Events
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ രൂപതയ്ക്ക് കാർഡിഫിൽ പുതിയ ഇടവക
ഷൈമോൻ തോട്ടുങ്കൽ 21-07-2026 - Tuesday
കാർഡിഫ്: കുടിയേറ്റ കാലം മുതൽ മനസിൽ താലോലിച്ച സ്വന്തം ഇടവക ദേവാലയം എന്ന സ്വപ്നം സാക്ഷാത്ക്കരിച്ചതിന്റെ സംതൃപ്തിയിൽ കാർഡിഫിലെ സീറോ മലബാർ വിശ്വാസി സമൂഹം. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ തിരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി നടന്ന തിരുക്കർമ്മങ്ങൾക്ക് മുന്നോടിയായി കാർഡിഫ് മിനിവീയ അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർക്ക് ഓ ടൂലെ യുടെ സാന്നിധ്യത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർഡിഫിലെ സെന്റ് തോമസ് മിഷനെ രൂപതയിലെ ആറാമത്തെ ഇടവകയായ മാർ തോമാ ശ്ലീഹാ ഇടവകയായും ആദ്യ വികാരിയായി റവ. ഫാ. പ്രജിൽ പണ്ടാരപ്പറമ്പിലിനെയും നിയമിച്ചു.
തുടർന്ന് നടന്ന വിശുദ്ധ കുർബാന അർപ്പണത്തിന് മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു. കാർഡിഫ് മിനിവീയ അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ മാർക്ക് ഓ ടൂലെ വിശുദ്ധ കുർബാന മദ്ധ്യേയുള്ള വചന സന്ദേശം നൽകി. രൂപത ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട്, വികാരി ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ എന്നിവർ സഹ കാർമ്മികരായിരുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായി പത്താം വാർഷികത്തിലേക്ക് കടക്കുമ്പോൾ ആറാമത്തെ ഇടവക കാർഡിഫിൽ സ്ഥാപിതമായതിന്റെ സന്തോഷത്തിലാണ് രൂപത അംഗങ്ങളും പ്രത്യേകിച്ച് കാര്‍ഡിഫിലെ സീറോ മലബാർ വിശ്വാസികളും.
ബ്രിട്ടനിലേക്കുള്ള മലയാളി കുടിയേറ്റം ആരംഭിച്ച നാൾ മുതൽ ചെറു സമൂഹമായി രൂപപ്പെട്ട പിന്നീട് രൂപതയുടെ രൂപീകരണം വരെ തദ്ദേശീയ രൂപതകളിൽ ശുശ്രൂഷ ചെയ്തിരുന്ന വൈദികരുടെ സഹായത്തോടെ വിശുദ്ധ കുർബാന സെന്ററുകളായും പിന്നീട് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രൂപീകരണത്തിന് ശേഷം പ്രൊപ്പോസഡ് മിഷനായും പരിണമിച്ചു. രൂപതയിൽ നിന്ന് നിയമിച്ച വൈദികരുടെയും, തദ്ദേശീയ രൂപതയുടെയും വൈദികരുടെയും അത്മായ നേതാക്കളുടെയും അശ്രാന്ത പരിശ്രമ ഫലമായി പിന്നീട് മിഷനായും മാറിയ സമൂഹമാണ് ഇപ്പോൾ മുന്നൂറിനടുത്ത് കുടുംബങ്ങളും 230 കുട്ടികൾ ഉള്‍പ്പെടുന്ന മതബോധന കേന്ദ്രവും മറ്റ് ഭക്ത സംഘടനകളും ഒക്കെ പ്രവർത്തിക്കുന്ന സ്വന്തമായ ദേവാലയത്തോടു കൂടിയ ഇടവകയായി മാറിയത്. കൈക്കാരന്മാരായ സിബിച്ചൻ ജോസഫ്, സിൽവി സജി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിപുലമായ കമ്മറ്റിയാണ് ഇടവക പ്രഖ്യാപനത്തിനും തിരുനാൾ ആഘോഷ പരിപാടികൾക്കും നേതൃത്വം നൽകിയത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















