News
യേശുവിന്റെ ദർശനം വഴിത്തിരിവായി, ഇസ്ലാം ഉപേക്ഷിച്ച് വീണ്ടും ക്രിസ്തു വിശ്വാസത്തിൽ; അമേരിക്കന്‍ സ്വദേശിയുടെ സാക്ഷ്യം ശ്രദ്ധ നേടുന്നു
പ്രവാചകശബ്ദം 30-12-2023 - Saturday
വാഷിംഗ്ടൺ ഡിസി: ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തതിന് ശേഷം അപ്രതീക്ഷിതമായി യേശുവിനെ കണ്ടുമുട്ടിയതിനെ കുറിച്ച് മൈക്ക് വെസ്റ്റര്‍ഫീല്‍ഡ് എന്ന അമേരിക്കക്കാരന്‍ പുറത്തുവിട്ട വീഡിയോ സാക്ഷ്യം ശ്രദ്ധ നേടുന്നു. “ഐ ഫൗണ്ട് ദി ട്രൂത്ത്” എന്ന പേരിലാണ് മൈക്ക് തന്റെ വീഡിയോ സാക്ഷ്യം പുറത്തുവിട്ടിരിക്കുന്നത്. ക്രൈസ്തവരായ മാതാപിതാക്കള്‍ക്ക് ജനിച്ച് ദൈവഭക്തിയില്‍ വളര്‍ന്ന വ്യക്തിയായിരിന്നു മൈക്ക്. എന്നാല്‍ ഫ്ലോറിഡയിലെ ജയിലില്‍ കണ്ടുമുട്ടിയ മുസ്ലീങ്ങള്‍ നല്‍കിയ ഇസ്ലാമിക പാഠങ്ങളാണ് മൈക്കിനെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ചത്. തന്റെ സഹതടവുകാരായ മുസ്ലീങ്ങളുടെ ചോദ്യങ്ങള്‍ക്ക് തനിക്ക് ഉത്തരമില്ലായിരുന്നുവെന്നു മൈക്ക് പറയുന്നു. അവർ മൈക്കിന്റെ ബലഹീനത ശരിക്കും മുതലെടുക്കുകയായിരുന്നു. അങ്ങനെയാണ് മൈക്ക് ഇസ്ലാമിക വിശ്വാസം സ്വീകരിക്കുന്നത്.
12 വര്‍ഷത്തോളം മുസ്ലീമായിട്ടാണ് താന്‍ ജീവിച്ചതെന്ന്‍ പറഞ്ഞ മൈക്ക്, ഒരു മുസ്ലീം ഇമാമോ പണ്ഡിതനോ ആകണമെന്ന ഉദ്ദേശത്തോടെ ഒരു ഇസ്ലാമിക് സര്‍വ്വകലാശാലയില്‍ കുറേക്കാലം പഠിച്ചുവെന്നും വെളിപ്പെടുത്തി. ഏഴു വര്‍ഷക്കാലം കടുത്ത ഇസ്ലാമായി ജീവിച്ചതിന് ശേഷമാണ് മൈക്ക് ഇസ്ലാമിലെ പല വൈരുധ്യങ്ങളും മനസ്സിലാക്കുന്നത്. അന്നുമുതല്‍ മൈക്ക് യേശുവിനെ കുറിച്ച് വീണ്ടും ചിന്തിക്കുവാന്‍ തുടങ്ങി. ക്രമേണ ബൈബിള്‍ വായിക്കുവാന്‍ തുടങ്ങിയ മൈക്ക്, മുന്‍പ് താന്‍ പഠിച്ച ബൈബിള്‍ കോളേജില്‍ നിന്നും ലഭിച്ച പഴയ ക്രിസ്തീയ പുസ്തകങ്ങളും, ക്രിസ്തുവിനെ കുറിച്ചുള്ള ലീ സ്ട്രോബെല്ലിന്റെ ലേഖനങ്ങളും വായിക്കുകയും, പ്രമുഖ വചനപ്രഘോഷകനായ രവി സക്കറിയയുടെ വീഡിയോകള്‍ കാണുകയും ചെയ്തു.
ഇസ്ലാം വിട്ട് ക്രിസ്തു വിശ്വാസം സ്വീകരിച്ച അബ്ദു മുറേയേ കണ്ടതും മൈക്കിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. തനിക്കുള്ള എല്ലാ സംശയങ്ങളും മൈക്ക് അബ്ദു മുറേയോട് ചോദിച്ചു. 2012-ല്‍ യേശുവിനെ സ്വപ്നത്തിൽ ദർശിക്കുകയായിരിന്നുവെന്നും അത് വഴിത്തിരിവായി മാറുകയായിരിന്നുവെന്നും അദ്ദേഹം പറയുന്നു. ആ സ്വപ്നത്തില്‍ യേശുവിന്റെ രക്തത്തില്‍ കുളിച്ച് നില്‍ക്കുന്നതായാണ് മൈക്ക് കണ്ടത്. ഈ സ്വപ്നം കണ്ടത് എന്തിന് വേണ്ടിയാണെന്ന് അവന് മനസ്സിലായില്ല. യേശുവിന്റെ തീക്ഷ്ണതയുള്ള കണ്ണുകള്‍ തന്നിലേക്ക് തുളച്ച് കയറുകയായിരുന്നുവെന്നു മൈക്ക് പറയുന്നു. താന്‍ കണ്ട സ്വപ്നത്തേക്കുറിച്ച് മൈക്ക് അബ്ദു മുറേയുമായി സംസാരിച്ചു. അതുകേട്ട അബ്ദു ഞെട്ടിപ്പോയി, കാരണം മൈക്കിന് സ്വപ്നമുണ്ടായ അതേ രാത്രിയില്‍ അബ്ദുവും ജോഷ് മക്ഡോവെലും മൈക്കിന് സ്വപ്നത്തില്‍ ദര്‍ശനം നല്‍കണമെന്ന് യേശുവിനോട് പ്രാര്‍ത്ഥിച്ചിരുന്നു.
ദൈവം ആ പ്രാര്‍ത്ഥന കേട്ടുവെന്നും എന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നതിനു യേശുവിന്റെ രക്തം മതിയാകുമെന്ന് തനിക്ക് വെളിപ്പെടുത്തി തന്നുവെന്നും മൈക്ക് പറയുന്നു. ആ നിമിഷം യേശുവാണ് ഏകാക്ഷകൻ എന്ന സത്യം അവന്‍ മനസ്സിലാക്കി. എന്നിരുന്നാലും ഇസ്ലാം ഉപേക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. ഒടുവില്‍ 2013 ജനുവരി മാസത്തിലാണ് മൈക്ക് തന്റെ സര്‍വ്വവും യേശുവിന് അടിയറവുവെച്ചുകൊണ്ട് ക്രിസ്തുവില്‍ പുതുജന്മം ആരംഭിച്ചത്. ഇന്ന്‍ ക്രിസ്റ്റ്യന്‍ സ്റ്റഡീസില്‍ മാസ്റ്റേഴ്സ് ബിരുദമുള്ള വ്യക്തിയാണ് മൈക്ക്. ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടിരിക്കുന്ന മറ്റ് ക്രൈസ്തവര്‍ക്ക് പ്രചോദനമാകുവാന്‍ വേണ്ടി “യേശുവിന്റെ രക്ഷപ്പെടാനാവാത്ത സ്നേഹം” എന്ന മറ്റൊരു വീഡിയോ കൂടി മൈക്ക് പുറത്തുവിട്ടിട്ടുണ്ട്.