News
സ്പെയിനില്‍ വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ട 50 രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്
പ്രവാചകശബ്ദം 30-04-2026 - Thursday
വത്തിക്കാന്‍ സിറ്റി: ഒന്‍പത് പതിറ്റാണ്ട് മുന്‍പ് സ്പെയിനില്‍ വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ട അൻപതു രക്തസാക്ഷികൾ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്. 1936-1939 ആഭ്യന്തരയുദ്ധത്തിൽ, വിശ്വാസത്തോടുള്ള വിദ്വേഷം മൂലം സ്പെയിനിൽ കൊല്ലപ്പെട്ട, 49 ഗബ്രിയേയേലിസ്റ്റ് സന്യാസ സമൂഹാംഗങ്ങളുടെയും, ഒരു വൈദികന്റേയും രക്തസാക്ഷിത്വം അംഗീകരിച്ചുക്കൊണ്ട് അവരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തുവാനാണ് ലെയോ പാപ്പ അനുമതി നല്‍കിയിരിക്കുന്നത്.
അല്മായനായ പെദ്രോ മാനുവൽ സലാദോ ആൽബ, നിഷ്പാദുക കർമ്മലീത്ത സന്യാസ സമൂഹാംഗമായ മരിയ എലെത്ത ദി ജെസു, യേശുവിന്റെ ദൈവീകഹൃദയ കർമ്മലീത്ത സന്യാസ സമൂഹാംഗമായ സിസ്റ്റർ മരിയ തെരേസ, മിനിം ടെർഷ്യറി സിസ്റ്റേഴ്സിന്റെ സ്ഥാപക മരിയ റാഫേല്ല ദി ജോവാന്നി എന്നിവരെ ധന്യപദവിയിലേക്കും ഉയർത്തിയിട്ടുണ്ട്. ഏപ്രിൽ 27-ന്, വിശുദ്ധരുടെ നാമകരണ കാര്യങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദ്ദിനാൾ മാർസെല്ലോ സെമെരാരോയ്ക്ക്, ലെയോ പതിനാലാമൻ പാപ്പാ അനുവദിച്ച കൂടിക്കാഴ്ച്ചയുടെ അവസരത്തിലാണ് പാപ്പ ഇവരുടെ നാമകരണത്തിന് അംഗീകാരം നൽകിയത്.
സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് (1936–1939), രാജ്യം റിപ്പബ്ലിക്കൻ, നാഷണലിസ്റ്റ് ശക്തികളായി വിഭജിക്കപ്പെട്ടിരിന്നു. നിരവധി സ്പെയിൻകാർ കടുത്ത അക്രമത്തിന് ഇരയായി. റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ കത്തോലിക്ക വിരുദ്ധ വികാരം പ്രബലപ്പെട്ടിരിന്നു. റിപ്പബ്ലിക്കൻമാരുമായി ഒത്തുചേർന്ന തീവ്ര പൗരോഹിത്യ വിരുദ്ധ ഗ്രൂപ്പുകളായിരിന്നു ഇതിന് ചുക്കാന്‍ പിടിച്ചത്. പുരോഹിതന്മാരെയും മതസ്ഥാപനങ്ങളെയും ആക്രമിക്കുന്നത് വിശാലമായ സാമൂഹിക, രാഷ്ട്രീയ വിപ്ലവത്തിന്റെ ഭാഗമായാണ് അവർ കണ്ടത്.
ഇത് ആയിരക്കണക്കിന് കത്തോലിക്കാ വൈദികരെയും കന്യാസ്ത്രീകളെയും സാധാരണ വിശ്വാസികളെയും കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചു. കൂടാതെ അനേകം ദേവാലയങ്ങളുടെ നാശത്തിനും കാരണമായി. ഇതിനെ "റെഡ് ടെറർ" എന്നാണ് വിശേഷിപ്പിച്ചത്. ഇത്തരത്തില്‍ 1936–1939 കാലഘട്ടത്തിൽ വിശ്വാസപ്രതി മരണം വരിച്ചവരെയാണ് വത്തിക്കാന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നത്. ഔദ്യോഗിക പ്രഖ്യാപന തീയതി പിന്നീട് പ്രഖ്യാപിക്കും.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️


















