News

കോംഗോയിലെ ദേവാലയത്തില്‍ 70 ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ കഴുത്തറത്ത് കൊലപ്പെടുത്തി

പ്രവാചകശബ്ദം 21-02-2025 - Friday

ബ്രാസാവില്ല: ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ക്രൈസ്തവ ആരാധനാലയത്തില്‍ എഴുപത് ക്രിസ്ത്യാനികളെ ശിരഛേദം ചെയ്ത നിലയിൽ കണ്ടെത്തി. രാജ്യത്തിൻ്റെ വടക്ക് കിഴക്കൻ ഭാഗത്ത് ക്രൈസ്തവ വിശ്വാസികൾക്ക് നേരെ നടന്ന ഏറ്റവും പുതിയ ആക്രമണമാണിതെന്ന് വിവിധ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി 13 വ്യാഴാഴ്ച പുലർച്ചെ 4 മണിയോടെ, ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള സഖ്യകക്ഷികളായ ഡെമോക്രാറ്റിക് ഫോഴ്‌സിലെ (എഡിഎഫ്) തീവ്രവാദികളാണ് ആക്രമണം നടത്തിയത്.

എഡിഎഫ് തീവ്രവാദികൾ ഗ്രാമം വളഞ്ഞു 50 ക്രൈസ്തവ വിശ്വാസികളെ കൂടി പിടികൂടി. പിന്നീട് ഇരുപതു പേരെ കൂടി ബന്ദികളാക്കി 70 പേരെയും കസങ്കയിലെ പ്രൊട്ടസ്റ്റൻ്റ് ആരാധനാലയത്തില്‍ കൊണ്ടുപോയി ദാരുണമായി കഴുത്ത് അറത്ത് കൊലപ്പെടുത്തുകയായിരിന്നുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവ നരഹത്യ അരങ്ങേറി ദിവസങ്ങള്‍ക്ക് ശേഷമാണ് പുറംലോകം വാര്‍ത്ത അറിയുന്നത്. സുരക്ഷ സാഹചര്യം താറുമാറായ പശ്ചാത്തലം കണക്കിലെടുത്ത് സംഭവത്തിന് മുന്‍പ്, പള്ളികളും സ്കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും അടച്ചിരുന്നുവെന്ന് കോംബോ പ്രൈമറി സ്കൂൾ ഡയറക്ടർ മുഹിന്ദോ മുസുൻസി വെളിപ്പെടുത്തി.

രാജ്യത്തിൻ്റെ വടക്ക് കിഴക്കൻ മേഖലയിൽ എഡിഎഫ് തീവ്രവാദികൾ ഉയർത്തുന്ന ഭീഷണിയുടെ തുടർച്ചയാണ് ഏറ്റവും പുതിയ ഈ ദാരുണ സംഭവം. 2014-ൽ, നോർത്ത് കിവു പ്രവിശ്യയിലെ ബെനി പ്രദേശത്ത് സംഘം ആക്രമണം ശക്തമാക്കിയിരിന്നു. അതിനുശേഷം ആക്രമണങ്ങൾ ഇറ്റുരി പ്രവിശ്യയിലെ ഇരുമു, മംബസ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. കഴിഞ്ഞ മാസത്തിൽ മാത്രം, ബസ്വാഘ മേഖലയില്‍ ഇരുനൂറിലധികം പേരെ സംഘം കൊന്നു. കഴിഞ്ഞ വർഷം, കോംഗോയില്‍ 355 ക്രൈസ്തവരാണ് വിശ്വാസത്തിൻ്റെ പേരിൽ കൊല്ലപ്പെട്ടത്. മുൻ വർഷം 261 ആയിരുന്നു.

അതേസമയം 10,000 സാധാരണക്കാര്‍ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടു. ക്രൈസ്തവര്‍ തിങ്ങി പാര്‍ത്തിരിന്ന നിരവധി ക്രിസ്ത്യൻ ഗ്രാമങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ടു. റുവാണ്ടയുടെ പിന്തുണയുള്ള M23 വിമത ഗ്രൂപ്പാണ് സമീപകാല ആക്രമണങ്ങളില്‍ ക്രൈസ്തവര്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കോംഗോയില്‍ ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള അക്രമികള്‍ കത്തോലിക്ക വിശ്വാസികളെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് ഫ്രാന്‍സിസ് പാപ്പ രംഗത്ത് വന്നിരിന്നു.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »