News - 2024

യുദ്ധവും വിഭാഗീയതയും സാത്താന്റെ പ്രവര്‍ത്തിയാണെന്ന് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 21-09-2016 - Wednesday

അസീസി: സമാധാനമില്ലാതെയാക്കി അക്രമങ്ങളും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നത് പിശാചിന്റെ പ്രവര്‍ത്തിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റാലിയന്‍ പട്ടണമായ അസീസിയില്‍ സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തുന്നതിന് മുമ്പ് നടത്തിയ വിശുദ്ധ കുര്‍ബാന മധ്യേയുള്ള പ്രസംഗത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം.

"പിശാചിന്റെ ഏക ലക്ഷ്യം എല്ലാ മനുഷ്യരെയും നശിപ്പിക്കുക എന്നതാണ്. ഇതിനായിട്ടാണ് അവന്‍ നമ്മില്‍ കടന്ന് വിഭാഗീയ ചിന്തകള്‍ സൃഷ്ടിക്കുന്നത്. മനുഷ്യരായ നാം സഹജീവികളോട് ചെയ്യുന്ന ദുഷ്ടത നിറഞ്ഞ പ്രവര്‍ത്തിയില്‍ നിന്നും പിന്‍തിരിയണം. ഇന്ന്‍ ആയിരക്കണക്കിനു നിരപരാധികളുടെ മേല്‍ ബോംബ് വര്‍ഷിക്കപ്പെടുന്നു. കുട്ടികളും സ്ത്രീകളും വൃദ്ധരുമെല്ലാം തന്നെ പ്രായഭേദമില്ലാതെ ബോംബാക്രമണത്തില്‍ കൊല്ലപ്പെടുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അവരുടെ തലയ്ക്കു മീതെ ബോംബുകള്‍ വര്‍ഷിക്കപ്പെടുന്നു".

"എന്നാല്‍, ഇതിനെതിരെ നാം ഒന്നും തന്നെ ചെയ്യുന്നില്ല. അവരെ സഹായിക്കുവാന്‍ നാം അല്ലാതെ വെറേ ആരുമില്ലെന്ന കാര്യം നാം വിസ്മരിക്കുന്നു. മതങ്ങളെ ബഹുമാനിക്കുകയും ആദരിക്കുകയും അതിന്റെ പ്രമാണങ്ങളില്‍ ജീവിക്കുകയും ചെയ്യുന്ന പുരുഷന്‍മാരും സ്ത്രീകളും അസീസിയില്‍ കൂടിയിരിക്കുന്നത് വെറുമൊരു പ്രദര്‍ശനത്തില്‍ പങ്കെടുക്കുവാനല്ല. സമാധാനത്തിനു വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുവാനാണ്. ദൈവം സമാധാനത്തിന്റെ ദൈവമാണ്". മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

സുഭാഷിതങ്ങളില്‍ നിന്നും ഒന്നാം വായനയായി വായിച്ച ഭാഗം പിതാവ് തന്റെ പ്രസംഗത്തില്‍ പ്രത്യേകം എടുത്ത് പറഞ്ഞു. പാവപ്പെട്ടവരുടെ കരച്ചിലിനു നേരെ ചെവികള്‍ അടയ്ക്കുന്ന മനുഷ്യര്‍ സ്വന്തം പ്രശ്‌നങ്ങള്‍ മൂലം കരയുമ്പോള്‍, ആ കരച്ചില്‍ ദൈവം കേള്‍ക്കില്ലെന്ന് ബൈബിള്‍ നമ്മേ വ്യക്തമായി ബോധ്യപ്പെടുത്തുന്നുണ്ടെന്നു പിതാവ് ചൂണ്ടി കാണിച്ചു.

"ഇന്ന് ലോകത്ത് യുദ്ധം മൂലം ദുരിതമനുഭവിക്കുന്നവരുടെ കരച്ചിലിനു നേരെ നാം നമ്മുടെ ചെവികള്‍ അടയ്ക്കുകയും അവരുടെ നേരെ നോക്കാതെ നമ്മുടെ കണ്ണുകളെ പിന്‍വലിക്കുകയും ചെയ്യുമ്പോള്‍ നാം ഈ വചനം ഓര്‍ക്കണം. മനുഷ്യ സമൂഹം സഹോദരങ്ങളെ മുറിവേല്‍പ്പിക്കുന്നുവെന്ന കാര്യത്തെ കുറിച്ച് അപമാനത്തോടെ മാത്രമേ ഓര്‍ക്കുവാന്‍ സാധിക്കുകയുള്ളൂ. കണ്ണുനീരോടെ നമുക്ക് സമാധാനത്തിനു വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കാം". പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

ലോകത്തിലെ വിവിധ മതങ്ങളില്‍ നിന്നും വ്യത്യസ്ത ക്രൈസ്തവ സഭകളില്‍ നിന്നുമുള്ള 450 മതനേതാക്കളാണ് അസീസിയില്‍ ലോക സമാധാനത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ ഒത്തു കൂടിയത്. വിവിധ മത വക്താക്കളോട് ചര്‍ച്ചകള്‍ നടത്തുന്നതിനുള്ള 'ഇന്റര്‍ റീലീജിയന്‍സ് മീറ്റിംഗിന്റെ' 30-ാം വാര്‍ഷിക സമ്മേളനത്തിനാണ് അസീസി വേദിയായത്. 1986-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഇത്തരം ഒരു സമ്മേളനത്തിന് തുടക്കം കുറിച്ചത്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »