനാലാമൻ മാർപാപ്പ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോഴായിരിന്നു പ്രതികരണം. ഒഴിപ്പിക്കൽ ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും, പ്രായമായവർക്കും വികലാംഗർക്കും സ്ഥലം വിടുന്നത് അപകടകരമാണെന്നും, പലർക്കും, അവിടെ തന്നെ തുടരുക എന്നതാണ് ഏക പോംവഴിയെന്നും വൈദികന്‍ വിശദീകരിച്ചു. ദുരിതമനുഭവിക്കുന്നവർക്കായി മാർപാപ്പ തന്റെ ആശീര്‍വാദവും പ്രാർത്ഥനകളും ഉറപ്പു നല്‍കി. ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം, മരുന്ന്, സഹായം എന്നിവ എത്തിക്കുന്നതിന് സുരക്ഷിതമായ മാനുഷിക ഇടനാഴികൾ ഒരുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

കഴിഞ്ഞ ജൂലൈ 17നു ഇസ്രായേല്‍ നടത്തിയ ആക്രമണത്തിൽ ഹോളി ഫാമിലി ദേവാലയത്തില്‍ അഭയം തേടിയ മൂന്ന് സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുകയും ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ലെയോ പതിനാലാമന്‍ പാപ്പയെ വിളിച്ച് ഖേദം പ്രകടിപ്പിച്ചിരിന്നു. വിവിധ മതവിശ്വാസികളായ എഴുനൂറോളം ആളുകള്‍ക്ക് അഭയം ഒരുക്കിയും ഭക്ഷണവും മറ്റു വസ്തുക്കളും നല്‍കി യുദ്ധമുഖത്ത് സാന്ത്വനം പകര്‍ന്നുകൊണ്ടിരിക്കുന്ന ഇടവകയാണ് ഹോളി ഫാമിലി ദേവാലയം.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »