News
സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 10:1-31 | ഭാഗം 22
ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ 25-04-2026 - Saturday
വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം പത്താം അധ്യായത്തിലെ വിവാഹമോചനത്തെ സംബന്ധിച്ച പ്രബോധനം, ശിശുക്കളെ സ്വീകരിക്കുന്നു, ധനികനായ യുവാവ് എന്നീ സുവിശേഷ ഭാഗങ്ങളെ കുറിച്ചു ഒരിജന്‍, തെര്‍ത്തുല്യന്‍, സാറൂഗിലെ യാക്കോബ്, അലക്‌സാണ്ഡ്രിയായിലെ വിശുദ്ധ ക്ലെമന്റ്, അത്തനാഗോറസ്, വിശുദ്ധ ബേസില്‍, വിശുദ്ധ ആഗസ്തീനോസ്, വിശുദ്ധ സിപ്രിയാന്‍, പോയിറ്റേഴ്‌സിലെ ഹിലരി, വിശുദ്ധ അപ്രേം, വിശുദ്ധ ജറോം, ഒരിജന്‍, നസിയാന്‍സിലെ ഗ്രിഗറി, വിശുദ്ധ ബീഡ്, വിശുദ്ധ ജറോം, ആള്‍സിലെ ചെസാരിയൂസ്, പുരോഹിതനായ സാല്‍വിയന്‍, വിശുദ്ധ ജോണ്‍ കാസിയന്‍ എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷ ഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.
♦️ വചനഭാഗം: വിവാഹമോചനത്തെക്കുറിച്ച്; വിശുദ്ധ മര്‍ക്കോസ് 10:1-12 (മത്താ 19,1-12)
1 അവന്‍ അവിടംവിട്ട് യൂദയായിലേക്കും ജോര്‍ദാനു മറുകരയിലേക്കും പോയി. വീണ്ടും ജനങ്ങള്‍ അവന്റെയടുക്കല്‍ ഒരുമിച്ചുകൂടി. പതിവുപോലെ അവന്‍ അവരെ പഠിപ്പിച്ചു. 2 ഫരിസേയര്‍ വന്ന് അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു: ഭാര്യയെ ഉപേക്ഷിക്കുന്നതു നിയമാനുസൃതമാണോ? 3 അവന്‍ മറുപടി പറഞ്ഞു: മോശ എന്താണു നിങ്ങളോടു കല്‍പിച്ചത്? 4 അവര്‍ പറഞ്ഞു: ഉപേക്ഷാപത്രം കൊടുത്ത് അവളെ ഉപേക്ഷിക്കാന്‍ മോശ അനുവദിച്ചിട്ടുണ്ട്. 5 ഈശോ പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യംകൊണ്ടാണ് മോശ ഈ നിയമം നിങ്ങള്‍ക്കുവേണ്ടി എഴുതിയത്.
6 എന്നാല്‍, സൃഷ്ടിയുടെ ആരംഭം മുതലേ ദൈവം അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു. 7 ഇക്കാരണത്താല്‍, പുരുഷന്‍ പിതാവിനെയും മാതാവിനെയും വിടുകയും അവര്‍ ഇരുവരും ഒരു ശരീരമായിത്തീരുകയും ചെയ്യും. 8 പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. 9 അതിനാല്‍, ദൈവം സംയോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ. 10 ഇക്കാര്യത്തെക്കുറിച്ച് ശിഷ്യന്‍മാര്‍ വീട്ടില്‍വച്ച് വീണ്ടും അവനോടു ചോദിച്ചു. 11 അവന്‍ പറഞ്ഞു: ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു. 12 ഭര്‍ത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു.
***************************************************************
➤ ഒരിജന്‍:
ഈശോയുടെ പക്കല്‍ വന്നതില്‍ ചിലര്‍ അവനെ കുടുക്കാന്‍വേണ്ടി മാത്രമാണ് ചോദ്യങ്ങള്‍ ചോദിച്ചത്. നമ്മുടെ രക്ഷകന്‍ ഇപ്രകാരം പരീക്ഷിക്കപ്പെട്ടെങ്കില്‍ പഠിപ്പിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്ന ശിഷ്യരായ നമ്മളെയും കുടുക്കില്‍പ്പെടുത്താന്‍വേണ്ടി മാത്രം ചോദ്യം ചോദി ക്കുന്നതില്‍ അലോസരപ്പെടുന്നതെന്തിന്? (Commentary on Matthew 14.16).
ഒരു ശരീരമായിത്തീരുന്നു
ഒരിജന്‍: പുരുഷനും ഭാര്യയുമെന്നതിനെക്കാള്‍ ദൈവവചനവും ആത്മാവുമാണ് ഒരു ശരീരമായിത്തീരുന്നത് (ഉത്പ 2,24). ദൈവത്തോട് ഏകാത്മാവായിത്തീരുന്നു എന്ന പ്രയോഗവും കൂടുതല്‍ ചേരുന്നത് സ്‌നേഹത്താല്‍ ദൈവവുമായി ലയത്തിലായിരിക്കുന്ന മനുഷ്യാത്മാവിനാണ് (നിയ 11,22; റോമാ 5,5; 1 യോഹ 2,5; 7-16) (On First Principles 2.6.3).
➤ തെര്‍ത്തുല്യന്‍:
ഏക പതീ-പത്‌നി നിയമത്തിലേക്ക് ശ്രദ്ധ തിരിക്കാം. മനുഷ്യവംശത്തിന്റെ ആരംഭംതന്നെ ഇതിനെ സാധൂകരിക്കുന്നതാണ് (ഉത്പ. 1,27). പിന്‍തലമുറകള്‍ക്കുള്ള മാതൃകയായി ഇതിനെ ആരംഭത്തില്‍ത്തന്നെ ദൈവം വ്യവസ്ഥ ചെയ്തുവെന്നത് സുവ്യക്തമാണ്. ആദത്തെ സൃഷ്ടിച്ചശേഷം അവന് ഒരു തുണയെ നല്‍കേണ്ട ആവശ്യം പരിഗണിച്ച് ദൈവം അവന്റെ വക്ഷസില്‍നിന്നു കടമെടുത്തത് ഒരേയൊരു സ്ത്രീയെയാണ് (ഉത്പ 2,21-27). പുരുഷനുവേണ്ടി അവിടുന്ന് രൂപപ്പെടുത്തിയത് ഒരു സ്ത്രീയെ മാത്രമാണ് (Exhortation to Chastity 5).
പരസ്പരമുള്ള ശുശ്രൂഷ
സഭ കൂട്ടിയോജിപ്പിക്കുന്നതും ബലിവഴി ഉറപ്പിക്കുന്നതും ആശീര്‍വാദം വഴി മുദ്ര വയ്ക്കുന്നതും മാലാഖമാര്‍ ആഘോഷിക്കുന്നതും സ്വര്‍ഗീയപിതാവ് അംഗീകരിക്കുന്നതുമായ വിവാഹത്തിന്റെ സന്തോഷം ഞാന്‍ എങ്ങനെ വിവരിക്കും? ലോകത്തൊരിടത്തും മാതാപിതാക്കന്മാരുടെ സമ്മതംകൂടാതെ ചെറുപ്പക്കാര്‍ നിയമാനുസൃതം വിവാഹിതരാകുന്നില്ല. ഒരേ പ്രത്യാശയിലും അഭിലാഷത്തിലും ജീവിതക്രമത്തിലും ശുശ്രൂഷയിലും പങ്കാളികളാകുന്ന രണ്ടു വിശ്വാസികളുടെമേല്‍ ചുമത്തപ്പെടുന്ന ഈ നുകത്തിന്റെ പ്രത്യേകതയെന്താണ്? (എഫേ 4,14). അവര്‍ അരൂപിയിലും മാംസത്തിലും ഒന്നാണ്.
അവര്‍ ഇരുകൂട്ടരും ഒരു ശരീരമാണ്'' (ഉത്പ 2,24; മത്താ 19,5; എഫേ 5,31). ശരീരം ഒന്നായിരിക്കുന്നിടത്ത് അരൂപിയും ഒന്നാണ്. അവര്‍ ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്നു; ഒരുമിച്ചു പ്രണമിക്കുന്നു; ഒരുമിച്ച് ഉപവസിക്കുന്നു; പരസ്പരം പ്രബോധിപ്പിക്കുന്നു; പരസ്പരം സഹായമഭ്യര്‍ത്ഥിക്കുന്നു; പരസ്പരം ഉന്നമനത്തിലേക്കു നയിക്കുന്നു. ദൈവത്തിന്റെ സഭയില്‍ അവര്‍ക്കു തുല്യസ്ഥാനമാണുള്ളത് (റോമാ 12,15; 15,6; ഗലാ 3,28; 1 കോറി 12,12). ദൈവത്തിന്റെ വിരുന്നില്‍ അവര്‍ തുല്യരായി നിലകൊള്ളുന്നു; പീഡനങ്ങളിലും പ്രതിസന്ധികളിലും അങ്ങനെതന്നെ. ഇരുവരും ഒരേപോലെ പോഷണം സ്വീകരിക്കുന്നു. ഒരാള്‍ മറ്റേയാളില്‍നിന്നു ഒന്നും മറച്ചുവയ്ക്കുന്നില്ല: ഒരാള്‍ മറ്റേയാളെ അവഗണിക്കുന്നില്ല. ഒരാള്‍ മറ്റേയാള്‍ക്കു പ്രശ്‌നകാരണമായിത്തീരുന്നില്ല (To his wife 2.8).
➤ സാറൂഗിലെ യാക്കോബ്:
പിതാവ് തന്റെ ദൈവികപദ്ധതിയില്‍ തന്റെ ഏകജാതനുവേണ്ടി ഒരു മണവാട്ടിയെ കണ്ടെത്തുകയും പ്രവാചകരുടെ ചിത്രീകരണങ്ങളിലൂടെ അവളെ അവതരിപ്പിക്കുകയും ചെയ്തു. മോശ തന്റെ വിരുതുള്ള കരങ്ങളാല്‍ വധൂവരന്‍മാരുടെ ഒരു ചിത്രം രചിച്ചെങ്കിലും അതിന്‍മേല്‍ ഉടന്‍തന്നെ തിരശീലയിട്ടു മറയ്ക്കുകയും ചെയ്തു. പുരുഷന്‍ തന്റെ പിതാവിനെയും മാതാവിനെയും വിട്ട് തന്റെ ഭാര്യയോടു ചേരുമെന്നും അവരിരുവരും ഒരു ശരീരമായിത്തീരുമെന്നും മോശ എഴുതി. മിശിഹായേയും സഭയേയും സൂചിപ്പിച്ചുകൊണ്ടാണ് അവനിത് എഴുതിയത്.
ജലത്തിന്റെ രഹസ്യംവഴി മിശിഹാ സഭയോടു ഒന്നായിത്തീരുന്നതിനെ ഒരു പ്രവാചകന്റെ ദീര്‍ഘദൃഷ്ടിയോടെ കണ്ടെത്തി. മിശിഹാ കന്യകയുടെ ഉദരത്തില്‍ വച്ചുതന്നെ സഭയെ തന്നോടു ചേര്‍ത്തുനിര്‍ത്തുന്നതും സഭ മാമ്മോദീസാജലത്തില്‍ മിശിഹായെ തന്നിലേക്കാകര്‍ഷിക്കുന്നതും മോശയുടെ ദൃഷ്ടിയില്‍പ്പെട്ടു. രഹസ്യാത്മവിധത്തില്‍ മണവാളനും മണവാട്ടിയും ഇപ്രകാരം ഒന്നായിത്തീര്‍ന്നതിനാല്‍ മോശ എഴുതി: അവരിരുവരും ഒന്നാകേണ്ടിയിരിക്കുന്നു. ഭാര്യ ഭര്‍ത്താവിനോട് ചേര്‍ന്നിരിക്കുന്നതിനേക്കാള്‍ സഭ ദൈവപുത്രനോട് ചേര്‍ന്നിരിക്കുന്നു.
നമ്മുടെ കര്‍ത്താവല്ലാതെ സ്വന്തം ഭാര്യയ്ക്കുവേണ്ടി മരണംവരിച്ച ഏതു ഭര്‍ത്താവാണുള്ളത്? സഭയല്ലാതെ ക്രൂശിതനായ ഒരുവനെ തന്റെ ഭര്‍ത്താവായി സ്വീകരിച്ച ഏതു വധുവാനുള്ളത്. കുരിശില്‍ മരിച്ചവനല്ലാതെ മറ്റാരാണ് ഭാര്യയ്ക്കുവേണ്ടി ജീവരക്തം സമ്മാനമായി നല്‍കുകയും തന്റെ മുറിവുകളാല്‍ വിവാഹബന്ധം മുദ്രവയ്ക്കുകയും ചെയ്തത്? സ്വന്തം വിവാഹവിരുന്നില്‍ മൃതിപ്പെട്ടവനായി കാണപ്പെട്ടവന്‍ മറ്റാരുണ്ട്? അവിടെയതാ വധു അവന്റെ വക്ഷസില്‍ ചേര്‍ന്നുകിടന്നാശ്ലേഷിച്ചുകൊണ്ട് സ്വയം ആശ്വാസം കണ്ടെത്താന്‍ പരിശ്രമിക്കുന്നു. മറ്റേതു വിരുന്നാഘോഷത്തിലാണ് വരന്റെ ശരീരം അപ്പത്തിന്റെ രൂപത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു വിതരണം ചെയ്യപ്പെട്ടത്? സാധാരണഗതിയില്‍ മരണം ഭാര്യയെ ഭര്‍ത്താവില്‍നിന്നു വേര്‍പിരിക്കുന്നു. ഇവിടെയിതാ മരണം വധുവിനെ തന്റെ പ്രിയനോട് ചേര്‍ക്കുന്നു (Homilies).
➤ അലക്‌സാണ്ഡ്രിയായിലെ ക്ലെമന്റ്:
ഇക്കാര്യത്തില്‍ ഭാര്യയെ പരിത്യജിക്കുന്നയാള്‍ മാത്രമല്ല കുറ്റക്കാരന്‍. അവളെ സ്വീകരിക്കുന്നവനും, സ്ത്രീയുടെ പാപത്തിനു ആരംഭം കുറിക്കു ന്നവന്‍ എന്ന നിലയില്‍, കുറ്റമുണ്ട് (Stromateis 2.23).
➤ അത്തനാഗോറസ്: ഒരു മനുഷ്യന്‍ ജന്മനാ എങ്ങനെയോ അപ്രകാരം അവിവാഹിതനായിത്തുടരുക; അല്ലെങ്കില്‍ ഒരിക്കല്‍ മാത്രം വിവാഹം കഴിക്കുക എന്നതാണ് നമ്മുടെ ജീവിതരീതി. രണ്ടാമതു വിവാഹം കഴിക്കുന്നത് തിരശ്ശീലയ്ക്കു പിന്നിലുള്ള വ്യഭിചാരമാണ് (A Plea Regarding Christmas 33).
➤ വിശുദ്ധ ബേസില്‍:
കര്‍ത്താവിന്റെ ഈ പ്രഖ്യാപനം സ്ത്രീക്കും പുരുഷനും ഒരുപോലെ ബാധകമാണ്. അശുദ്ധബന്ധം കാരണമല്ലാതെ വിവാഹത്തില്‍ നിന്നു വേര്‍പിരിയുന്നതിനെ ഇത് നിരോധിക്കുന്നു (മത്താ 5,31; 19,9; മര്‍ക്കോ 10,11 -12; ലൂക്കാ 16,18; റോമാ 7,2-3; 1 കോറി 7,10-11) (Letter 188, To Amphilochius 9).
➤ വിശുദ്ധ ആഗസ്തീനോസ്:
''ഭര്‍ത്താവു ജീവിച്ചിരിക്കുന്നിടത്തോളം കാലം ഭാര്യ അവനോട് ബന്ധിതയാണ്'' (1 കോറി 7,39). തല്‍ഫലമായി, ഭാര്യ ജീവിച്ചിരിക്കുന്നിടത്തോളംകാലം ഭര്‍ത്താവ് അവളോട് ബന്ധിതനാണ്. ഈ ബന്ധം നിലനില്‍ ക്കേണ്ടതിനാല്‍ മറ്റൊരു ബന്ധം ഉണ്ടായാല്‍ അത് വ്യഭിചാരമായിത്തീരും. ഇപ്രകാരം ഭര്‍ത്താവും ഭാര്യയും വേര്‍പിരിഞ്ഞ് മറ്റൊരെയെങ്കിലും വിവാഹം ചെയ്താല്‍ ആകെ നാലു വ്യഭിചാരികള്‍ സൃഷ്ടിക്കപ്പെടുന്നു. എന്നാല്‍ മത്തായിശ്ലീഹാ മറ്റൊരുതരം വ്യഭിചാരത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
അശുദ്ധി നിറഞ്ഞ ബന്ധമെന്ന കാരണത്താലല്ലാതെ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്യുന്നത് വ്യഭിചാരമാണ് (മത്താ 19,9). മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഇപ്രകാരം കാണുന്നു: ''ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരുവനെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു'' (മര്‍ക്കോ 10,11-12) (Adulterous Marriages 2.9.8).
പരസംഗം എന്നതിന്റെ അര്‍ത്ഥം
ആഗസ്തീനോസ്: വിവാഹം രൂപകല്പന ചെയ്തത് ദൈവമാണ്. ഐക്യം ദൈവത്തില്‍ നിന്നാണ്; വേര്‍പിരിയല്‍ സാത്താനില്‍നിന്നും. പരസംഗം മൂലം ഭാര്യയെ ഉപേക്ഷിക്കാന്‍ മോശ അനുവദിച്ചതിന്റെ കാരണം ദാമ്പത്യവിശ്വസ്തത പുലര്‍ത്താത്ത ഒരാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നതാകാം (Tractates on John 9.2.2).
♦️ വചനഭാഗം: ശിശുക്കളെ സ്വീകരിക്കുന്നു- വിശുദ്ധ മര്‍ക്കോസ് 10:13-16 (മത്താ 19:13-15) (ലൂക്കാ 18:15-17)
13 അവന്‍ തൊട്ട് അനുഗ്രഹിക്കുന്നതിനുവേണ്ടി ശിശുക്കളെ അവന്റെ അടുക്കല്‍ അവര്‍ കൊണ്ടുവന്നു. ശിഷ്യന്‍മാരാകട്ടെ അവരെ ശകാരിച്ചു. 14 ഇതു കണ്ടപ്പോള്‍ ഈശോ കോപിച്ച് അവരോടു പറഞ്ഞു: ശിശുക്കള്‍ എന്റെയടുത്തു വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്. എന്തെന്നാല്‍, ദൈവരാജ്യം അവരെ പ്പോലുള്ളവരുടേതാണ്. 15 സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെ പ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല. 16 അവന്‍ ശിശുക്കളെ എടുത്ത്, അവരുടെമേല്‍ കൈകള്‍ വച്ച് അനുഗ്രഹിച്ചു.
***************************************************************
➤ വിശുദ്ധ ആഗസ്തീനോസ്:
സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ പ്രാപ്തി നേടിയവന്‍ വിശ്വാസത്തിന്റെ കൂദാശയ്ക്കണയുമ്പോള്‍ പഴയ ജീവിതത്തെക്കുറിച്ചനുതപിക്കാതെ പുതിയ ജീവിതം തുടങ്ങാനാവില്ല. മാമ്മോദീസാ സ്വീകരിക്കുമ്പോഴുള്ള ഈ പശ്ചാത്താപത്തില്‍നിന്ന് ഒഴിവുള്ളത് ശിശുക്കള്‍ക്ക് മാത്രമാണ്: എന്തെന്നാല്‍ അവര്‍ സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ അപ്രാപ്തരാണ്.
എന്നിരുന്നാലും അവരെ മാമ്മോദീസായ്ക്കായി കൊണ്ടുവരുന്നവരുടെ വിശ്വാസം അവര്‍ക്ക് ഉത്ഭവപാപത്തില്‍നിന്നു മോചനവും വിശുദ്ധീകരണവും നേടികൊടുക്കുന്നു. ഇപ്രകാരം അവര്‍ക്കു ജന്മം നല്‍കിയ മാതാപിതാക്കള്‍ പാപത്തോടു ചെയ്ത സന്ധിവഴി എന്തെങ്കിലും കറ ഇവരിലുണ്ടായിട്ടുണ്ടെങ്കില്‍ അവരെ മാമ്മോദീസായ്ക്കു കൊണ്ടുവരുന്നവര്‍ ചോദ്യങ്ങള്‍ക്കു നല്‍കുന്ന മറുപടികളിലൂടെ അവ നീക്കപ്പെടുന്നു (Sermon 351.2).
➤ വിശുദ്ധ സിപ്രിയാന്‍:
കൊടുംപാപിക്കുപോലും പിന്നീട് വിശ്വാസത്തിലേക്കു വരുമ്പോള്‍ പാപമോചനം നല്‍കപ്പെടുന്നു (നടപടി 10,43). ഇക്കാരണ ത്താല്‍ മാമ്മോദീസായിലും കൃപയിലുംനിന്ന് ആരും മാറ്റിനിര്‍ത്തപ്പെടുന്നില്ല. (മര്‍ക്കോ 16,16; 1 കോറി 12,13). അങ്ങനെയെങ്കില്‍ പാപമൊന്നും ചെയ്യാത്ത നവജാതശിശു എത്രയധികമായി മാമ്മോദീസയില്‍ സ്വീകരിക്കപ്പെടണം. അവന്‍ ആദത്തിന്റെ വംശത്തില്‍ പിറന്നതിനാല്‍ പുരാതനമായ മാരകപ്രകൃതിയില്‍ പങ്കുചേര്‍ന്നുവെന്നേയുള്ളൂ (റോമാ 5,12).
വാസ്തവത്തില്‍ ശിശുക്കള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ പാപമോചനം ലഭിക്കേണ്ടതാണ്, കാരണം അവനിലുള്ളത് സ്വന്തം കുറ്റമല്ല, മറ്റൊരുവന്റെ കുറ്റമാണ്. അതുകൊണ്ട്, സഹോദരാ, നമ്മുടെ സൂനഹദോസിന്റെ തീരുമാനം (അ.ഉ. 254ലെ കാര്‍ത്തേജ് സൂഹനദോസ്) എല്ലാവരോടും കരുണയും ദയയും പുലര്‍ത്തുന്നവനായ ദൈവത്തിന്റെ (നടപടി 2,38-39) കൃപയും മാമ്മോദീസായും നമ്മള്‍ ആര്‍ക്കും നിഷേധിക്കരുതെന്നാണ് (Letter 58).
➤ വിശുദ്ധ ബേസില്‍:
ചെറുപ്പംമുതലേ വിശുദ്ധ ലിഖിതങ്ങള്‍ അറിഞ്ഞിരുന്നുവെന്നതില്‍ ശ്ലീഹാ തിമോത്തെയോസിനെ പ്രശംസിച്ചു (2 തിമോ 3,15). കുട്ടികള്‍ ''കര്‍ത്താവിന്റെ ശാസനയിലും ശിക്ഷണത്തിലും വളര്‍ത്തപ്പെടണമെന്ന്'' അദ്ദേഹം നിര്‍ദ്ദേശിച്ചു (എഫേ 6,4). അതിനാല്‍ ജീവിതത്തിന്റെ ഏതു കാലഘട്ടത്തിലുമുള്ളവരെ, ആരംഭഘട്ടത്തിലുള്ളവരെയും, വിശ്വാസസമൂഹത്തിലേക്ക് സ്വീകരിക്കാമെന്ന് നിശ്ചയിച്ചു (The Long Rules 15).
♦️ വചനഭാഗം: ധനികനായ യുവാവ്- വിശുദ്ധ മര്‍ക്കോസ് 10:17-31 (മത്താ 19,16-30) (ലൂക്കാ 18,18-30)
17 ഈശോ വഴിയിലേക്കിറങ്ങിയപ്പോള്‍ ഒരുവന്‍ ഓടിവന്ന് അവന്റെ മുമ്പില്‍ മുട്ടുകുത്തി ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തുചെയ്യണം? 18 ഈശോ അവനോടു ചോദിച്ചു: എന്തുകൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്നുവിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല. 19 പ്രമാണങ്ങള്‍ നിനക്കറിയാമല്ലോ: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നല്‍കരുത്, വഞ്ചിക്കരുത്, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക. 20 അവന്‍ പറഞ്ഞു: ഗുരോ, ചെറുപ്പം മുതല്‍ ഞാന്‍ ഇവയെല്ലാം പാലിക്കുന്നുണ്ട്. 21 ഈശോ സ്‌നേഹപൂര്‍വം അവനെ കടാക്ഷിച്ചുകൊണ്ടു പറഞ്ഞു: നിനക്ക് ഒരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക. 22 ഈ വചനം കേട്ട് അവന്‍ വിഷാദിച്ച് സങ്കടത്തോടെ തിരിച്ചുപോയി. കാരണം, അവന് വളരെയേറെ സമ്പത്തുണ്ടാ യിരുന്നു. 23 ഈശോ ചുറ്റും നോക്കി ശിഷ്യരോടു പറഞ്ഞു: സമ്പന്നന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്ര പ്രയാസം!
24 അവന്റെ വാക്കു കേട്ടു ശിഷ്യന്‍മാര്‍ വിസ്മയിച്ചു. ഈശോ വീണ്ടും അവരോടു പറഞ്ഞു: മക്കളേ, ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്ര പ്രയാസം! 25 ധനവാന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്. 26 അവര്‍ അത്യന്തം വിസ്മയഭരിതരായി ചോദിച്ചു: അങ്ങനെയെങ്കില്‍, രക്ഷപെടാന്‍ ആര്‍ക്കു കഴിയും? 27 ഈശോ അവരുടെ നേരേ നോക്കി പറഞ്ഞു: മനുഷ്യന് ഇത് അസാധ്യമാണ്; ദൈവത്തിന് അങ്ങനെയല്ല. അവിടുത്തേക്ക് എല്ലാം സാധിക്കും. 28 പത്രോസ് പറഞ്ഞു: ഇതാ, ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. 29 ഈശോ പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നെപ്രതിയും സുവിശേഷത്തെപ്രതിയും ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരി മാരെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ത്യജിക്കുന്നവരിലാര്‍ക്കും 30 ഇവിടെ വച്ചുതന്നെ നൂറിരട്ടി ലഭിക്കാതിരിക്കയില്ല - ഭവനങ്ങളും സഹോദരന്‍മാരും സഹോദരിമാരും മാതാക്കളും മക്കളും വയലുകളും അവയോടൊപ്പം പീഡനങ്ങളും; വരാനിരിക്കുന്ന കാലത്തു നിത്യജീവനും. 31 എന്നാല്‍, മുമ്പന്‍മാരില്‍ പലരും പിമ്പന്‍മാരും പിമ്പന്‍മാരില്‍ പലരും മുമ്പന്‍മാരുമാകും.
***************************************************************
➤ പോയിറ്റേഴ്‌സിലെ വിശുദ്ധ ഹിലരി:
നിയമാനുഷ്ഠാനത്തെപ്രതി ആ യുവാവ് അഹംഭാവിയായി ത്തീര്‍ന്നിരുന്നു. മിശിഹായാണ് നിയമത്തിന്റെ പൂര്‍ണ്ണതയെന്ന് അവന്‍ ഗ്രഹിച്ചില്ല (റോമാ 10,4; ഗലാ 3,13). പ്രവൃത്തികള്‍ വഴി നീതീകരണം നേടാനാവുമെന്ന് അവന്‍ കരുതി (റോമാ 4,5; ഗലാ 2,16). ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളെത്തേടിയാണ് മിശിഹാ വന്നതെന്നും നീതികരിക്കുന്ന വിശ്വാസത്തിലൂടെയല്ലാതെ നിയമത്തിനു രക്ഷ നല്‍കാനാവില്ലെന്നും അവനറിഞ്ഞില്ല (മത്താ 10,16; 15,14; നടപടി 13,39; റോമാ 3,20; ഗലാ 2,16).
നിയമത്തിന്റെ കര്‍ത്താവും ഏകജാതനുമായ ദൈവത്തോട് സാധാരണ നിയമപണ്ഡിതനോടെന്നപോലെ അവന്‍ ചോദ്യമുന്നയിച്ചു. ചോദ്യകര്‍ത്താവിന് കലര്‍പ്പില്ലാത്ത വിശ്വാസമില്ലാതിരുന്നതിനാല്‍ അഭിവാദനത്തിലെ പ്രശംസയോട് മിശിഹാ വലിയ പ്രതിപത്തി കാണിച്ചില്ല. ''എന്തുകൊണ്ടാണ് നീയെന്നെ നല്ലവനെന്നു വിളിക്കുന്നത്'' എന്നവിടുന്നു ചോദിച്ചു (മര്‍ക്കോ 10,18; ലൂക്കാ 18,19). താനെത്രമാത്രം നല്ലവനാണെന്ന് കാണിക്കാന്‍ അവിടുന്നു പറഞ്ഞു: ''ദൈവമല്ലാതെ നല്ലവന്‍ മറ്റാരുമില്ല'' (മര്‍ക്കോ 10,18; ലൂക്കാ 18,19). ദൈവമെന്ന നിലയിലാണ് തന്നെ നല്ലവനെന്നു വിളിച്ചിരുന്നതെങ്കില്‍ അവിടുന്ന് അത് നിരസിക്കുമായിരുന്നില്ല (On the Trinity 9.16).
ചരിത്രത്തില്‍ തുടരുന്ന തെറ്റുകള്‍
ദൈവത്തില്‍നിന്നുള്ള ദൈവമായ അവിടുന്ന് അതിന്റേതായ എല്ലാ സവിശേഷതകളും ഉള്ളവനാണ്. ജീവിക്കുന്ന ദൈവപ്രകൃതിയോട് അഭേദ്യമായി നിലനില്‍ക്കുന്ന ബന്ധം ജനനംമൂലം ഇല്ലാതാകുന്നില്ല (മത്താ 16,15-16; യോഹ 1,1-18; ഗലാ 4,4). എന്നാല്‍ സഭയുടെ ഐക്യത്തിനു വിഘാതമായി നില്‍ക്കുന്ന ചിലര്‍ സുവിശേഷസത്യങ്ങള്‍ സംരക്ഷിക്കുന്നുവെന്ന വ്യാജേന സത്യത്തെ അടിച്ചമര്‍ത്തുന്നു. വ്യത്യസ്തമായ അര്‍ത്ഥമുള്ള വചനത്തിന് തങ്ങളുടേതായ വ്യാഖ്യാനം ചമച്ച് അതിനെ മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ട് ഇത്തരക്കാര്‍ പുത്രനെ പിതാവിനോടുള്ള ഐക്യത്തില്‍നിന്നു വേര്‍പെടുത്തി ചിത്രീകരിക്കുന്നു (2 പത്രോ 2-3) (On the Trinity 9.2).
➤ വിശുദ്ധ അപ്രേം:
ചിലര്‍ മറ്റുചിലര്‍ക്ക് ആദരസൂചകമായ പദവി നല്‍കുന്നതുപോലെ ഒരു ഔദാര്യം നല്‍കുകയാണെന്ന മട്ടിലാണ് ധനികനായ യുവാവ് ഈശോയെ നല്ലവന്‍ എന്നു വിളിച്ചത്. കര്‍ത്താവ് അതിനോട് പ്രതിപത്തി പ്രകടിപ്പിക്കാതെ അകന്നുനിന്നു. തന്റെ നന്മ പിതാവില്‍നിന്ന് സ്വഭാവത്താലെയും ജനനത്താലെയും ലഭിച്ചതാണെന്നും പേരില്‍ മാത്രമുള്ളതല്ലെന്നും അവിടുന്ന് വ്യക്തമാക്കി. ''നല്ലവന്‍ ഒരുവന്‍ മാത്രം'' (മത്താ 19,17; മര്‍ക്കോ 10,18; ലൂക്കാ 18,19) എന്നതിനൊപ്പം ''പിതാവ്'' എന്നുകൂടി ചേര്‍ത്തുകൊണ്ട് പിതാവിനെപ്പോലെതന്നെ പുത്രനും നല്ലവനാണെന്ന് ഈശോ ചൂണ്ടിക്കാണിച്ചു (Commentary on Tatian's Diatessaron).
➤ വിശുദ്ധ ജറോം:
തന്റെ മെത്രാനെ ആന്തരികമായി അംഗീകരിക്കാത്ത ഒരു വൈദികന്‍ അദ്ദേഹത്തെ മെത്രാന്‍ (ആശവെീു) എന്ന് പരസ്യമായി അഭിസംബോധന ചെയ്യുന്നതിനു തുല്യമാണ് ഈ രംഗത്തിലെ സുബോധ നയം. മെത്രാനാകട്ടെ ഇങ്ങനെ മറുപടി പറയുന്നു: ''നിനക്കു ഞാന്‍ മെത്രാനല്ല; ഉടന്‍ സ്ഥലംവിടുക'' (Homily 53).
➤ ഒരിജന്‍:
പുത്രനിലുള്ളത് രണ്ടാംതരം നന്മയല്ല. അതിനാല്‍ രക്ഷകന്‍ ഇപ്രകാരം പറഞ്ഞു. ''പിതാവായ ദൈവമല്ലാതെ നല്ലവന്‍ മറ്റാരുമില്ല'' (മര്‍ക്കോ 10,18; ലൂക്കാ 18,19). ഈ പ്രസ്താവനയുടെ അര്‍ത്ഥം പിതാവിന്റേതിനേക്കാള്‍ താഴ്ന്നതരം നന്മയല്ല പുത്രനിലുള്ളതെന്നും പിതാവിലുള്ള നന്മ തന്നെയാണ് അതെന്നുമാണ്. പിതാവിന്റെ പ്രതിഛായയാണല്ലോ പുത്രന്‍. മറ്റൊരു നന്മയില്‍ നിന്നല്ല അവന്‍ ജന്മമെടുത്തത്, അവനിലുള്ള നന്മ പിതാവിലുള്ള നന്മയില്‍നിന്നു വ്യത്യസ്തവുമല്ല (യോഹ 10,3). അതിനാല്‍ ''ദൈവപിതാവല്ലാതെ നല്ലവനായി മറ്റാരുമില്ല'' എന്നതില്‍ ദൈവദൂഷണം ശങ്കിക്കേണ്ട (മര്‍ക്കോ 10,18; ലൂക്കാ 19,19).
മിശിഹായോ പരിശുദ്ധാരൂപിയോ നല്ലവരെന്ന് ഇതിനര്‍ത്ഥമില്ല. മറിച്ച് തനതായ നന്മ പിതാവിലുണ്ടെന്നും അതില്‍നിന്നു പുത്രനും പരിശുദ്ധാരൂപിയും അത് തങ്ങളുടേതാക്കിയെന്നുമാണ്. എന്തെന്നാല്‍ പുത്രന്‍ പിതാവില്‍നിന്ന് ജനിക്കുന്നു; പരിശുദ്ധാരൂപി പിതാവില്‍നിന്നു പുറപ്പെടുന്നു (യോഹ 3,16; 15,16). മറ്റെന്തെങ്കിലും നന്മയായതിനെക്കുറിച്ച് വി. ഗ്രന്ഥത്തില്‍ പരാമര്‍ശമുണ്ടെങ്കില്‍, ധഉദാഹരണമായി ദൂതന്‍ (തോബിത് 5,21; 2 മക്ക 11,16; 15,23). മനുഷ്യന്‍ (സങ്കീ 37,23; 112,5; സുഭാ 12,2; മത്താ 12,35; നടപടി 11,24), ദാസന്‍ (പ്രഭാ 7,21; ലൂക്കാ 19,17) നിക്ഷേപം (തോബി 4,9; ലൂക്കാ 6,45) ഹൃദയം (യൂദി 8,28; ജ്ഞാനം 1,1; പ്രഭാ 26,4; ലൂക്കാ 8,15) വൃക്ഷം (2 രാജാ 3,19; മത്താ 7,17-19; ലൂക്കാ 6,43) തുടങ്ങിയവയെക്കുറിച്ച് നല്ലതെന്നു പറഞ്ഞിരിക്കുന്നത്പ അത് ആനുപേക്ഷികമായാണ്, സത്താപരമായിട്ടല്ല (On First Principles 1.2.13).
നന്മയെന്നതിന്റെ അര്‍ത്ഥം
നന്മയെന്നാല്‍ ആയിരിക്കുന്നവന്‍ തന്നെ. നന്മയ്ക്കു വിപരീതമായിട്ടുള്ളത് തിന്മ അല്ലെങ്കില്‍ ദുഷ്ടതയാണ്. ആയിരിക്കുന്നവന് എതിരായിട്ടുള്ളത് അസ്തിത്വമില്ലാത്തവനാണ്. അതായത് തിന്മ ആത്യന്തികമായി ഇല്ലാതായിത്തീരും. സാത്താന്‍ ദൈവത്തിന്റെ സൃഷ്ടിയല്ലെന്ന് ചിലര്‍ പറയാറുണ്ട് (എഫേ 3,9). ദൈവം സാത്താനായി ആരെയും സൃഷ്ടിച്ചില്ല. എന്നാല്‍ സാത്താനായവന്‍ സൃഷ്ടിയാണ്. ആ വിധത്തില്‍ ദൈവത്തിന്റെ സൃഷ്ടിയാണ്. എന്തെന്നാല്‍ സൃഷ്ടിക്കപ്പെട്ടവയെല്ലാം ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടവയാണ്. ഇതിനെക്കുറിച്ച് ഇപ്രകാരം ചിന്തിക്കാം. ഒരു കൊലപാതകിയെ ദൈവം സൃഷ്ടിച്ചില്ല എന്നു പറയാമെങ്കിലും കൊലപാതകം നടത്തിയ മനുഷ്യനെ സൃഷ്ടിച്ചത് ദൈവമല്ലെന്നു പറയാനാവില്ല (Commentary on John 2.7).
➤ നസിയാന്‍സിലെ ഗ്രിഗറി:
''നല്ലവന്‍'' (മര്‍ക്കോ 10,18; ലൂക്കാ 18,19) എന്ന വാക്ക് മനുഷ്യരെപറ്റി ഉപയോഗിക്കുന്നത് ആപേക്ഷികാര്‍ത്ഥത്തിലാണ് (സങ്കീ 37,23,112,5; സുഭാ 31,10-31; നടപടി 11,24). എന്നാല്‍ നന്മയുടെ സമ്പൂര്‍ണ്ണത ദൈവത്തിലാണ് (Oration 30, On the Son 13).
➤ വിശുദ്ധ ആഗസ്തീനോസ്:
ദൈവം സവിശേഷമാംവിധം നല്ലവനാണ്. ആ നന്മ നഷ്ടപ്പെടുകയില്ല. അവിടുന്ന് നല്ലവനായിരിക്കുന്നത് മറ്റേതെങ്കിലും നന്മയില്‍ പങ്കാളിയായതിനാലല്ല, അവിടുന്ന് അവിടുന്നില്‍ത്തന്നെ നല്ലവനായതിനാലാണ്. എന്നാല്‍ പരിമിതികളുള്ള മനുഷ്യന്‍ നല്ലവനാകുന്നത് ദൈവത്തിന്റെ നന്മയില്‍ പങ്കുചേരുമ്പോഴാണ്. അവന് തന്റെതന്നെ നന്മയാകുക സാധ്യമല്ല. നല്ലവനാകുന്നവന്‍ അരൂപിയിലാണ് നല്ലതാകുന്നത്. സ്വേച്ഛയാ ചെയ്യുന്ന പ്രവൃത്തികളിലൂടെ നന്മയായവനെ നേടാന്‍ കഴിയുന്ന വിധത്തിലാണ് നമ്മള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തന്നില്‍ത്തന്നെ നന്മയായവന്‍ നല്‍കുന്നവയെ സ്വീകരിക്കുകയും അവയില്‍ നിലനില്ക്കുകയും ചെയ്യുന്നതുവഴിയാണ് നമ്മള്‍ നല്ലവരാകുന്നത് (Letter 153, To Macedonius).
ജീവനിലേക്കു നയിക്കുന്ന പ്രമാണങ്ങള്‍
നിത്യജീവന്‍ അവകാശമാക്കാന്‍ എന്തു ചെയ്യണമെന്നാണ് ആ യുവാവ് നല്ലവനായ ഗുരുവിനോട് ചോദിച്ചത് (മത്താ 19,16; മര്‍ക്കോ 10,17; ലൂക്കാ 18,18). ജീവനില്‍ പ്രവേശിക്കാന്‍ അവന്‍ കല്‍പനകള്‍ പാലിക്കണമെന്നാണ് അവിടുന്ന് മറുപടി നല്‍കിയത്. ദുഷ്ടതയുടെയും വിദ്വേഷത്തിന്റെയും ദുര്‍വികാരങ്ങളെ അവന്‍ നീക്കം ചെയ്യണം. കൊല്ലുകയോ വ്യഭിചാരം ചെയ്യുകയോ മോഷ്ടിക്കുകയോ കള്ളസാക്ഷ്യം നല്‍കുകയോ ചെയ്യരുത്. അങ്ങനെയായാല്‍ വരണ്ടനിലം പ്രത്യക്ഷമാകും (പുറ 14,29). മാതാപിതാക്കളോടുള്ള ആദരവും സഹോദരസ്‌നേഹവും തുടര്‍ന്ന് ഉടലെടുക്കും (മത്താ 19,17-19; മര്‍ക്കോ 10,19; ലൂക്കാ 18,20) (Confessions 13.19).
ഉദ്ദേശ്യശുദ്ധി
ധനികനായ യുവാവിനോട് കര്‍ത്താവരുള്‍ചെയ്ത സമ്പൂര്‍ണ്ണ സമര്‍പ്പണത്തെ സംബന്ധിച്ച കാര്യങ്ങള്‍ എനിക്ക് അത്യധികം ഇഷ്ടപ്പെട്ടു. ''പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു നല്‍കുക. പിന്നെ വന്ന് എന്നെ അനുഗമിക്കുക'' (മത്താ 19,21; ലൂക്കാ 18,22). അതിനാല്‍ എന്റെ ശക്തിയിലാശ്രയിച്ചല്ല, അവന്റെ കൃപയില്‍ ശരണപ്പെട്ട് ഞാനപ്രകാരം ചെയ്തു. ഈ സമ്പൂര്‍ണ്ണ പരിത്യാഗത്തിന്റെ പാതയിലൂടെ ആദ്യം സഞ്ചരിച്ചത് വിശുദ്ധ ശ്ലീഹന്മാരാണ് (മത്താ 4,18-22; മര്‍ക്കോ 2,14). ഒരുവന്‍ തനിക്കു സ്വന്തമായുള്ളവയേയും സ്വന്തമാക്കാനുള്ള ആഗ്രഹത്തെത്തന്നെയും ഉപേക്ഷിക്കുമ്പോള്‍ ലോകത്തെ പരിത്യജിക്കുന്നു (Letter 157, To Hilarius).
തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം
ധനികനായ യുവാവിന് ഒരു നല്ല ഗുരുവിനെ ആവശ്യമുണ്ടായിരുന്നു. എന്നാല്‍ കണ്ടെത്തിയപ്പോള്‍ അവന്‍ ഗുരുവിനെ വേണ്ടത്ര വിലമതിച്ചില്ല. തന്റെ അഭിലാഷങ്ങളാല്‍ ബന്ധിക്കപ്പെട്ട് (ചുമലില്‍ സമ്പാദ്യത്തിന്റെ ദുര്‍വഹഭാരവും ചുമന്ന്) ''അവന്‍ സങ്കടത്തോടെ തിരിച്ചുപോയി'' (മത്താ 19,22; മര്‍ക്കോ 10,22) (Tractates on John 34.8).
➤ ഡയനീഷ്യസിന്റെ പേരിലുള്ള കൃതി:
തിരുലിഖിതങ്ങളില്‍ നന്മയായി വെളിപ്പെടുത്തപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നത് ദൈവത്വം മുഴുവനുമാണ്. ''എന്തുകൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്നു വിളിക്കുന്ന്. ദൈവം അല്ലാതെ നല്ലവന്‍ മറ്റാരുമില്ല'' എന്നതിന്റെ അര്‍ത്ഥമിതാണ് (മര്‍ക്കോ 10,18; ലൂക്കാ 18,19). തിരുലിഖിതങ്ങളില്‍ ദൈവത്തിനുപയോഗിച്ചിരിക്കുന്ന നാമങ്ങള്‍ സമ്പൂര്‍ണ്ണ ദൈവത്വത്തെയുമാണ് ഉദ്ദേശിക്കുന്നത്. അതിന്റെ ഏതെങ്കിലും ഭാഗികമായ സവിശേഷതയെയല്ല (The Divine Names 2.1).
➤ വിശുദ്ധ ബീഡ്:
ദൈവികനന്മയില്‍ പങ്കുചേരുന്നതുവഴിയാണ് മനുഷ്യന്‍ നല്ലതായിത്തീരുന്നത് (ഫിലി 2,13; ഹെബ്രാ 13,20-21) (Exposition on the Gospel of Mark 11:4).
➤ വിശുദ്ധ ജറോം:
നിയമങ്ങളെല്ലാം പാലിക്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചവന്‍ മുമ്പേതന്നെ ധനത്തിന്റെ ആകര്‍ഷണത്തിന് അടിമപ്പെട്ടവനായിരുന്നുവെന്ന് തുടക്കത്തില്‍ത്തന്നെ വ്യക്തമാണ് (Letter 118 , To Julian).
ദുര്‍ബലമായ പ്രതികരണം
ധനികനായ യുവാവ് വിഷാദത്തോടെ തിരിച്ചുപോയി. അയാള്‍ കല്‍പനകള്‍ പാലിക്കുന്നതില്‍ എത്ര ദുര്‍ബലനാണെന്ന് ഇതില്‍നിന്നു വ്യക്തമാണ്. പ്രമാണങ്ങള്‍ പാലിക്കുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ അയാള്‍ സത്യത്തോടെയെന്നതിനെക്കാള്‍ അഹങ്കാരത്തോടെയാണ് സംസാരിച്ചത് (Letter 157, To Hilarius).
സമ്പത്ത് ശിഷ്യത്വത്തിനു തടസ്സം
ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് ദുഷ്‌ക്കരമാണെന്നു പറയാന്‍ കാരണം ആ രാജ്യത്തിലെ പൗരന്‍മാര്‍ക്ക് എല്ലാ ബന്ധനങ്ങള്‍ക്കും തടസ്സങ്ങള്‍ക്കുമുപരിയായി പറന്നുയരുന്ന ആത്മാക്കള്‍ ഉണ്ടായിരിക്കണമെന്നതാണ് (മത്താ 19,24; മര്‍ക്കോ 10,25; ലൂക്കാ 18,25). ''പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക'' (മത്താ 19,21; മര്‍ക്കോ 10,21; ലൂക്കാ 18,22). നിന്റെ സമ്പത്തിന്റെ ഒരു ഭാഗമെന്നല്ല മുഴുവന്‍ എന്നാണ് അവിടുന്ന് പറഞ്ഞത്. നിന്റെ സുഹൃത്തുക്കള്‍ക്കോ ബന്ധുമിത്രാദികള്‍ക്കോ ഭാര്യയ്‌ക്കോ മക്കള്‍ക്കോ കൊടുക്കാനല്ല ദരിദ്രര്‍ക്കു കൊടുക്കാനാണ് അവിടുന്നാവശ്യപ്പെട്ടത്.
കലപ്പമേല്‍ കൈവച്ചിട്ട് നീ പിന്‍തിരിഞ്ഞു നോക്കരുത് (ലൂക്കാ 9,62). പുരമുകളില്‍ നില്‍ക്കുന്ന നീ വീടിനകത്തുള്ള വസ്ത്രങ്ങളെപ്പററി ചിന്തിക്കരുത്. ഈജിപ്തുകാരി ഗൃഹനാഥയുടെ പിടിയില്‍നിന്നു രക്ഷപെടാന്‍ ഈ ലോകവുമായി നിന്നെ ബന്ധിപ്പിക്കുന്ന വസ്ത്രം ഉപേക്ഷിച്ചേ മതിയാവൂ (ഉത്പ 39,12). ഏലിയാപോലും സ്വര്‍ഗത്തിലേക്കുയര്‍ത്തപ്പെട്ടപ്പോള്‍ തന്റെ മേലങ്കി കൂടെക്കൊണ്ടുപോകാനാവാതെ, ഈ ലോകത്തിന്റെ വസ്ത്രങ്ങള്‍ ഈ ലോകത്തില്‍ ത്തന്നെ വിട്ടുപേക്ഷിക്കുകയാണു ചെയ്തത് (2 രാജാ. 2,11-13) (Letter 118, To Julian).
➤ ആള്‍സിലെ ചെസാരിയൂസ്:
ആ യുവാവ് ശ്രവിച്ചത് നമ്മളും ശ്രവിച്ചിരിക്കുന്നു. മിശിഹായുടെ സുവിശേഷം സ്വര്‍ഗത്തിലാണെങ്കിലും ഭൂമിയില്‍ പ്രഘോഷിക്കപ്പെടുന്നതില്‍നിന്നു വിരമിക്കുന്നില്ല. അവനുനേരെ മൃതരെപ്പോലെയാകരുത് നമ്മള്‍. എന്തെന്നാല്‍ അവന്‍ ഇടിമുഴക്കം സൃഷ്ടിക്കുന്നു. അവനുനേരെ ചെവിയടയ്ക്കരുത്; അവന്‍ ശബ്ദമുയര്‍ത്തുന്നു. പൂര്‍ണ്ണമായ അനുസരണം നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഇഷ്ടംപോലെ ചെയ്തുകൊള്ളുക.
ഇവിടെയിതാ, ഏറ്റവും അടിസ്ഥാനപരമായ ദൈവികാഹ്വാനം: ''പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു നല്‍കുക; പിന്നെ വന്ന് എന്നെ അനുഗമിക്കുക'' (മത്താ 19,21; മര്‍ക്കോ 10,21; ലൂക്കാ 18,22). നിയമത്തിന്റെ ചെറിയ പാത ഇപ്രകാരമാണു പറയുന്നത്: ''നീ കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, കള്ളസാക്ഷ്യം നല്‍കരുത്, മോഷ്ടിക്കരുത്, നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്‌നേഹിക്കുക'' (മത്താ 19,18-19; മര്‍ക്കോ 10,19; ലൂക്കാ 18,20) (Sermons 153.1).
ധനികരും ദരിദ്രരും
ധനികന്‍ വിഷാദിച്ച് തിരിച്ചുപോയപ്പോള്‍ കര്‍ത്താവു പറഞ്ഞു: ''സമ്പത്തുള്ളവര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത് എത്ര ദുഷ്‌ക്കരം'' (മത്താ 19,25; മര്‍ക്കോ 10,26; ലൂക്കാ 18,26). ധനികരും ദരിദ്രരുമായ ദൈവജനമേ, മിശിഹായെ ശ്രവിക്കുവിന്‍: തങ്ങളുടെ ദാരിദ്ര്യത്തില്‍ അഭിമാനിക്കുന്നെങ്കില്‍ ദരിദ്രര്‍ കൂടുതല്‍ ശ്രദ്ധിച്ചുകേള്‍ക്കട്ടെ. നിങ്ങള്‍ അഹങ്കരിക്കരുത്. അല്ലെങ്കില്‍ വിനീതരായ ധനികര്‍ നിങ്ങളെക്കാള്‍ മുമ്പിലെത്തും. ദുഷ്ടത പ്രവര്‍ത്തിക്കരുത്. അങ്ങനെ ചെയ്താല്‍ ഭക്തരായ ധനികരുടെ മുമ്പില്‍ നിങ്ങള്‍ക്ക് വാക്കുകള്‍ നഷ്ടപ്പെടും. മദ്യാസക്തരാകരുത്. സുബോധമുള്ളവര്‍ നിങ്ങളെ മറികടക്കും (Sermons 153.2).
➤ പോയിറ്റെഴ്‌സിലെ ഹിലരി:
സ്വര്‍ഗ്ഗീയ നിക്ഷേപങ്ങള്‍ തുറക്കുകയും അവര്‍ക്ക് ഒരു വഴികാട്ടിയായിത്തീരുകയും ചെയ്യുമ്പോള്‍ അവിടുന്ന് നന്മ പ്രവര്‍ത്തിക്കുയാണ് (മത്താ 19,21; ലൂക്കാ 18,22). വെറും മനുഷ്യനെന്ന നിലയില്‍ കണ്ട് തനിക്കര്‍പ്പിക്കപ്പെടുന്നവയില്‍ അവിടുന്ന് പ്രസാദിക്കുന്നില്ല. ദൈവത്തിനുള്ള ഗുണങ്ങള്‍ തനിക്കുമുണ്ടെന്ന് അവിടുന്ന് വ്യക്തമാക്കുന്നു. ഏകദൈവം മാത്രമാണ് നല്ലവനെന്നു പറയുമ്പോഴും ആ ദൈവത്തിന്റെ അതുല്യശക്തിയും നന്മയും മറ്റു സ്വഭാവസവിശേഷതകളും വ്യക്തമാക്കുന്ന പ്രവൃത്തികള്‍ ഈശോ തന്നെയും ചെയ്തു (On the Trinity 9.17).
➤ അലക്‌സാണ്ഡ്രിയായിലെ ക്ലെമന്റ്:
രക്ഷ ഇച്ഛിക്കുന്ന ആത്മാക്കള്‍ക്കു ദൈവം അനുകൂലമായ കാറ്റയയ്ക്കുന്നു. എന്നാല്‍ അവര്‍ തങ്ങളുടെ ഉത്സാഹം തുടക്കത്തിലേ കൈവെടിയുകയാണെങ്കില്‍ ഈ കാറ്റിന് തടസ്സം സൃഷ്ടിക്കപ്പെടുന്നു. മനസ്സില്ലാത്തവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് ബലപ്രയോഗത്തിനു തുല്യമാണ്. മനസ്സുള്ളവരെ രക്ഷിക്കുന്നത് കൃപ കാണിക്കുന്നതിന് സമമാണ് (Salvation of the Rich Man 21).
സമ്പത്തിനെപറ്റി: തങ്ങള്‍ ഇപ്പോഴേ നാശത്തിനു വിധിക്കപ്പെട്ടിരിക്കുന്നുവെന്ന് ഇതിനാല്‍ ധനികര്‍ ധരിക്കേണ്ട. തങ്ങളുടെ രക്ഷയ്ക്കുവേണ്ടി പരിശ്രമിക്കാതിരിക്കുകയോ സമ്പത്ത് കടലില്‍ത്തള്ളുകയോ വഞ്ചകനും ശത്രുവുമായി അതിനെ കണക്കാക്കുകയോ വേണ്ട. മറിച്ച് ജീവന്‍ നേടത്തക്ക വിധത്തില്‍ സമ്പത്ത് എങ്ങനെ വിനിയോഗിക്കാമെന്നു പഠിക്കട്ടെ (Salvation of the Rich Man 27).
ധനികര്‍ രക്ഷപെടുമോ?
രക്ഷകന്‍ ധനികരെ സമ്പത്തിന്റെയോ വസ്തുവകകളുടെയോ പേരില്‍ ഒഴിവാക്കുന്നില്ല. അവര്‍ ദൈവകല്പനകളെ നശ്വരവസ്തുക്കളെക്കാള്‍ വിലമതിക്കുകയും അവയ്ക്കു വിധേയപ്പെട്ടു ജീവിക്കാന്‍ മനസ്സാകുകയും ചെയ്താല്‍ അവര്‍ രക്ഷയുടെ തോട്ടത്തിനു പുറത്തുനിര്‍ത്തപ്പെടുകയില്ല. കപ്പല്‍ ജോലിക്കാര്‍ കപ്പിത്താനെത്തന്നെ നോക്കിയിരിക്കുന്നത് അവന്റെ ആഗ്രഹങ്ങളും നിര്‍ദ്ദേശങ്ങളും സൂചനകളും അടയാളങ്ങളും കപ്പലിന്റെ ഗതിയെ എങ്ങോട്ടു നയിക്കുന്നുവെന്നതും ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നതുപോലെ അവര്‍ കര്‍ത്താവില്‍ തങ്ങളുടെ ദൃഷ്ടിയുറപ്പിക്കട്ടെ. സമ്പത്തിന്റെ മധ്യത്തിലും അതിന്റെ മായാവലയത്തില്‍പ്പെടാതെയിരിക്കാനും മിതമായ ആഗ്രഹങ്ങള്‍ മാത്രം വച്ചുപുലര്‍ത്താനും ആത്മനിയന്ത്രണം പാലിക്കാനും ദൈവത്തെ മാത്രം തേടാനും ശ്വസിക്കാനും അവിടുത്തോടൊപ്പം നടക്കാനും സാധിക്കുന്നവന്‍ സമ്പത്തിനാല്‍ അടിമപ്പെടുകയോ മുറിവേല്‍ക്കുകയോ രോഗബാധിതനാവുകയോ ചെയ്യാതെ സ്വാതന്ത്ര്യത്തോടെ ദൈവകല്പനകള്‍ക്കു വിധേയപ്പെടുന്നു. എന്നാല്‍, അങ്ങനെയല്ലെങ്കില്‍ ''ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് അങ്ങനെയൊരു ധനവാന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം'' (മത്താ 19,24; മര്‍ക്കോ 10,25; ലൂക്കാ 18,25) (Salvation of the Rich Man 26).
➤ തെര്‍ത്തുല്യന്‍:
തന്റെ വിഭവങ്ങള്‍ ആവശ്യക്കാരനുമായി പങ്കുവയ്ക്കാനുള്ള നിര്‍ദ്ദേശത്തെ തള്ളിക്കളഞ്ഞ് ധനികനായ യുവാവ് സ്വന്തം തീരുമാനത്തെ പിന്‍തുടര്‍ന്നു. കര്‍ത്താവ് അവനെ അവന്റെ തീരുമാനത്തിനു വിട്ടു (മത്താ 19,16-22; മര്‍ക്കോ 10,17-22; ലൂക്കാ 18,18-27). ഇക്കാരണത്താല്‍ മിശിഹായെ പരുക്കനായ മനുഷ്യന്‍ എന്നു വിളിക്കുന്നതു ശരിയല്ല. എന്തെന്നാല്‍ ഓരോരുത്തനും സ്വന്തമായ ഇച്ഛയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയും. ''ഇതാ, ഞാന്‍ നിങ്ങളുടെ മുമ്പില്‍ നന്മയും തിന്മയും വച്ചിരിക്കുന്നു'' (നിയ 11,26-28; 30,1.15.19; ജോഷ്വ 24,15). നന്മയായിട്ടുള്ളതു തിരഞ്ഞെടുക്കുക. നീ ആഗ്രഹിക്കാത്തതുകൊണ്ട് നിനക്ക് നന്മ തിരഞ്ഞെടുക്കാനാവുന്നില്ലെങ്കില്‍ ആരുടെ ഇഷ്ടമാണോ നീ നിരസിച്ചത് അവനില്‍നിന്നു വേര്‍പിരിയുക ( On Monogamy 14).
സമ്പത്തിന്റെ ക്ലേശങ്ങള്‍
സമ്പത്ത് നല്‍കുന്ന ക്ലേശങ്ങള്‍ നിരവധിയാണ്. കഷ്ടപ്പെട്ട് അവ സമ്പാദിക്കപ്പെടുന്നു; സൂക്ഷിച്ചുവയ്ക്കുമ്പോള്‍ അപഹരണഭയമുണ്ടാകുന്നു. വിനിയോഗത്തില്‍ അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നു: നഷ്ടപ്പെടുമ്പോള്‍ ദുഃഖവുമുണ്ടാകുന്നു. സമ്പത്തുണ്ടെങ്കില്‍ രക്ഷ പ്രാപിക്കുക ദുഷ്‌ക്കരമാണ്. സമ്പത്തിനെ സ്‌നേഹിച്ചാല്‍ രക്ഷ അസാധ്യവുമാണ്. സമ്പത്ത് അല്‍പമായുണ്ടായാല്‍പോലും അതിനോട് വിഹിതമല്ലാത്ത സ്‌നേഹവുമുണ്ടാകാന്‍ സാധ്യതയുണ്ട്. കര്‍ത്താവേ, ഞങ്ങള്‍ക്കുള്ള ധനം ശ്രദ്ധാപൂര്‍വം വിനിയോഗിക്കാനും അങ്ങു നല്‍കുന്നതിനെക്കാള്‍ കൂടുതല്‍ ആഗ്രഹിക്കാതിരിക്കാനും ഞങ്ങളെ പഠിപ്പിക്കണമേ (Letter 203).
➤ പുരോഹിതനായ സാല്‍വിയന്‍:
ദൈവം സ്‌നേഹിക്കുന്ന ധനം എന്താണ്? മക്കള്‍ക്കുവേണ്ടി നമ്മള്‍ കരുതി വയ്ക്കണമെന്ന് ദൈവമാഗ്രഹിക്കുന്ന സമ്പാദ്യമെന്താണ്? അവര്‍ സൂക്ഷിച്ചുവയ്ക്കണമെന്ന് അവിടുന്നാഗ്രഹിക്കുന്ന സമ്പത്ത് ഇവയാണ്: വിശ്വാസം, ദൈവഭയം, അടക്കം, വിശുദ്ധി, ചിട്ട. വിലകെട്ടതോ ഭൗമികമോ നശ്വരമോ നൈമിഷികമോ ആയ ഒന്നുമല്ല (The Four Books of Timothy to the Church 1.4)..
മക്കള്‍ക്ക് വേണ്ടി സമ്പാദിക്കുന്നവര്‍:
മക്കള്‍ക്കുവേണ്ടി വലിയ ഭൗമിക നിക്ഷേപങ്ങള്‍ കരുതിവയ്ക്കുന്നത് ഒരടിയന്തിര ആവശ്യമല്ല. സന്താനങ്ങള്‍ക്കുവേണ്ടി ദൈവത്തിന്റെ നിക്ഷേപങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്നതാണ് കൂടുതല്‍ നല്ലത് (മത്താ 19,21) (The Four Books of Timothy to the Church 1.4).
➤ വിശുദ്ധ ജോണ്‍ കാസിയന്‍:
മിശിഹായുടെ നാമത്തെപ്രതി സ്വന്തം പിതാവിനെയോ മാതാവിനെയോ സന്താനങ്ങളെയോ വിട്ടുപേക്ഷിച്ച് മിശിഹായുടെ നിര്‍മ്മല ശുശ്രൂഷയ്ക്ക് തന്നെത്തന്നെ സ്‌നേഹപൂര്‍വ്വം സമര്‍പ്പിക്കുന്നവന് നൂറിരട്ടി സഹോദരങ്ങളെയും ബന്ധുക്കളെയും ലഭിക്കും (മത്താ 19,29; മര്‍ക്കോ 10,29-30; ലൂക്കാ 18,29-30). ഒന്നിനു പകരം നിരവധി മാതാപിതാക്കളും സഹോദരങ്ങളും കൂടുതല്‍ തീക്ഷ്ണമായ സ്‌നേഹത്താല്‍ തങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നതായി അവര്‍ കാണും. നിങ്ങള്‍ക്കുതന്നെ ഇത് നേരിട്ടനുഭവമാണ്. നിങ്ങളോരോരുത്തരും മാതാപിതാക്കളെയും ഭവനത്തെയും വിട്ടുപേക്ഷിച്ചു. യാതൊരു പ്രയത്‌നവും കൂടാതെ അസംഖ്യം മാതാപിതാക്കളെയും സഹോദരങ്ങളെയും വയലുകളെയും ഭവനങ്ങളെയും വിശ്വസ്ത ദാസരെയും ലോകത്തെവിടെയും കണ്ടെത്താന്‍ കഴിയുന്നു. അവരാകട്ടെ, നിങ്ങളെ സ്വന്തം കുടുംബാംഗങ്ങളെന്നപോലെ സ്വാഗതം ചെയ്യുകയും ബഹുമാനിക്കുകയും ശ്രദ്ധാപൂര്‍വ്വം ശുശ്രൂഷിക്കുകയും ചെയ്യുന്നു (Conferences 3.24.26).
---------********* (....തുടരും).
▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.
(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 1-13 | ഭാഗം 14
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 14-44 | ഭാഗം 15
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 45-56, 7:1-13 | ഭാഗം 16
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 7:13-37 | ഭാഗം 17
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:1-26 | ഭാഗം 18
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:27-38 | ഭാഗം 19
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:1-32 | ഭാഗം 20
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:33-50 | ഭാഗം 21
⧪⧪⧪⧪⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ⧪⧪⧪⧪⧪




















