News
അമേരിക്കയില്‍ ഈ വര്‍ഷം 428 ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിക്കും
പ്രവാചകശബ്ദം 21-04-2026 - Tuesday
വാഷിംഗ്ടണ്‍ ഡിസി: ഈ വർഷം അമേരിക്കയില്‍ നാനൂറിലധികം ഡീക്കന്മാര്‍ പൗരോഹിത്യം സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ശരാശരി 33 വയസ്സ് പ്രായമുള്ളവരാണ് തിരുപ്പട്ടം സ്വീകരിക്കാന്‍ ഒരുങ്ങുന്നതെന്നും സെന്റർ ഫോർ അപ്ലൈഡ് റിസർച്ച് ഇൻ ദി അപ്പസ്തോലേറ്റ് (CARA) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ രൂപതകളിലും സന്യാസ സമൂഹങ്ങളില്‍ നിന്നുമായി ആകെ 428 ഡീക്കന്മാരാണ് തിരുപ്പട്ട സ്വീകരണത്തിന് ഒരുങ്ങുന്നത്. തിരുപ്പട്ടം സ്വീകരിക്കാന്‍ ഒരുങ്ങുന്ന 428 പേരില്‍ 334 പേര്‍ CARA നടത്തിയ സർവേയിൽ പങ്കെടുത്തു.
110 യുഎസ് രൂപതകളെയാണ് ഇവര്‍ പ്രതിനിധീകരിക്കുന്നത്. അഞ്ചില്‍ നാലുപേർ (81%) അതിരൂപതയ്ക്കോ രൂപതയ്ക്കോ വേണ്ടി തിരുപ്പട്ടം സ്വീകരിക്കുന്നവരാണ്. 19% പേർ വിവിധ സന്യാസ സമൂഹങ്ങളില്‍ നിന്നു തിരുപ്പട്ടം സ്വീകരിക്കുന്നു. 2026- ൽ പൗരോഹിത്യ പട്ടം സ്വീകരിക്കാൻ നിശ്ചയിച്ചിരിക്കുന്ന സെമിനാരി വിദ്യാർത്ഥികളെക്കുറിച്ചുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്‌സ് കമ്മിറ്റി ഓൺ ക്ലർജി, കോൺസെക്രേറ്റഡ് ലൈഫ്, വോക്കേഷൻസ്, സിഎആർഎ എന്നിവയുമായി സഹകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
62% വെള്ളക്കാര്‍, ഹിസ്പാനിക് ലാറ്റിന്‍ 17%, ഏഷ്യൻ / പസഫിക് ദ്വീപുവാസികൾ 11%, ആഫ്രിക്കൻ അമേരിക്കക്കാരായ 5% എന്നിങ്ങനെയാണ് വംശീയ അടിസ്ഥാനത്തിലുള്ള കണക്ക്. തിരുപ്പട്ടം സ്വീകരിക്കാന്‍ ഒരുങ്ങുന്നവരില്‍ ഭൂരിഭാഗം പേരും അമേരിക്കയിൽ ജനിച്ചവരാണ് (74%). വിയറ്റ്നാം (5%), മെക്സിക്കോ (3%), കൊളംബിയ (2%), മറ്റ് രാജ്യങ്ങള്‍ (16%) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ ജനിച്ചു അമേരിക്കയിലേക്ക് കുടിയേറിയ മറ്റ് ഡീക്കന്മാരുടെ കണക്ക്.
സെമിനാരിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ആകര്‍ഷിച്ച പ്രാർത്ഥനാ രീതിയില്‍ 81% ഡീക്കന്മാരും തെരഞ്ഞെടുത്തത് ദിവ്യകാരുണ്യ ആരാധനയായിരിന്നു. പതിവായി ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നവരുടെ എണ്ണം 79% ആണെന്നും സര്‍വ്വേ ഫലത്തില്‍ ചൂണ്ടിക്കാട്ടുന്നു. 93% ഡീക്കന്മാരും സെമിനാരിയിൽ പ്രവേശിക്കുന്നതിന് മുമ്പ് കുറഞ്ഞത് ഒരു ഇടവക ശുശ്രൂഷയിലെങ്കിലും പങ്കെടുത്തിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. 79% അൾത്താര സേവകരായും, വിശ്വാസ പരിശീലകരായി 49%, ക്യാമ്പസ് അല്ലെങ്കിൽ യുവജന ശുശ്രൂഷയുമായി ബന്ധപ്പെട്ട് 34% എന്നിങ്ങനെ സേവനം ചെയ്തവരാണ് തിരുപ്പട്ട സ്വീകരണത്തിന് ഒരുങ്ങുന്നതെന്നതും ശ്രദ്ധേയമാണ്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















