News

നിക്കരാഗ്വേയിലെ മതപീഡനത്തില്‍ തടവിലാക്കിയ മെത്രാന്‍ എവിടെ?; വിവരം പുറത്തുവിടണമെന്ന് ഐക്യരാഷ്ട്ര സഭ

പ്രവാചകശബ്ദം 23-07-2026 - Thursday

ജനീവ: നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യം ഭരണകൂടം തടങ്കലിലാക്കിയ മെത്രാന്റെ നിലവിലെ അവസ്ഥ പുറംലോകത്തെ അറിയിക്കണമെന്ന് ഐക്യരാഷ്ട്രസഭ. യുഎന്നിന്റെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായ വോൾക്കർ ടർക്കാണ് ജൂൺ അവസാനം മുതൽ യാതൊരു വിവരവുമില്ലാത്ത ബിഷപ്പ് അബെലാർഡോ മാറ്റയുടെ നിലവിലെ അവസ്ഥയെക്കുറിച്ചും അദ്ദേഹം എവിടെയാണെന്നതിനെക്കുറിച്ചുമുള്ള വിവരങ്ങൾ നൽകണമെന്ന് നിക്കരാഗ്വേയിലെ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ജൂൺ 29-ന് തടവിലാക്കപ്പെട്ട എണ്‍പതുകാരനായ ബിഷപ്പ് അബെലാർഡോ മാറ്റ ഗുവേരയുടെ അവസ്ഥയെക്കുറിച്ചോ അദ്ദേഹം എവിടെയാണെന്നതിനെക്കുറിച്ചോ ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമല്ല. ഈ പശ്ചാത്തലത്തിലാണ് ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണർ രംഗത്ത് വന്നിരിക്കുന്നത്. കത്തോലിക്ക സഭയ്ക്കും മറ്റ് മതവിഭാഗങ്ങൾക്കുമെതിരെ നിക്കരാഗ്വേയില്‍ അരങ്ങേറുന്ന അടിച്ചമർത്തലുകളെക്കുറിച്ചുള്ള റിപ്പോർട്ടുകളും തനിക്ക് ആശങ്കയുണ്ടാക്കുന്നുവെന്ന് ഹൈക്കമ്മീഷണർ ഇന്നലെ ജൂലൈ 22ന് സംഘടനയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു.

അനിയന്ത്രിതമായി തടങ്കലിലാക്കപ്പെട്ട എല്ലാവരെയും ഉടൻ മോചിപ്പിക്കണമെന്നും, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രകാരമുള്ള നിബന്ധനകള്‍ക്ക് വിധേയമായി നിക്കരാഗ്വേ തടവിലാക്കപ്പെട്ടവരോട് മാനുഷികവും മാന്യവുമായ രീതിയിൽ പെരുമാറുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ജൂണ്‍ 28നു രാജ്യത്തെ പീഡിപ്പിക്കപ്പെടുന്ന സഭയ്ക്കു വേണ്ടി വിശുദ്ധ ബലിയര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തിയതിന്റെ പിറ്റേദിവസമാണ് ബിഷപ്പ് അബെലാർഡോയെ സ്വേച്ഛാധിപത്യ ഭരണകൂടം അറസ്റ്റ് ചെയ്തത്. എന്നാല്‍ അദ്ദേഹം എവിടെയാണെണെന്നോ ജീവിച്ചിരിപ്പുണ്ടോയെന്ന് പോലും പുറംലോകത്തിന് ഇന്നു അറിയില്ല.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »