News

ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കെസിബിസി നിർമിച്ച് നൽകുന്ന 70 വീടുകൾ ഇന്നു കൈമാറും

പ്രവാചകശബ്ദം 14-05-2026 - Thursday

താമരശ്ശേരി: 2024ലെ ഉരുൾ ദുരന്തത്തിൽ തകർന്നടിഞ്ഞ വിലങ്ങാടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കെസിബിസി നിർമിച്ച് നൽകുന്ന വീടുകളുടെ ഒന്നാം ഘട്ട കൈമാറ്റം ഇന്ന്. നിർമാണം പൂർത്തിയാക്കിയ 70 വീടുകൾ ഇന്നു കുടുംബങ്ങൾക്ക് കൈമാറും. ഉരുൾ ദുരന്തമുണ്ടായി രണ്ടു വർഷം തികയും മുന്‍പേ, 21 മാസംകൊണ്ട് ദുരിതബാധിതരായ 70 പേർക്ക് മികച്ച സൗകര്യങ്ങളോടുകൂടിയ ഭവനം നിർമിച്ചു നൽകിയ കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ സാമൂഹിക പ്രതിബദ്ധത അടിവരയിടുന്നതാണ് ഈ കാരുണ്യ പ്രവര്‍ത്തനം.

70 വീടുകൾക്കും ഒരേ പ്ലാനിന് പകരം അംഗങ്ങളുടെ എണ്ണം നോക്കി വ്യത്യസ്തമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മേഖലയിൽ പലയിടങ്ങളിലായി ഒരുക്കിയ വീടുകൾ ടൗൺഷിപ്പിൽ നിന്ന് വ്യത്യസ്‌തമായി സ്വന്തം വീട് എന്ന തോന്നൽ ശക്തിപ്പെടുത്തുമെന്നും സഭാനേതൃത്വം അറിയിച്ചു. വിവിധ രൂപതകൾ, സന്യാസസഭകൾ, സാമൂഹിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഭവനനിർമാണ പ്രവർത്തനങ്ങൾ നടത്തിയത്.

പുനരധിവാസ പദ്ധതി നിർവഹണ ചുമതല കേരള സോഷ്യൽ സർവീസ് ഫോറത്തെയാണു കെസിബിസി ഏൽപ്പിച്ചത്. കേരള സോഷ്യൽ സർവീസ് ഫോറത്തിൻ്റെ താമരശേരി രൂപത ഘടകമായ സിഒഡിയാണു വീട് നിർമാണം പൂർത്തീകരിച്ചത്. ചടങ്ങിൽ പുനരധിവാസ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും.

പുതിയ എട്ടു വീടുകളുടെ നിർമാണം, ജീവനോപാധി സാധ്യതകൾ വർധിപ്പിക്കൽ, പ്രകൃതി ദുരന്തങ്ങളിൽ കർമനിരതരാകാൻ പ്രാപ്‌തരായ ടാസ്‌ക് ഫോഴ്‌സ് ടീം രൂപവത്കരണം, മാനസിക പിന്തുണക്കായുള്ള കൗൺസിലേഴ്‌സ് ടീം ശക്തീകരണം എന്നിവയ്ക്കാണു രണ്ടാം ഘട്ടത്തിൽ മുൻഗണന നൽകുന്നത്. ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. തലശേരി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. താമരശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ആമുഖ പ്രഭാഷണം നടത്തും.

വടകര എംപി ഷാഫി പറമ്പിൽ, നിയുക്ത നാദാപുരം എംഎൽഎ കെ.എം. അഭിജിത്ത്, മേപ്പയൂർ സലാഫിയ കോളജ് അസോസിയേഷൻ പ്രസിഡന്‍റ് ഡോ. ഹുസൈൻ മടവൂർ, സിഒഡി. പ്രസിഡൻ്റ് മോൺ. ഏബ്രഹാം വയലിൽ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ, കെസിബിസി ഡിസാസ്റ്റർ മിറ്റിഗേഷൻ കമ്മിറ്റി അംഗവും രാഷ്ട്രദീപിക മാനേജിംഗ് ഡയറക്‌ടറുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വാണിമേൽ പഞ്ചായത്ത് പ്രസിഡന്‍റ് പ്രദീപ്, കെ എസ്എസ്എഫ് ഡയറക്‌ടർ ഫാ. ജേക്കബ് മാവുങ്കൽ, സിഒഡി ഡയറക്‌ടർ ഫാ. സായി പാറൻകുളങ്ങര, ദേവഗിരി സെന്റ് ജോസഫ്സ് കോളജ് അഡ്‌മിസിസ്ട്രേറ്റർ ഫാ. ബോണി അഗസ്റ്റിൻ സിഎംഐ, സിസ്റ്റർ ഡോ. ആർദ്ര എസ്ഐസി (പ്രസിഡന്റ്- കെസിഎംഎസ്, കെസിബിസി), അപ്പസ്തോലിക് കാർമൽ സിസ്‌റ്റേഴ്‌സ് പ്രൊവിൻഷ്യൽ സിസ്റ്റർ ജസീന, വിലങ്ങാട് ഫൊറോന വികാരി ഫാ. വിൽസൺ മുട്ടത്തുകുന്നേൽ, റെജി ജെ. കരോട്ട് (ഓൾ കേരള ലേ അനിമേറ്റർ, ജീസസ് യൂത്ത്) തുടങ്ങിയവർ പ്രസംഗിക്കും. പദ്ധതിക്കു പിന്തുണ നൽകിയ വിവിധ സംഘടനകളുടെ പ്രതിനിധികളും ച ടങ്ങിൽ പങ്കെടുക്കും. 2024 ജൂലൈ 30നാണ് വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് പ്രദേശവാസികളുടെ സര്‍വ്വതും കാര്‍ന്നെടുത്ത ദുരന്തമുണ്ടായത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »