News

ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവർക്കായി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി

പ്രവാചകശബ്ദം 19-08-2026 - Wednesday

റോം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കായി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ. വിശുദ്ധ അഗതയുടെ തിരുശേഷിപ്പുകൾ കോൺസ്റ്റാന്റിനോപ്പിളിൽ നിന്ന് കത്താനിയയിലേക്ക് മാറ്റിയതിന്റെ ഒൻപതാം ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഇറ്റലിയിലെ സിസിലിയായില്‍ നടന്ന ദിവ്യബലിയർപ്പണത്തിനിടെ നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹത്തിന്റെ ആഹ്വാനം.

രക്തം ചിന്തിയുള്ളത് മാത്രമല്ല, ദൈനംദിന ജീവിതത്തിലെ വിശ്വസ്തതയിൽ ജീവിക്കുമ്പോഴുള്ള രക്തരഹിത രക്തസാക്ഷിത്വവും വിശ്വാസസാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളിലും ദൈവത്തോടുള്ള വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്ന ദമ്പതികൾ, മക്കളെ ക്രൈസ്തവ മൂല്യങ്ങളിൽ വളർത്തുന്ന മാതാപിതാക്കൾ, സത്യത്തിനും നീതിക്കും വേണ്ടി വിട്ടുവീഴ്ച ചെയ്യാത്തവർ, തങ്ങളുടെ ജീവിതം ഉദാരമായി ചെലവഴിക്കുന്ന വൈദികരും സമർപ്പിതരും ഉള്‍പ്പെടെയുള്ളവരുടെ ജീവിതം ഈ ദൈനംദിന വിശുദ്ധിയുടെ ഉദാഹരണണെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.

വിശ്വാസത്തിന്റെ പേരിൽ ജീവൻ നൽകേണ്ടിവന്ന വിശുദ്ധയുടെ ജീവിത മാതൃക ഉയർത്തിക്കാട്ടിയ അദ്ദേഹം, ലോകത്തിന്റെ വിവിധയിടങ്ങളിൽ നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ പശ്ചാത്തലത്തിൽ സഹനങ്ങളിലൂടെ കടന്നുപോകുന്ന ഈ വിശ്വാസികൾക്കായി പ്രാർത്ഥിക്കാൻ ഏവരെയും ആഹ്വാനം ചെയ്തു. ദൈവ വിശ്വാസത്തിന്റെ പേരിലും സുവിശേഷത്തിന്റെ പേരിലും പീഡനമനുഭവിക്കുന്ന അനേകം ക്രൈസ്തവർ ലോകത്തുണ്ടെന്ന് അദ്ദേഹം സ്മരിച്ചു. സിസിലിയിൽ വിശുദ്ധ അഗതയുടെ പേരിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ നടന്ന അനുസ്മരണ ചടങ്ങിലും വിശുദ്ധയുടെ ജീവിതവും രക്തസാക്ഷിത്വവും ഇന്നത്തെ ക്രൈസ്തവർക്കും വിശ്വാസത്തിന്റെ ശക്തമായ പ്രചോദനമാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി അനുസ്മരിച്ചു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »