News - 2026

താമസാനുമതി ഇസ്രായേൽ റദ്ദാക്കി; ബെത്‌ലഹേമില്‍ സേവനം ചെയ്ത കത്തോലിക്ക വൈദികന്‍ സ്വദേശത്തേക്ക് മടങ്ങി

പ്രവാചകശബ്ദം 20-05-2026 - Wednesday

ജെറുസലേം: താമസാനുമതി പുതുക്കാൻ ഇസ്രായേൽ ഭരണകൂടം തയാറാകാത്തതിനെ തുടര്‍ന്നു ബെത്‌ലഹേമിന് സമീപമുള്ള ബെയ്റ്റ് സഹൂരില്‍ സേവനം ചെയ്തുകൊണ്ടിരിന്ന കത്തോലിക്ക വൈദികന്‍ സ്വദേശത്തേക്ക് മടങ്ങി. ഫാ. ലൂയിസ് സൽമാന്‍ എന്ന വൈദികനാണ് ഇസ്രായേൽ ഭരണകൂടത്തിന്റെ കടുംപിടുത്തത്തെ തുടർന്ന് ജോർദാനിലേക്ക് മടങ്ങിയത്. യേശുവിന്റെ ജനനം ഇടയന്മാർക്ക് വെളിപ്പെടുത്തിയ സ്ഥലമായി വിശ്വസിക്കപ്പെടുന്ന ബെയ്റ്റ് സഹൂർ പട്ടണത്തിൽ അദ്ദേഹം അവസാനമായി അര്‍പ്പിച്ച വിശുദ്ധ കുർബാന വൈകാരികമായിരിന്നുവെന്നു 'പ്രീമിയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രിയപ്പെട്ട നാടായ പാലസ്തീൻ വിട്ട്, സുവിശേഷത്തിന്റെയും നീതിയുടെയും ദൗത്യം തുടർന്നുകൊണ്ട് മാതൃരാജ്യമായ ജോർദാനിലേക്ക് മടങ്ങുകയാണെന്നു അദ്ദേഹം ഇടവക ജനത്തിന് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. വൈദികന്‍ ഇടവകയില്‍ അര്‍പ്പിച്ച അവസാന ദിവ്യബലിയില്‍ ഏകദേശം 150 യുവജനങ്ങളും പങ്കെടുത്തിരിന്നു. പലസ്തീനിലെ യുവജനങ്ങളുടെ ചാപ്ലെയിൻ എന്ന നിലയിൽ, ഫാ. ലൂയിസ് മേഖലയിലെ യുവജനങ്ങള്‍ക്കു ഇടയില്‍ വലിയ സ്വാധീനം ചെലുത്തിയിരിന്നു. യുവജന സ്വാധീനവും അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങളും ഇസ്രായേല്‍ ഭരണകൂടത്തെ ചൊടിപ്പിച്ചതായും ഇത് വൈദികന്റെ വിസ റദ്ദാക്കുവാന്‍ കാരണമായതായും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.

നാലു വര്‍ഷം മുന്‍പ് പാലസ്തീനില്‍, മാധ്യമ പ്രവര്‍ത്തകയും ക്രൈസ്തവ വിശ്വാസിയുമായ ഷിരീൻ അബു അക്ലേ ഇസ്രായേലി സൈന്യത്തിന്റെ വെടിയേറ്റ്‌ കൊല്ലപ്പെട്ടപ്പോള്‍ മൃതസംസ്കാര ശുശ്രൂഷയ്ക്കും വിലാപ യാത്രയ്ക്കും ഫാ. ലൂയിസാണ് നേതൃത്വം നൽകിയത്. ഇത് ഉള്‍പ്പെടെ വൈദികന്‍ മേഖലയില്‍ ചെലുത്തുന്ന സ്വാധീനത്തിലുള്ള ആശങ്കയെ തുടര്‍ന്നാകാം താമസാനുമതിയ്ക്കുള്ള വിലക്കെന്ന് കരുതപ്പെടുന്നു. വിശുദ്ധവാരത്തിലും ഈസ്റ്റർ ചടങ്ങുകളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ, കന്യാസ്ത്രീകൾക്കും വൈദികര്‍ക്കും നേരെയുള്ള ആക്രമണങ്ങൾ, ക്രിസ്തീയ പ്രതീകങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടങ്ങീ വിശുദ്ധ നാട്ടില്‍ ക്രൈസ്തവര്‍ക്ക് നേരെ വിവിധ ഭീഷണികള്‍ ഉയരുന്നതിനിടെയാണ് വൈദികനുള്ള അനുമതിയും ഇസ്രായേല്‍ ഭരണകൂടം റദ്ദാക്കിയിരിക്കുന്നത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »