News
യുക്രൈനിലെ പുരാതന ക്രൈസ്തവ ആശ്രമം തകര്‍ത്ത റഷ്യയെ അപലപിച്ച് ക്രൈസ്തവ നേതാക്കള്‍
പ്രവാചകശബ്ദം 17-06-2026 - Wednesday
കീവ്: യുക്രൈനിലെ കീവില്‍ ആയിരം വർഷം പഴക്കമുള്ള ക്രിസ്ത്യൻ ആശ്രമം അഗ്നിയ്ക്കിരയാക്കിയ റഷ്യയെ അപലപിച്ച് ക്രൈസ്തവ നേതാക്കള്‍. ഇക്കഴിഞ്ഞ ജൂണ്‍ 15 പുലര്‍ച്ചെയാണ് കീവ് പെച്ചേഴ്സ് ലാവ്ര ആശ്രമ സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ഡോർമിഷൻ കത്തീഡ്രല്‍ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തില്‍ അഗ്നിയ്ക്കിരയായത്.
യുനെസ്കോ ലോക പൈതൃക സ്ഥലമായി അംഗീകരിച്ച ഓർത്തഡോക്സ് ആശ്രമമായ കീവ് പെച്ചേർസ്ക് ലാവ്രയിൽ നടന്ന റഷ്യയുടെ ആക്രമണത്തെ യുക്രൈനിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് വിശ്വാൽദാസ് കുൽബോകാസ് അപലപിച്ചു. ഏകദേശം 30 ബാലിസ്റ്റിക് മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും ഉപയോഗിച്ച് റഷ്യ നടത്തിയ ആക്രമണം അപലപനീയമാണെന്ന് അപ്പസ്തോലിക് ന്യൂൺഷ്യോ പറഞ്ഞു. എല്ലാ യുദ്ധത്തിനും ഉത്തരവാദികളായവരുടെ പരിവർത്തനത്തിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരിത്രത്തിനെതിരെയും മനുഷ്യരാശിക്കെതിരെയും, ക്രിസ്തീയ വിശ്വാസത്തിനുമെതിരെ നടന്ന കുറ്റകൃത്യമെന്നാണ് യുക്രൈനിലെ ഓർത്തഡോക്സ് സഭയുടെ അദ്ധ്യക്ഷനായ എപ്പിഫാനിയസ് വിശേഷിപ്പിച്ചത്. ഡോർമിഷൻ കത്തീഡ്രലിനു സംഭവിച്ച മുറിവുകൾ യുദ്ധത്തിൽ പരിക്കേറ്റ യുക്രേനിയൻ ജനതയുടെ ദയനീയതയെ പ്രതിനിധീകരിക്കുകയാണെന്നു യുക്രൈനിലെ ഓർത്തഡോക്സ് സഭയുടെ സിനഡൽ ഡിപ്പാർട്ട്മെന്റ് ഫോർ ഇൻഫർമേഷൻ തലവനായ ആര്‍ച്ച് ബിഷപ്പ് ക്ലിമെന്റ് പറഞ്ഞു. ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും പുണ്യസ്ഥലങ്ങളുടെ നാശത്തിനും കാരണമായ യുക്രൈന് നേരെ റഷ്യൻ സൈനിക ആക്രമണത്തെ രാജ്യത്തെ സഭ ശക്തമായി അപലപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തെ അപലപിച്ചുകൊണ്ട് യുക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭയും രംഗത്ത് വന്നിട്ടുണ്ട്. ലാവ്രയ്ക്കെതിരായ റഷ്യൻ ആക്രമണം ക്രിസ്തീയതയ്ക്കും യുക്രൈനിന്റെ ആത്മീയ, ചരിത്ര, സാംസ്കാരിക പൈതൃകത്തിനെതിരെയുമുള്ള മറ്റൊരു കുറ്റകൃത്യമാണെന്നു സഭാനേതൃത്വം പ്രസ്താവിച്ചു. റഷ്യയുടെ അധിനിവേശത്തിന്റെ തുടക്കം മുതൽ, യുക്രൈനിലെ ക്രിസ്ത്യൻ, മുസ്ലീം, യഹൂദ സമൂഹങ്ങളുടെ ഏകദേശം എണ്ണൂറു കെട്ടിടങ്ങൾ പൂർണ്ണമായോ ഭാഗികമായോ നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്നും യുക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭ പ്രസ്താവിച്ചു.
കഴിഞ്ഞ ദിവസം റഷ്യ നടത്തിയ ആക്രമണത്തില്‍ കത്തീഡ്രലിന്റെ മേൽക്കൂരയ്ക്ക് തീപിടിക്കുകയായിരിന്നു. അഗ്നിശമന സേനാംഗങ്ങളുടെ ഇടപെടലിനെ തുടര്‍ന്നു ദേവാലയത്തില്‍ മറ്റ് വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. അതേസമയം തീപിടുത്തത്തിൽ കത്തീഡ്രലിന്റെ മേൽക്കൂരയുടെ 80 ശതമാനത്തിലധികവും തകർന്നതായി 'റോയിട്ടേഴ്സ്' ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️


















