News - 2024

ന്യൂയോര്‍ക്ക് കർദ്ദിനാൾ തിമോത്തി ഡോളൻ വിശുദ്ധ നാട്ടിലേക്ക്

പ്രവാചകശബ്ദം 06-04-2024 - Saturday

ന്യൂയോര്‍ക്ക്: അറുതിയില്ലാതെ വിശുദ്ധ നാട്ടില്‍ യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ ഇസ്രായേലിലേക്കും പലസ്തീനിലേക്കും സന്ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക് കർദ്ദിനാൾ തിമോത്തി ഡോളൻ. കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ്റെ (സിഎൻഇഎഎ) ചെയർമാനെന്ന നിലയിൽ ഏപ്രിൽ 12 മുതൽ 18 വരെയാണ് അദ്ദേഹം ഇടയ സന്ദർശനം നടത്തുകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മിഡിൽ ഈസ്റ്റ്, വടക്കുകിഴക്കൻ ആഫ്രിക്ക, ഇന്ത്യ, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ കത്തോലിക്കാ സഭയെ സഹായിക്കുവാന്‍ 1926-ൽ പയസ് പതിനൊന്നാമൻ പാപ്പ സ്ഥാപിച്ച സംഘടനയാണ് കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷന്‍.

തൻ്റെ യാത്രയ്ക്കിടെ കർദ്ദിനാൾ ഡോളൻ, ഇസ്രായേലി പലസ്തീൻ പ്രതിനിധികളുമായും പ്രാദേശിക ക്രിസ്ത്യന്‍, യഹൂദ, ഇസ്ലാമിക മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും വിവിധ സാമൂഹിക സേവനങ്ങളും മാനുഷിക പ്രവർത്തനങ്ങളും വിലയിരുത്തുമെന്നും സഭാവൃത്തങ്ങള്‍ വ്യക്തമാക്കി. സന്ദര്‍ശനത്തില്‍ പാലസ്തീനിലേക്കുള്ള പൊന്തിഫിക്കൽ മിഷൻ്റെ പ്രസിഡൻ്റായി സേവനമനുഷ്ഠിക്കുന്ന മോണ്‍. പീറ്റർ വക്കാരി കർദ്ദിനാൾ ഡോളനെ അനുഗമിക്കും.

സിഎൻഇഎഎയുടെ ഭരണത്തിനു കീഴിൽ 1949-ൽ സ്ഥാപിക്കപ്പെട്ട പലസ്തീനിനായുള്ള പൊന്തിഫിക്കൽ മിഷൻ സ്ഥാപിതമായതിൻ്റെ 75-ാം വര്‍ഷത്തിലാണ് സന്ദർശനമെന്നത് ശ്രദ്ധേയമാണ്. വംശീയമോ മതപരമോ ആയ വ്യത്യാസമില്ലാതെ എല്ലാവർക്കും അടിയന്തര സഹായം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസ പിന്തുണ, പോസ്റ്റ് ട്രോമാറ്റിക് കൗൺസിലിംഗ് ഉള്‍പ്പെടെയുള്ള സഹായം സംഘടന ലഭ്യമാക്കുന്നുണ്ട്. അതേസമയം ഗാസയുടെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 33,000 പാലസ്തീനികളാണ്

ഇതിനോടകം യുദ്ധത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.


Related Articles »