India
കൃതജ്ഞതയോടെ കോതമംഗലം രൂപതാദിനാഘോഷം
പ്രവാചകശബ്ദം 04-05-2026 - Monday
കോതമംഗലം: കോതമംഗലം രൂപതയിലെ കുടുംബങ്ങളുടെ കുലീനതയാണ് ഈ രൂപതയിലെ ദൈവവിളികളുടെ സമ്പന്നതയെന്ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കോതമംഗലം രൂപതാദിനാഘോഷവും മാർ ജോർജ് പുന്നക്കോട്ടിലിൻ്റെ നവതിയും എപ്പിസ്കോപ്പൽ ഗോൾഡൻ ജൂബിലി ആരംഭവും മാർ ജോർജ് മഠത്തിക്കണ്ടത്തിലിൻ്റെയും രൂപതയുടെയും സപ്‌തി ആഘോഷത്തോടുമനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു മാർ തട്ടിൽ.
മികച്ച സാമൂഹ്യപ്രവർത്തനം ന ടത്തുന്ന രൂപതയാണ് കോതമംഗലം. മിഷനറി ദൈവവിളികളെ ഇനിയും കൂടുതൽ നൽകുവാൻ കോതമംഗലം രൂപത തയാറാകണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. കോതമംഗലം രൂപതയിലും ഇടുക്കി രൂപതയിലും നിറഞ്ഞുനിന്ന് പ്രവർത്തിച്ച ഇടയശ്രേഷ്‌ഠനാണു മാർ ജോർജ് പുന്നക്കോട്ടിൽ. ഒരിക്കലും അലസനായിരിക്കാതെ അശ്രാന്ത പരിശ്രമം നടത്തുന്ന വ്യക്തിത്വമാണ് മാർ പുന്നക്കോട്ടിലിന്റേത്. ലാളിത്യവും നിലപാടുകളുമുള്ള ഇടയശ്രേഷ്‌നാണ് ഇപ്പോഴത്തെ ഇടയൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലെന്നും മാർ തട്ടിൽ പറഞ്ഞു.
ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി ജർമനിയിൽ മെത്രാനായി എന്നതു കോതമംഗലം രൂപ താംഗമായ മാർ ജോഷി പൊട്ടക്കലിലൂടെ അന്വർഥമായത് ഏറെ അഭിമാനമാണെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തി. നവതി ആഘോഷിക്കുന്ന മാർ ജോർജ് പുന്ന ക്കോട്ടിൽ, സപ്‌തതി ആഘോഷിക്കുന്ന മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ജർമനിയിലെ മയിൻസ് രൂപത സഹായമെത്രാൻ മാർ ജോഷി പൊട്ടക്കൽ എന്നിവരെ പൊന്നാടയണിയിച്ച് ഉപഹാരം നൽകി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേ രി ആദരിച്ചു.
70 വർഷക്കാലം പൗരോഹിത്യ ശുശ്രൂഷ ചെയ്‌ത ഫാ. ജോർജ് ഓലിയപ്പുറം സീനിയർ, ജസ്റ്റീസ് ജെ.ബി. കോശി കമ്മീ ഷൻ പഠന സെക്രട്ടറിയായി സേവനം ചെയ്‌ത വാഴക്കാല ഇടവകാംഗം ജസ്റ്റീസ് സി.വി. ഫ്രാൻസിസ്, ആതുരശുശ്രൂഷാ മേഖലയിലും കുടുംബ പ്രേഷിതത്വത്തിലും തൻ്റെ അധ്വാനത്തിൻ്റെ പാദമുദ്ര പതിപ്പിച്ച എസ്‌ഡി സന്യാസ സൂഹത്തിലെ സിസ്റ്റർ ഫൗസ്റ്റിൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ യാക്കോബായ സഭ കോതമംഗലം മേഖല മെത്രാൻ ഏലിയാസ് മാർ ജൂലിയോസ്, കോതമംഗലം രൂപതയിൽ നിന്നുള്ള ബിഷപ്പുമാരായ മാർ തോമസ് പുല്ലോപ്പിള്ളി, മാർ ചാക്കോ തോട്ടുമാരിക്കൽ, മാർ ജോസഫ് കൊടകല്ലിൽ, മാർ ബെന്നി ഇടത്തട്ടേൽ, സിഎംഐ കാർമൽ പ്രോവിൻസ് പ്രൊവിൻഷ്യൽ ഫാ. ജോബി കൊച്ചുമുട്ടം, ഫാ. ഡോ. ഫ്രാ ൻസിസ് ആലപ്പാട്ട്, പി.ജെ. ജോസഫ് എംഎൽഎ, എംപിമാരായ ഫ്രാൻസിസ് ജോർജ്, ഡീൻ കുര്യാക്കോസ്, എംഎ സ്ജെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ അഭയ, പാസ്റ്ററൽ കൗൺസിൽ ജോയിൻ്റ് സെക്രട്ടറി ജിബിൻ ജോസ് എന്നി വർ പ്രസംഗിച്ചു.
മാർ ജോർജ് പുന്നക്കോട്ടിൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോഷി പൊട്ടക്കൽ എന്നിവർ മറുപടി പ്രസംഗം നടത്തി.രൂപത വികാരി ജനറാൾമാരായ മോൺ. പയസ് മലേക്കണ്ടത്തിൽ സ്വാഗതവും മോൺ. വിൻസന്റ് നെടുങ്ങാട്ട് നന്ദിയും പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി മാർ ജോർജ് പുന്നക്കോട്ടിലിൻ്റെ മുഖ്യകാർമികത്വത്തിൽ കൃത ജ്ഞതാബലിയർപ്പിച്ചു. ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ വചനസന്ദേശം നൽകി.

















