News - 2026
തുടര്‍ച്ചയായ പ്രതിസന്ധികള്‍: വിശുദ്ധ നാട്ടിലെ ക്രൈസ്തവ സാന്നിധ്യം കുറയുന്നതായി ബെനഡിക്ടന്‍ മഠാധിപതി
പ്രവാചകശബ്ദം 25-04-2026 - Saturday
ജെറുസലേം: വിവിധങ്ങളായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന വിശുദ്ധ നാട്ടില്‍ ക്രൈസ്തവ സാന്നിധ്യം കുറയുന്നതായി ബെനഡിക്ടന്‍ സന്യാസിയുടെ വെളിപ്പെടുത്തല്‍. ജെറുസലേമിലെ സീയോൻ പർവതത്തിൽ സ്ഥിതി ചെയ്യുന്ന ബെനഡിക്റ്റൈൻ ഡോർമിഷൻ ആശ്രമ മഠാധിപതിയായ ഫാ. നിക്കോഡെമസ് ഷ്നാബെലാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ജനങ്ങളുടെ പൊതു ധാരണയ്ക്ക് വിരുദ്ധമായി, ക്രൈസ്തവര്‍ അവരുടെ വിശ്വാസത്തിന്റെ കേന്ദ്രമായ വിശുദ്ധ നാട്ടില്‍ വളരെ ചെറിയ ന്യൂനപക്ഷമായി മാറിയതായി ക്രൈസ്തവ സന്നദ്ധ സംഘടനയായ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.
വിവിധ സഭകളില്‍ നിന്നുള്ള ക്രിസ്ത്യൻ സമൂഹങ്ങളെല്ലാം കൂടിചേരുമ്പോള്‍ ജനസംഖ്യയുടെ 2% ൽ താഴെയാണ് ഉള്ളതെന്നും ഇത് വിശുദ്ധ നാട്ടിലെ ആത്മീയ പ്രാധാന്യവും ജനസംഖ്യയിലുള്ള യാഥാർത്ഥ്യവും എടുത്തുകാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശുദ്ധ നാട് ഇപ്പോഴും 13 ചരിത്രപരമായ ദേവാലയങ്ങളുടെയും പാരമ്പര്യങ്ങളുടെയും സമ്പന്നമായ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിലും, ഈ വൈവിധ്യം ആഴത്തിൽ ദുർബലമായ ഒരു സാഹചര്യത്തെ മറയ്ക്കുകയാണ്. പുണ്യസ്ഥലങ്ങൾ ഭൗതികമായി കേടുകൂടാതെയിരിക്കുമെങ്കിലും അവയുടെ ജീവനുള്ള സമൂഹങ്ങൾ നഷ്ടപ്പെടുകയാണ്.
ഭാവിയില്‍ പ്രദേശം പ്രധാനമായും പ്രാദേശിക വിശ്വാസികളേക്കാൾ തീർത്ഥാടകരും വിനോദസഞ്ചാരികളും പരിപാലിക്കുന്ന ഒരുതരം "ക്രിസ്ത്യൻ ഡിസ്നിലാൻഡ്" ആയി മാറുമെന്നും ഫാ. ഷ്നാബെൽ മുന്നറിയിപ്പ് നൽകി. വിശുദ്ധ നാട്ടിലെ ക്രൈസ്തവ സാന്നിധ്യം കുറയുന്നതിനു പിന്നിലെ കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധം, അസ്ഥിരത, സാമ്പത്തിക പ്രതിസന്ധികള്‍, തീർത്ഥാടന ടൂറിസത്തിന്റെ തകർച്ച തുടങ്ങീ നിരവധി ഘടകങ്ങള്‍ ക്രൈസ്തവരെ കുടിയേറാൻ പ്രേരിപ്പിക്കുന്നതായി പ്രധാന മഠാധിപതി എടുത്തുകാട്ടി. മേഖലയിലെ ജനത്തിന്റെ പൊതുവായ ആവശ്യങ്ങളില്‍ അടിയന്തര പിന്തുണയില്ലെങ്കിൽ, വിശുദ്ധ നാട് അതിന്റെ തദ്ദേശീയ ക്രിസ്ത്യൻ ജനസംഖ്യയെ പൂർണ്ണമായും നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















