News - 2024

ആത്മഹത്യക്കു ശ്രമിക്കുകയോ, ഗര്‍ഭഛിദ്രത്തിന് കൂട്ടുനില്‍ക്കുകയോ ചെയ്തവര്‍ക്ക് വൈദികരാകുവാന്‍ തടസ്സങ്ങളുണ്ടെന്ന് വത്തിക്കാന്‍

സ്വന്തം ലേഖകന്‍ 19-09-2016 - Monday

വത്തിക്കാന്‍: ആത്മഹത്യക്കു ശ്രമിക്കുകയോ, ഗര്‍ഭഛിദ്രത്തിനു കൂട്ടുനില്‍ക്കുകയോ ചെയ്ത വ്യക്തികള്‍ക്ക് കത്തോലിക്ക സഭയില്‍ പുരോഹിതരാകുന്നതിന് തടസമുണ്ടെന്ന് വത്തിക്കാന്‍. കാനോന്‍ നിയമം ഇത് വ്യക്തമാക്കുന്നുണ്ടന്നു വത്തിക്കാന്‍ പുറപ്പെടുവിച്ച പ്രത്യേക ഉത്തരവില്‍ പറയുന്നു. ഇതു സംബന്ധിക്കുന്ന കാനോന്‍ നിയമം ഫ്രാന്‍സിസ് മാര്‍പാപ്പ 'പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ലെജിസ്ലേറ്റീവ് ടെക്‌സ്റ്റിന്' വിശദീകരിച്ചു നൽകി. കത്തോലിക്ക സഭയുടെ വിശ്വാസിയല്ലാത്ത ഒരു വ്യക്തിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്ത ശേഷം സഭയിലേക്ക് ചേര്‍ന്ന് പുരോഹിതനാകുവാന്‍ ശ്രമിക്കുമ്പോഴും ഈ തടസം നിലനില്‍ക്കുമെന്നും പാപ്പ തന്റെ വിശദീകരണത്തില്‍ പറയുന്നു.

വൈദികരാകുവാന്‍ തടസമാകുന്ന കാര്യങ്ങളെ സംബന്ധിച്ച് കാനോന്‍ (Code of Canon Law) 1041-ല്‍ വ്യക്തമായി പറയുന്നു. ആത്മഹത്യയ്ക്കു ശ്രമിക്കുകയോ, ഗര്‍ഭഛിദ്രത്തിനു വിധേയമാകുകയോ ചെയ്യുന്നവര്‍ക്ക് തിരുപട്ടം സ്വീകരിക്കുവാനും വൈദീകരാകുവാനും തടസ്സങ്ങളുണ്ടെന്ന് കാനോന്‍ നിയമം വ്യക്തമാക്കുന്നു. സ്വയമോ, അല്ലെങ്കില്‍ മറ്റോരാളിനെയോ മാരകമായി മുറിവേല്‍പ്പിക്കുകയോ, അവയവങ്ങള്‍ നഷ്ടപ്പെടുത്തുന്ന തരത്തില്‍ ആക്രമിക്കുകയോ ചെയ്തവര്‍ക്കും തിരുപട്ടം സ്വീകരിക്കുന്നതിൽ വിലക്കുകളുണ്ട്.

സമീപകാലത്ത് ആംഗ്ലിക്കന്‍ സഭയില്‍ നിന്നും ആളുകള്‍ കത്തോലിക്ക സഭയിലേക്ക് ചേരുകയും, അവരില്‍ ചിലര്‍ വൈദികരാകുവാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ അകത്തോലിക്കനായിരിക്കുന്ന സമയത്ത് ചെയ്യുന്ന ഇത്തരം പാപങ്ങളും വൈദികനാകുന്നതിന് തടസമായി നിലനില്‍ക്കുമെന്ന് കാനോന്‍ നിയമം വിശദീകരിച്ചുകൊണ്ട് മാര്‍പാപ്പ വ്യക്തമാക്കി.

പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ലെജിസ്ലേറ്റീവ് ടെക്‌സ്റ്റിന്റെ സെക്രട്ടറിയായ ബിഷപ്പ് ജുവാന്‍ ഇഗ്നാസിയോ അരീറ്റയാണ് ഇതു സംബന്ധിക്കുന്ന മാര്‍പാപ്പയുടെ വിശദീകരണം വത്തിക്കാന്‍ ദിനപത്രമായ 'ലോസര്‍വേറ്റൊറി റോമാനോ'യില്‍ എഴുതിയിരിക്കുന്നത്. "കത്തോലിക്കരെന്നോ, അകത്തോലിക്കരെന്നോ വ്യത്യാസമില്ലാതെ നിലനില്‍ക്കുന്ന ഒരു പാപമാണ് ജീവനെ നശിപ്പിക്കുക എന്നത്. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടവര്‍ക്ക് തിരുപട്ടം സ്വീകരിക്കുവാന്‍ കഴിയുകയില്ല. ഹൃദയംനുറുങ്ങിയ ആഴമായ പശ്ചാത്താപത്തിലൂടെയും കുമ്പസ്സാരമെന്ന കൂദാശയിലൂടെയും ഇവര്‍ക്ക് പാപമോചനം ലഭിക്കും. എങ്കിലും 'അപകട സൂചനകൾ' നിലനിൽക്കുന്നതിനാൽ, സാഹചര്യങ്ങൾ പരിഗണിച്ച ശേഷം സഭയുടെ പ്രത്യേക അനുമതിയോടെ മാത്രമേ ഇത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് തിരുപട്ടം നൽകുവാൻ സാധിക്കുകയുള്ളു". ബിഷപ്പ് ജുവാന്‍ ഇഗ്നാസിയോ പറയുന്നു.

വൈദിക സമൂഹത്തിന്റെ നിര്‍മ്മലതയ്ക്ക് കളങ്കമാകുന്ന പ്രവര്‍ത്തികള്‍ ചെയ്തവരെ വൈദികരാകുവാന്‍ അനുവദിക്കാത്തതിലൂടെ വൈദികരുടെ ശുശ്രൂഷയെ മാനിക്കുന്ന നടപടിയാണ് സഭ ചെയ്യുന്നത്. അജപാലന ദൗത്യത്തിലൂടെ സഭയെ നയിക്കുന്നവര്‍ മാരകമായ എല്ലാ പാപങ്ങളില്‍ നിന്നും ഒഴിഞ്ഞവരായിരിക്കണമെന്നും സഭ നിഷ്‌കര്‍ഷിക്കുന്നു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »