News - 2025

ടാൻസാനിയയിലുണ്ടായ വാഹനാപകടത്തില്‍ സുപ്പീരിയർ ഉള്‍പ്പെടെ നാല് കന്യാസ്ത്രീകള്‍ മരിച്ചു

പ്രവാചകശബ്ദം 17-09-2025 - Wednesday

ഡോഡോമ: ആഫ്രിക്കന്‍ രാജ്യമായ ടാൻസാനിയയില്‍ കര്‍മ്മലീത്ത സന്യാസ സമൂഹാംഗങ്ങളായ നാല് അംഗങ്ങള്‍ ഉള്‍പ്പെടെ 5 പേര്‍ വാഹനാപകടത്തില്‍ മരിച്ചു. രാജ്യത്തെ മ്വാൻസ അതിരൂപതയിൽ തിങ്കളാഴ്ചയുണ്ടായ ദാരുണമായ വാഹനാപകടത്തിലാണ് മിഷ്ണറി സിസ്റ്റേഴ്‌സ് ഓഫ് സെന്റ് തെരേസ് ഓഫ് ദി ചൈൽഡ് ജീസസ് (എംസിഎസ്ടി) അംഗങ്ങളായ നാലു സന്യാസിനികളും ഡ്രൈവറും മരണപ്പെട്ടത്. സെപ്റ്റംബർ 15ന് കലുലുമ-ബുകുമ്പി പ്രദേശത്തുവെച്ചാണ് അപകടം നടന്നത്. സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറലും സെക്രട്ടറിയും മറ്റ് രണ്ട് സന്യസ്തരും മരണപ്പെട്ടു.

സുപ്പീരിയർ ജനറൽ സിസ്റ്റർ ലിലിയൻ കപോംഗോ, സെക്രട്ടറി സിസ്റ്റർ നെരിനാഥെ, സിസ്റ്റർ ഡമാരിസ് മതേക്ക, സിസ്റ്റർ സ്റ്റെല്ലാമേരിസ് എന്നിവരായിരുന്നു മരണപ്പെട്ടത്. വാരാന്ത്യത്തിൽ തങ്ങളുടെ മൂന്ന് സഹോദരിമാരുടെ നിത്യവ്രത വാഗ്ദാനവുമായി ബന്ധപ്പെട്ട് ടാൻസാനിയയിലെ കഹാമ രൂപതയിലെ ഇവരെല്ലാം യാത്ര ചെയ്തിരുന്നു. ഡാർ എസ് സലാമിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്കുള്ള യാത്രമധ്യേയാണ് അപകടമുണ്ടായത്.

കഹാമ രൂപതാധ്യക്ഷന്‍ ആർച്ച് ബിഷപ്പ് റെനാറ്റസ് ലിയോനാർഡ് എൻക്വാൻഡെ, ദാരുണമായ അപകടത്തിൽ ദുഃഖം പ്രകടിപ്പിച്ചു. രാത്രിയിലാണ് പ്രിയപ്പെട്ടവരുടെ മരണവാർത്ത തങ്ങള്‍ക്ക് ലഭിച്ചത്. ഡാർ എസ് സലാമിലേക്കുള്ള യാത്രയ്ക്കായി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ മ്വാൻസയിൽവെച്ചു ഇവര്‍ സഞ്ചരിച്ചിരിന്ന കാറും എതിരെ വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്ന് ആർച്ച് ബിഷപ്പ് റെനാറ്റസ് പറഞ്ഞു. അപകടത്തിൽ നിന്ന് ഒരു സന്യാസിനി മാത്രമാണ് രക്ഷപ്പെട്ടത്. പ്രിയപ്പെട്ട സന്യസ്തരുടെ ആത്മശാന്തിയ്ക്കു വേണ്ടിയും വേര്‍പാടില്‍ ദുഃഖിക്കുന്നവര്‍ക്ക് സമാശ്വാസം ലഭിക്കുന്നതിനു വേണ്ടിയും ബിഷപ്പ് പ്രാര്‍ത്ഥന യാചിച്ചു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍

More Archives >>

Page 1 of 1125