News - 2026
ജെമിമയുടെ ക്രൈസ്തവ സാക്ഷ്യത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് കസ്‌തൂരി ശങ്കർ
പ്രവാചകശബ്ദം 01-11-2025 - Saturday
ചെന്നൈ: വനിതാ ഏകദിന ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച ജെമിമ റോഡ്രിഗ്‌സിനെതിരെ വിമർശനവുമായി തമിഴ്‌നാട്ടിലെ ബിജെപി നേതാവ് കസ്‌തൂരി ശങ്കർ. മത്സര വിജയത്തിന് ശേഷം സംസാരിക്കുമ്പോൾ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞതിൽ ആദ്യമേ യേശുവിന് നന്ദി പറയുന്നുവെന്നായിരിന്നു ജെമിമയുടെ പ്രതികരണം. ഇതിനെ അപലപിച്ചാണ് കസ്‌തൂരി ശങ്കർ രംഗത്ത് വന്നത്. ശ്രീരാമൻ്റെ പേരിലോ ശിവൻ്റെ അനുഗ്രഹത്താലോ ഹനുമാൻ ജിയുടെ പേരിലോ ആരെങ്കിലും നന്ദി പറഞ്ഞാൽ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് ചിന്തിക്കാതിരിക്കാൻ സാധിക്കുന്നില്ലായെന്ന് കസ്‌തൂരി എക്‌സിൽ കുറിച്ചു.
നേരത്തെ, മുംബൈയിലെ ജിംഖാന ക്ലബ്ബിൻ്റെ പരിസരം മതപരിവർത്തന പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചു എന്ന ആരോപണത്തെത്തുടർന്ന് ജമിമയുടെ കുടുംബത്തിന്റെ അംഗത്വം ക്ലബ് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ താരത്തിനും കുടുംബത്തിനും നേരെ സംഘപരിവര്‍ അനുയായികളില്‍ നിന്നു കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായത്. ചരിത്രം കുറിച്ച വിജയത്തിലൂടെ ഇന്ത്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച ജെമിമയ്ക്കെതിരെ സംഘപരിവാറിനുള്ളില്‍ അടിഞ്ഞിരിക്കുന്ന വിദ്വേഷത്തിന്റെ പ്രത്യക്ഷ ഉദാഹരണമായാണ് കസ്‌തൂരി ശങ്കറുടെ പ്രതികരണത്തെ എല്ലാവരും വിലയിരുത്തുന്നത്.

















