News - 2026

2030-ലെ യേശുവിന്റെ ജ്ഞാനസ്നാന മഹാ ജൂബിലിയ്ക്കു ഒരുക്കങ്ങളുമായി ഇസ്രായേലും ജോര്‍ദാനും

പ്രവാചകശബ്ദം 25-07-2026 - Saturday

ജോര്‍ദാന്‍/ ജെറുസലേം: 2030-ൽ നടക്കാനിരിക്കുന്ന യേശുവിന്റെ ജ്ഞാനസ്നാനത്തിന്റെ രണ്ടായിരാം വര്‍ഷത്തിന്റെ വാർഷികാഘോഷങ്ങൾക്കായി തയ്യാറെടുപ്പുകൾ ആരംഭിച്ചതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം. ഇതിനായി, ആഗോള ക്രൈസ്തവ സമൂഹവുമായുള്ള ബന്ധങ്ങൾക്കായുള്ള പ്രത്യേക പ്രതിനിധിയുടെ നേതൃത്വത്തിൽ പ്രത്യേക കർമസമിതിക്ക് രൂപം നൽകിയതായി മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രി ഗിദിയോൺ സാർ, അംബാസഡർ ജോർജ്ജ് ഡീക്ക് എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക കർമസമിതി. ലോകമെമ്പാടുമുള്ള ഇരുനൂറ് കോടിയിലധികം വരുന്ന ക്രൈസ്തവർക്ക് അഗാധമായ ആത്മീയ പ്രാധാന്യമുള്ള ഒരു നാഴികക്കല്ലാണ് ഈ വാർഷികമെന്നാണ് ഇസ്രായേല്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ലോകമെമ്പാടുമുള്ള സഭകളുമായും ക്രൈസ്തവ നേതാക്കളുമായും ഉള്ള സംഭാഷണങ്ങൾ ശക്തിപ്പെടുത്തുന്നതിനും, ലക്ഷക്കണക്കിന് ക്രൈസ്തവ തീർത്ഥാടകരുടെ വരവിനായി തയ്യാറെടുപ്പുകൾ നടത്തുന്നതിനുമായി കർമസമിതി രൂപീകരിച്ചതായി മന്ത്രാലയം 'എക്സ്' (X) പ്ലാറ്റ്‌ഫോമിലെ പോസ്റ്റിലൂടെയാണ് പൊതു സമൂഹത്തെ അറിയിച്ചത്. ജോർദാൻ നദിയിലെ ജ്ഞാനസ്നാനസ്ഥലം വർഷം തോറും ലക്ഷക്കണക്കിന് ക്രൈസ്തവ തീർത്ഥാടകരെ ആകർഷിക്കാറുണ്ടെങ്കിലും, ക്രൈസ്തവ ലോകത്തേക്കുള്ള ഇസ്രായേലിന്റെ പ്രത്യേക പ്രതിനിധിയായ അംബാസഡർ ജോർജ്ജ് ഡീക്കിന്റെ നേതൃത്വത്തിൽ നടക്കുന്ന പുതിയ സംരംഭം വഴി കൂടുതല്‍ തീര്‍ത്ഥാടകരെത്തുവാന്‍ വഴി തുറക്കുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം, 2030-ലെ വാർഷികാഘോഷങ്ങൾക്കായി ജോർദാൻ ഇതിനകം തന്നെ വികസന പ്രവർത്തനങ്ങളും ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ഈ വർഷം ആരംഭത്തില്‍ തന്നെ, ജോർദാനിലെ അബ്ദുള്ള രണ്ടാമൻ രാജാവ് കത്തോലിക്കാ, ഓർത്തഡോക്സ് സഭകളിലെ നേതാക്കളുടെ യോഗം വിളിച്ചുചേർത്തിരുന്നു. ഇസ്രായേൽ ഭാഗത്തുള്ള 'ഖസർ എൽ-യഹൂദ്' എന്ന സ്ഥലത്തിന് നേരെ എതിർവശത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. തീർത്ഥാടകർക്കുള്ള സേവനങ്ങൾ വിപുലീകരിക്കുന്നതും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള 2030-ലെ ജൂബിലി ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്ക് ജോർദാൻ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »