News
മെക്സിക്കോയിലെ റോഡുകള്‍ക്കരികെ യേശുവിന്റെ തിരുഹൃദയ ചിത്രങ്ങളുമായി ബില്‍ ബോര്‍ഡുകള്‍
പ്രവാചകശബ്ദം 20-06-2026 - Saturday
ഗ്വാഡലജാര: യേശുവിന്റെ തിരുഹൃദയത്തിന് പ്രത്യേകം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ജൂണ്‍ മാസത്തില്‍ മെക്സിക്കോയിലെ വിവിധ നഗരങ്ങളിലെ റോഡുകള്‍ക്കരികെ യേശുവിന്റെ തിരുഹൃദയ ചിത്രങ്ങളുമായി ബില്‍ ബോര്‍ഡുകള്‍ സജീവം. തിരുഹൃദയ മാസാചരണത്തിന്റെ ഭാഗമായി, വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പങ്കിടുക എന്ന ലക്ഷ്യത്തോടെയാണ് മെക്സിക്കോ സിറ്റി, പ്യൂബ്ല, ഗ്വാനജുവാറ്റോ, ജാലിസ്കോ എന്നിവിടങ്ങളിലെ റോഡുകള്‍ക്ക് സമീപം തിരുഹൃദയ ചിത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. വാഹനമോടിക്കുന്നവരെയും കാൽനടയാത്രക്കാരെയും യേശുവിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുഹൃദയ ചിത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്.
"ഞാൻ നിന്നിൽ ആശ്രയിക്കുന്നു" എന്ന വാക്യവും തിരുഹൃദയ ചിത്രത്തോടൊപ്പം ആലേഖനം ചെയ്തിട്ടുണ്ട്. ക്യാംപെയ്‌നിന്റെ ഏറ്റവും വലിയ സാന്നിധ്യമുള്ള നഗരങ്ങളിലൊന്നായ ഗ്വാഡലജാരയിൽ ബ്രെൻഡ ലൂർദ് ഡെൽ റിയോ എന്ന ആക്ടിവിസ്റ്റും "വിശ്വാസത്തിലെ സഹോദരന്മാർ" എന്ന് വിശേഷിപ്പിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളും ചേർന്നാണ് ഗ്വാഡലജാരയിൽ ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. തിരുഹൃദയ പ്രചരണം നടത്തുകയെന്ന ഒരേ പ്രചോദനത്തിൽ നിന്നാണ് ഇവയെല്ലാം ഉരുത്തിരിഞ്ഞതെങ്കിലും, ഓരോ സംസ്ഥാനത്തും വ്യത്യസ്ത ആളുകളാണ് ഇത് പ്രോത്സാഹിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ കത്തോലിക്ക മാധ്യമമായ ഇഡബ്ല്യുടിഎന്നിന്‍റെ റേഡിയോ നെറ്റ്‌വർക്കിന്റെ അനുബന്ധ സ്ഥാപനമായ സ്പിരിറ്റ് കാത്തലിക് റേഡിയോയുടെ നേതൃത്വത്തില്‍ യുഎസിലുടനീളം തിരുഹൃദയ ബില്‍ബോര്‍ഡ് റോഡരികില്‍ സ്ഥാപിച്ചിരിന്നു. ജൂണ്‍ മാസം സ്വവര്‍ഗാഭിമുഖ്യം പുലര്‍ത്തുന്നവര്‍ പ്രൈഡ് മാസമായി ആചരിക്കുമ്പോള്‍ അതിന് മറുപടിയായി ജൂണ്‍ യേശുവിന്റെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട മാസമാണെന്ന് ഓര്‍മിപ്പിക്കുന്ന വിധത്തിലായിരിന്നു ഇവ ഒരുക്കിയിരിന്നത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



















