News - 2026
ഇന്തോനേഷ്യയിലെ ഭൂകമ്പത്തിൽ സഹായഹസ്തവുമായി കത്തോലിക്ക സഭ
പ്രവാചകശബ്ദം 17-08-2026 - Monday
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ഫ്ലോറെസ് ദ്വീപിലുണ്ടായ ഭൂകമ്പത്തിൽ സഹായഹസ്തവുമായി കത്തോലിക്ക സഭ. കത്തോലിക്ക സഭയും കാരിത്താസ് ഇന്തോനേഷ്യയും ചേർന്ന് 'വണ്‍ ചര്‍ച്ച്, വണ്‍ റെസ്പോണ്‍സ്' എന്ന ലക്ഷ്യത്തോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. താൽക്കാലിക കൂടാരങ്ങൾ നിർമ്മിക്കുകയും കുടിവെള്ളവും ഭക്ഷണവും ശുചിത്വ കിറ്റുകളും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. വൈദ്യുതി തടസ്സവും ആശയവിനിമയ സൗകര്യങ്ങളുടെ അഭാവവും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ടെങ്കിലും സഭയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ സജീവമായി തുടരുകയാണ്.
ഫ്ലോറെസ് ദ്വീപിലുണ്ടായ ശക്തമായ ഭൂകമ്പം വലിയ നാശനഷ്ടങ്ങളാണ് വിതച്ചിരിക്കുന്നത്. തൊള്ളായിരത്തോളം വീടുകൾ പൂർണ്ണമായും തകർന്നു. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച റുട്ടെങ് രൂപതയുടെ മെത്രാൻ സിപ്രിയാനസ് ഹോർമാറ്റ് വലിയ വേദനയുടെ ഈ നിമിഷത്തിലും ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കാൻ ഇന്തോനേഷ്യൻ ജനതയ്ക്ക് സാധിക്കുമെന്നും, ഭൂകമ്പത്തിന്റെ ഇരുളിൽ ദൈവം തീർച്ചയായും ഒരു പുതിയ പ്രഭാതം കൊണ്ടുവരുമെന്നും പറഞ്ഞു.
ഭൂകമ്പത്തിൽ റുട്ടെങ്ങിലെ കത്തീഡ്രൽ ഉൾപ്പെടെ അന്‍പതിലധികം പള്ളികൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഐമേരെയിലെ ഒരു പള്ളി പൂർണ്ണമായി തകരുകയും ചെയ്തു. ശനിയാഴ്ചയുണ്ടായ 7.7 തീവ്രതയുള്ള ഭൂകമ്പത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലെ അവശിഷ്ടങ്ങൾക്കിടയിൽ ഫ്ലോറസിലെ രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുന്നതിനിടെ പുതിയ പുതിയ ഭൂകമ്പം ഉണ്ടായി. ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 53 ആയി ഉയർന്നിരിക്കുകയാണ്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















