News

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ രൂപതയ്ക്കു അഭിമാനമായി പ്രഥമ തിരുപ്പട്ട സ്വീകരണം; ഡീക്കൻ ടോണി കോച്ചേരി അഭിഷിക്തനായി

പ്രവാചകശബ്ദം 03-05-2026 - Sunday

ലണ്ടൻ: പത്തുവർഷം മുന്‍പ് ബ്രിട്ടനില്‍ ആരംഭിച്ച രൂപതയ്ക്കും അരലക്ഷത്തോളം വരുന്ന സഭാവിശ്വാസികൾക്കും അഭിമാനവും സന്തോഷവും ആത്മീത ഉണർവും പകര്‍ന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ പ്രഥമ തിരുപ്പട്ട ശുശ്രൂഷ നടന്നു. ബ്രിട്ടനിലെ കാന്റർബറി റീജണിനു കീഴിൽ വരുന്ന സെന്റ് ജോൺ മരിയ വിയാനി മിഷൻ അംഗവും ചങ്ങനാശ്ശേരി കോച്ചേരിൽ സൈമണിന്റെയും റോസമ്മയുടെയും മകനുമായ ഡീക്കൻ ടോണി കോച്ചേരിയാണ് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൽ നിന്നും വൈദികപട്ടം സ്വീകരിച്ചത്. ടോൾവർത്തിലെ ഔർ ലേഡി ഇമാക്കുലേറ്റ് കത്തോലിക്കാ ദേവാലയം തിരുപ്പട്ട ശുശ്രൂഷകള്‍ക്ക് വേദിയായി. ചങ്ങനാശേരി അതിരൂപത അധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് മാർ തോമസ് തറയിലും ഇംഗ്ലീഷ് മെത്രാന്മാരും ശുശ്രൂഷയില്‍ പങ്കെടുത്തു.

സൗദിയിലെ റിയാദിൽ ജനിച്ച ടോണി, പന്ത്രണ്ടാം വയസിലാണ് ചങ്ങനാശേരി കൂത്രപ്പള്ളി സെൻ്റ് മേരീസ് ഇടവകയിൽ നിന്നും കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് കുടിയേറിയത്. അൾത്താര ബാലനായി തുടങ്ങിയ ആത്മീയ ജീവിതവുമായുള്ള ആഭിമുഖ്യം ലണ്ടനിലെ പുതിയ സാഹചര്യങ്ങളിലും അദേഹം മുറുകെ പിടിച്ചിരിന്നു. ബർമിംങ്ങാം യൂണിവേഴ്സിറ്റിയിൽനിന്നും മീഡിയ ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ ശേഷമാണ് 2017-ല്‍ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ സെന്റ് അൽഫോൻസാ ഇമാക്കുലേറ്റ് ഓഫ് കൺസപ്ഷൻ മൈനർ സെമിനാരിയിൽ ടോണി ചേർന്നത്.

റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫിലോസഫി-തിയോളജി പഠനവും തുടർന്ന് പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഈസ്റ്റേൺ കാനൻ ലോയിൽ (സഭാ നിയമം) ലൈസൻഷിയേറ്റും പൂർത്തിയാക്കി. ടോഗോ, ഘാന, സിംബാംബവേ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ അപ്പസ്തോലിക് ന്യൂണ്‍ഷ്യോയായി സേവനം ചെയ്ത മാർ ജോർജ് കോച്ചേരി, ചങ്ങനാശേരി രൂപതയിലെ മുതിർന്ന വൈദികനായ ഫാ. ദമിയാനോസ് കോച്ചേരി എന്നിവരുടെ കുടുംബത്തിലെ അംഗം കൂടിയാണ് ഡീക്കൻ ടോണി.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »