India - 2025
ഇന്ത്യയിലെ ക്രൈസ്‌തവർ യൂറോപ്പിലേക്കു പോകണമോ?: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
പ്രവാചകശബ്ദം 10-08-2025 - Sunday
താമരശേരി: പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നു പറഞ്ഞ് കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്ന് ഹിന്ദുക്കൾക്ക് ഇവിടെ പൗരത്വം നൽകിയതുപോലെ ഇന്ത്യയിലെ ക്രൈസ്‌തവർ യൂറോപ്പിലേക്കു പോകണമോയെന്ന് താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. രാജ്യത്ത് ക്രൈസ്‌തവർക്കു നേരേ നടക്കുന്ന അതിക്രമങ്ങൾ സംബന്ധിച്ച് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതംമാറ്റം എന്ന പേരിൽ നിയമം കൊണ്ടുവന്ന് ക്രൈസ്‌തവ ലോകത്തെ തകർക്കാൻ ശ്രമം നടക്കുകയാണെന്നും ഭാരതത്തിലെ ക്രൈസ്തവർ ആകുലതയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഒഡീഷയിലെ ജലേശ്വറിൽ മലയാളി കന്യാസ്ത്രീകൾക്കുനേരേ നടന്ന ആക്രമണത്തെ അപലപിച്ച അദ്ദേഹം ക്രൈസ്‌തവർക്കുനേരെയുള്ള ആക്രമണങ്ങൾ രാജ്യത്തു വർധിച്ചുവരികയാണെന്ന് ചൂണ്ടിക്കാട്ടി. രാജ്യത്ത് നക്സലേറ്റുകളുടെ ആക്രമണത്തിനെതിരേ എന്തു നടപടിയാണോ ആഭ്യന്തരമന്ത്രി അമിത്ഷാ സ്വീകരിച്ചത്, അതേ നടപടി ക്രൈസ്‌തവരെ ആക്രമിക്കുന്നവർക്കെതിരേയും ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നൂറിരട്ടി വർധനയാണ് മതപീഡനത്തിൽ ഉണ്ടായത്.
ഛത്തീസ്‌ഗഡിൽ ക്രൈസ്‌തവർക്ക് സംരക്ഷണം നൽകാമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെന്നും അതിൻ്റെ തെളിവാണ് കന്യാസ്ത്രീകൾക്കു ജാമ്യം ലഭിച്ചതെന്നും ബിഷപ്പ് പറഞ്ഞു. സംസ്ഥാനത്തെ മലയോര കർഷകരോടു സർക്കാർ വഞ്ചനയാണ് കാട്ടുന്നത്. വന്യമൃഗശല്യത്തിനെതിരേ സൗരവേലി കെട്ടിത്തരാമെന്ന് സർക്കാർ വാഗ്ദാനം ചെയ്‌തു. ഇപ്പോൾ വേലിയുമില്ല, വാഗ്‌ദാനവുമില്ല. വീണ്ടും ആനിയിറങ്ങി കൃഷി നശിപ്പിച്ചു. കടുവയിറങ്ങി ജീവനു ഭീഷണി ഉയർത്തുന്നു. സർക്കാർ കർഷകർക്കു സംരക്ഷ ണം നൽകണം. ദയനീയമായ സാഹചര്യമാണ് കർഷകർക്ക് ഇന്നുള്ളത്. മൃഗങ്ങൾക്കു കൊടുക്കുന്ന നീതി മനുഷ്യർക്കും കിട്ടണമെന്ന് അദ്ദേഹം പറഞ്ഞു.
