News - 2024
ക്രൈസ്തവരുടെ രക്തം വീണു കുതിര്‍ന്ന ഇറാഖില്‍ നിന്നും തിരുസഭയ്ക്കു രണ്ടു വൈദികര്‍ കൂടി; ഡീക്കന്‍മാര്‍ തിരുപട്ടം സ്വീകരിച്ചു
സ്വന്തം ലേഖകന്‍ 21-09-2016 - Wednesday
അങ്കാവ: ക്രൈസ്തവരുടെ രക്തം വീണു കുതിര്‍ന്ന ഇറാഖിന്റെ മണ്ണില്‍ നിന്നും രണ്ടു ഡീക്കന്‍മാര്‍ കൂടി തിരുപട്ടം സ്വീകരിച്ച് അഭിഷിക്തരായി. ഇറാഖിലെ കല്‍ദായന്‍ കത്തോലിക്ക സഭയില്‍ നിന്ന്‍ ജോവാക്കിം സ്ലീവാ, മാര്‍ട്ടിന്‍ ബാനി എന്നിവരാണ് തിരുപ്പട്ടം സ്വീകരിച്ചത്. രാജ്യത്തെ ക്രൈസ്തവരുടെ പ്രതിസന്ധിയുടെ മധ്യത്തിലും പ്രത്യാശയുടെ വലിയ സന്തോഷമായി മാറിയിരിക്കുകയാണ് നവ വൈദികരുടെ തിരുപട്ട സ്വീകരണം.
ഇറാഖി കുര്‍ദിസ്ഥാന്റെ തലസ്ഥാനമായ ഇര്‍ബിലിനു സമീപമുള്ള അങ്കാവയിലെ നിത്യസഹായ മാതാവിന്റെ ദേവാലയത്തില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുക്കുവാനായി രണ്ടു വൈദികരുടെയും ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരിന്നു. രാജ്യത്തെ പ്രതിസന്ധികള്‍ മൂലം നേരത്തെ പലായനം ചെയ്ത ജോവാക്കിമും മാര്‍ട്ടിനും തങ്ങളുടെ സ്വന്തം രാജ്യത്തിലേക്ക് മടങ്ങി വന്ന ശേഷം സഭയുടെ ശുശ്രൂഷകളിലേക്ക് പ്രവേശിക്കുകയായിരിന്നു.
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജര്‍മ്മനിയിലെത്തിയ ജോവാക്കിം സ്ലീവാ അവിടുത്തെ കല്‍ദായന്‍ വിശ്വാസ സമൂഹത്തിന്റെ ഇടയില്‍ ദീര്‍ഘനാള്‍ ഡീക്കനായി സേവനം ചെയ്ത അനുഭവ സമ്പത്തുമായിട്ടാണ് അജപാലന ദൗത്യത്തിലേക്ക് കടക്കുന്നത്. കല്‍ദായന്‍ സഭയുടെ തലവനായ മാര്‍ സാക്കോ പാത്രീയാര്‍ക്കീസും അങ്കാവ ആര്‍ച്ച് ബിഷപ്പ് ബാഷ്ഹാര്‍ വാര്‍ദയുമാണ് തിരുപട്ട ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചത്. ഇറാഖിലെ നിനവ താഴ്‌വരയും, മൊസൂളും ഉടന്‍ തന്നെ ഐഎസ് തീവ്രവാദികളുടെ പക്കല്‍ നിന്നും മോചിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാത്രീയാര്‍ക്കീസ് സാക്കോ പറഞ്ഞു.
ക്രിസ്തു സംസാരിച്ചിരുന്ന അറമായ ഭാഷയിലാണ് ശുശ്രൂഷകള്‍ പൂര്‍ണ്ണമായും നടന്നത്. ഇറാഖിലെ വിവിധ സഭകളില്‍ നിന്നുള്ള ബിഷപ്പുമാരും വൈദികരും ചടങ്ങിന് സാക്ഷികളാകുവാന്‍ എത്തിയിരുന്നു. 600-ല്‍ അധികം വിശ്വാസികളും 20 ഡീക്കന്‍മാരും സന്നിഹിതരായിരുന്ന ചടങ്ങില്‍ പ്രത്യേക ഗായകസംഘമാണ് ആരാധനയ്ക്കിടയിലുള്ള ഗാനങ്ങള്‍ ആലപിച്ചത്.
ഭീകരവാദികളുടെ ആക്രമണത്തില്‍ തകര്‍ന്ന ക്രൈസ്തവ സമൂഹത്തിന് പുതിയ പ്രതീക്ഷകളേകിയാണ് നവവൈദികര്‍ അഭിഷിക്തരായിരിക്കുന്നത്. കുറച്ചു ദിവസങ്ങള്‍ പാത്രീയാര്‍ക്കീസിന്റെ കൂടെ സേവനം ചെയ്ത ശേഷം ഇറാഖിലെ വിവിധ സ്ഥലങ്ങളിലേക്ക് നവവൈദികര്‍ സേവനത്തിനായി കടന്നു ചെല്ലും.
യുകെയില്‍ നിന്നുള്ള വിശ്വാസികളും തിരുപട്ട ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. ഇവിടെ നിന്നുള്ള വിശ്വാസികളുടെ സാമ്പത്തിക സഹായം, ഇറാഖിലെ ക്രൈസ്തവ സമൂഹത്തിന് വലിയ ആശ്വാസമാണ് പകരുന്നത്. പുതിയ വൈദികര്‍ ദേവാലയത്തിന് പുറത്തേക്ക് വന്നപ്പോള്‍ പരസ്പരം മധുരം നല്കിയാണ് വിശ്വാസികള്‍ സന്തോഷം പങ്കിട്ടത്. ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയ എല്ലാവര്‍ക്കും വേണ്ടി സ്‌നേഹ വിരുന്നും ഒരുക്കിയിരുന്നു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക