News
റൊമാനിയൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവന്‍ കർദ്ദിനാൾ ലൂസിയൻ മുറേസൻ ദിവംഗതനായി
പ്രവാചകശബ്ദം 27-09-2025 - Saturday
ബുച്ചാറെസ്റ്റ്: കത്തോലിക്ക സഭയുമായി ഐക്യത്തിലുള്ള പൗരസ്ത്യ സഭകളിലൊന്നായ റൊമാനിയൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവനും ഫാഗറസിലെയും ആൽബ യൂലിയയിലെയും ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ലൂസിയൻ മുറേസൻ ദിവംഗതനായി. 94 വയസ്സായിരിന്നു. കർദ്ദിനാൾ ലൂസിയാന്‍റെ വേര്‍പാടില്‍ ലെയോ പതിനാലാമന്‍ പാപ്പ അനുശോചനം രേഖപ്പെടുത്തി. കമ്മ്യൂണിസ്റ്റു ആധിപത്യത്തിൻ കീഴിൽ വർഷങ്ങൾ നീണ്ട പീഡനങ്ങൾക്ക് സാക്ഷിയായ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത് രഹസ്യമായിട്ടായിരുന്നു. പരീക്ഷണ വേളയിൽപ്പോലും അചഞ്ചലമായ വിശ്വാസവുമായി നിലകൊണ്ട കർദ്ദിനാൾ സഭയുടെ വിശ്വസ്ത ദാസനായിരിന്നുവെന്ന് പാപ്പ അനുശോചന സന്ദേശത്തിൽ സ്മരിച്ചു.
1931 മെയ് 23ന് യൂറോപ്യന്‍ രാജ്യമായ റൊമാനിയയിലെ ഫിരിസ ഗ്രാമത്തില്‍ പീറ്ററിന്റെയും മരിയ (ബ്രെബാൻ) മുരേസന്റെയും പന്ത്രണ്ട് മക്കളിൽ പത്താമത്തെ ആളായാണ് ലൂസിയന്റെ ജനനം. 1938 മുതൽ 1944 വരെ ഫിരിസയിലെ പ്രൈമറി സ്കൂളിലും, 1944 മുതൽ 1948 വരെ ബയ മാരെയിലെ ഗിയോർഗെ സിങ്കായ് ഹൈസ്കൂളിലെ സെക്കൻഡറി സ്കൂളിലും അദ്ദേഹം പഠനം നടത്തി.1955-ൽ, ഒരു ലാറ്റിന്‍ ബിഷപ്പ് ലൂസിയനെയും മറ്റ് നാല് ഗ്രീക്ക് കത്തോലിക്ക യുവാക്കളെയും ആൽബ യൂലിയയിലെ ലാറ്റിൻ സെമിനാരിയിൽ പ്രവേശിക്കാൻ അനുവദിച്ചു. എന്നാൽ നാലാം വർഷ പഠനത്തിനിടെ സർക്കാർ ബിഷപ്പിനെ പുറത്താക്കുകയും വിദ്യാര്‍ത്ഥികളെ പോലീസ് നിരീക്ഷണത്തിലാക്കുകയും ചെയ്തു.
പിന്നീട് രഹസ്യമായി അദ്ദേഹം ദൈവശാസ്ത്ര പഠനം നടത്തി. പകല്‍ റോഡ്, പാലം അറ്റകുറ്റപ്പണികളിൽ ജോലി ചെയ്തു. രഹസ്യമായ പഠനം തുടരുകയും ചെയ്തു. 1964 ഡിസംബറിൽ, റൊമാനിയയിലെ ക്ലൂജിലുള്ള ഒരു കെട്ടിടത്തിന്റെ ബേസ്മെന്റിൽവെച്ച് രഹസ്യമായി തിരുപ്പട്ടം സ്വീകരിച്ചു. പതിറ്റാണ്ടുകളോളം അദ്ദേഹം തന്റെ ശുശ്രൂഷ രഹസ്യമായി നിർവഹിച്ചു. 1989-ൽ കമ്മ്യൂണിസം തകർന്നതോടെ റൊമാനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയ്ക്കു പുത്തന്‍ ഉണര്‍വായി. 1994-ൽ അദ്ദേഹം ഫാഗറസിലെയും ആൽബ യൂലിയയുടെയും ആർച്ച് ബിഷപ്പായി നിയമിക്കപ്പെട്ടു.
പില്‍ക്കാലത്ത് പീഡിപ്പിക്കപ്പെട്ടിരുന്ന റൊമാനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ പുനർജീവനും ഉണര്‍വും അംഗീകരിച്ചുകൊണ്ട്, 2005-ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ, ലൂസിയൻ മുറേസനെ മേജർ ആർച്ച് ബിഷപ്പിന്റെ പദവിയിലേക്ക് ഉയർത്തി. ഇതിനിടെ വത്തിക്കാനിലെ പൗരസ്ത്യ സഭയുടെ കാര്യാലയത്തിലും പ്രവര്‍ത്തിച്ചു. 2012 ഫെബ്രുവരി 18ന്, ബെനഡിക്ട് മാർപാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. റൊമാനിയൻ ഗ്രീക്ക് കത്തോലിക്ക സഭയില്‍ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന മൂന്നാമത്തെ വ്യക്തിയായിരിന്നു കർദ്ദിനാൾ ലൂസിയൻ മുറേസൻ. റൊമാനിയ, അമേരിക്ക, കാനഡ തുടങ്ങീയ രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന റൊമാനിയൻ ഗ്രീക്ക് കത്തോലിക്ക സഭയില്‍ അഞ്ചുലക്ഷത്തോളം വിശ്വാസികളാണുള്ളത്. കർദ്ദിനാൾ ലൂസിയൻ മുറേസൻറെ നിര്യാണത്തോടെ കർദ്ദിനാൾ സംഘത്തിലെ അംഗസംഖ്യ 247 ആയി കുറഞ്ഞു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
