News - 2026
മൊസാംബിക്കിലെ ചരിത്ര പ്രസിദ്ധമായ കത്തോലിക്ക ദേവാലയം തീവ്രവാദികള്‍ അഗ്നിയ്ക്കിരയാക്കി
പ്രവാചകശബ്ദം 04-05-2026 - Monday
കാബോ ഡെൽഗാഡോ: മൊസാംബിക്കിലെ ചരിത്രപ്രസിദ്ധമായ കത്തോലിക്ക ദേവാലയം തീവ്രവാദികളുടെ ആക്രമണത്തില്‍ തകര്‍ന്നു. കാബോ ഡെൽഗാഡോ പ്രവിശ്യയിലെ സെന്റ് ലൂയിസ് ഡി മോണ്ട്ഫോർട്ട് ഇടവക ദേവാലയമാണ് ഭീകരര്‍ അഗ്നിയ്ക്കിരയാക്കിയത്. കലാപകാരികൾ നടത്തിയ ആക്രമണത്തിൽ ദേവാലയം പൂർണ്ണമായും കത്തിനശിച്ചതായും ആക്രമണത്തിന്റെ ഞെട്ടലിലാണ് പ്രാദേശിക സമൂഹമെന്നും മൊസാംബിക്കിലെ പെമ്പ രൂപതയുടെ ബിഷപ്പ് അന്റോണിയോ ജൂലിയാസ് ഫെരേര സാന്ദ്രമോ പറഞ്ഞു.
1946 മുതൽ മേഖലയിലെ കത്തോലിക്കാ സാന്നിധ്യത്തിന്റെ പ്രതീകമായ സെന്റ് ലൂയിസ് മോണ്ട്ഫോർട് ഇടവകയിലേക്ക് വൈകുന്നേരം 4 മണിയോടെ ഭീകരർ എത്തിച്ചേരുകയും ആക്രമണം നടത്തുകയുമായിരിന്നുവെന്ന് ബിഷപ്പ് പറഞ്ഞു. തീവ്രവാദികള്‍ ഇടവക ദേവാലയം ആക്രമിക്കുകയും പൂർണ്ണമായും കത്തിക്കുകയുമായിരിന്നു. ഭീകരമായ ഒരു രംഗമായിരുന്നു അത്: വീടുകളും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടു, ആക്രമണത്തിനിടെ സാധാരണക്കാരെ പിടികൂടി അക്രമികൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ കേൾക്കാൻ നിർബന്ധിച്ചുവെന്നും ബിഷപ്പ് വെളിപ്പെടുത്തി.
ആക്രമണ സമയത്ത് ഇടവകയിൽ സേവനമനുഷ്ഠിക്കുന്ന കാമറൂണിയൻ മിഷ്ണറിമാർ അവിടെ ഉണ്ടായിരുന്നില്ല. അതിനാല്‍ അവർ സുരക്ഷിതരാണ്. പക്ഷേ സമൂഹം ഇപ്പോഴും ഞെട്ടലില്‍ തന്നെയാണ് കഴിയുന്നത്. ഏകദേശം ഒമ്പത് വർഷമായി പെമ്പ രൂപതയിൽ ചാപ്പലുകളും പള്ളികളും കത്തിച്ചുകളഞ്ഞുകൊണ്ടിരിക്കുന്നത് തുടരുകയാണെന്നും ബിഷപ്പ് ജൂലിയാസ് പറഞ്ഞു. 2025 ഡിസംബറിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ കർദ്ദിനാൾ പരോളിൻ മൊസാംബിക്കിൽ സന്ദർശനം നടത്തുന്നതിനിടെ അക്രമികള്‍ നടത്തിയ നരഹത്യയില്‍ നൂറുകണക്കിന് ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ഇവരിൽ ഭൂരിഭാഗവും തലയറത്താണ് കൊല്ലപ്പെട്ടത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















