News
സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 12:1-27 | ഭാഗം 26
ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ 27-06-2026 - Saturday
വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം പന്ത്രണ്ടാം അധ്യായത്തിലെ മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ, സീസറിന് നികുതി, പുനരുത്ഥാനത്തെ സംബന്ധിച്ച വിവാദം എന്നീ സുവിശേഷ ഭാഗങ്ങളെ കുറിച്ചു വിശുദ്ധ അംബ്രോസ്, വിശുദ്ധ ആഗസ്തീനോസ്, വിശുദ്ധ ക്രിസോസ്‌തോം, രക്തസാക്ഷിയായ ജസ്റ്റിന്‍, തെര്‍ത്തുല്യന്‍, ഒരിജന്‍, ഡമാസ്‌കസിലെ ജോണ്‍ എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷ ഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.
♦️ വചനഭാഗം: കര്‍ഷകരുടെ ഉപമ- വിശുദ്ധ മര്‍ക്കോസ് 12:1-12 (മത്താ 21,33-46) (ലൂക്കാ 20,9-19)
1 ഈശോ അവരോട് ഉപമകള്‍വഴി സംസാരിക്കാന്‍ തുടങ്ങി. ഒരുവന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു; അതിനുചുറ്റും വേലികെട്ടി; മുന്തിരിച്ചക്കു സ്ഥാപിച്ചു; ഒരു ഗോപുരവും പണിതു. അതു കൃഷിക്കാരെ ഏല്‍പിച്ചിട്ട് അവന്‍ അവിടെനിന്നു പോയി. 2 സമയമായപ്പോള്‍ മുന്തിരിഫലങ്ങളില്‍ നിന്ന് തന്റെ ഓഹരി ശേഖരിക്കാന്‍ അവന്‍ കൃഷിക്കാരുടെ അടുത്തേക്കു ഭൃത്യനെ അയച്ചു. 3 എന്നാല്‍, അവര്‍ അവനെ പിടിച്ച് അടിക്കുകയും വെറും കൈയോടെ പറഞ്ഞയയ്ക്കുകയും ചെയ്തു. 4 വീണ്ടും അവന്‍ മറ്റൊരു ഭൃത്യനെ അയച്ചു. അവര്‍ അവനെ തലയ്ക്കു പരിക്കേല്‍പിക്കുകയും അപമാനിച്ചയയ്ക്കുകയും ചെയ്തു.
5 അവന്‍ വീണ്ടും ഒരുവനെ അയച്ചു. അവനെ അവര്‍ കൊന്നുകളഞ്ഞു. മറ്റു പലരെയും അയച്ചു. ചിലരെ അവര്‍ അടിക്കുകയും ചിലരെ കൊല്ലുകയും ചെയ്തു. 6 അവന് ഇനി ഒരുവന്‍ മാത്രം അവശേഷിച്ചു - തന്റെ പ്രിയപുത്രന്‍. എന്റെ പുത്രനെ അവര്‍ മാനിക്കും എന്നു പറഞ്ഞ് അവസാനം അവനെയും അവരുടെയടുത്തേക്ക് അയച്ചു. 7 കൃഷിക്കാര്‍ പരസ്പരം പറഞ്ഞു: ഇവനാണ് അവകാശി; ഇവനെ നമുക്കു കൊന്നുകളയാം; അവകാശം നമ്മുടേതാകും. 8 അവര്‍ അവനെ പിടിച്ചു കൊന്നു മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു.
9 ഇനി മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ എന്തു ചെയ്യും? അവന്‍ വന്ന് ആ കൃഷിക്കാരെ നശിപ്പിച്ച് മുന്തിരിത്തോട്ടം വേറെ ആളുകളെ ഏല്പിക്കും. 10 ഈ വിശുദ്ധലിഖിതം നിങ്ങള്‍ വായിച്ചിട്ടില്ലേ? പണിക്കാര്‍ ഉപേക്ഷിച്ച കല്ലുതന്നെ മൂലക്കല്ലായിത്തീര്‍ന്നു. 11 ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്. നമ്മുടെ ദൃഷ്ടിയില്‍ ഇത് അത്ഭുതകരമായിരിക്കുന്നു. 12 തങ്ങള്‍ക്കെതിരായിട്ടാണ് ഈ ഉപമ അവന്‍ പറഞ്ഞതെന്നു മനസ്‌സിലാക്കി അവര്‍ അവനെ പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ജനക്കൂട്ടത്തെ അവര്‍ ഭയപ്പെട്ടു. അതുകൊണ്ട്, അവര്‍ അവനെ വിട്ടുപോയി.
***************************************************************
➤ വിശുദ്ധ അംബ്രോസ്:
മത്തായിയും മര്‍ക്കോസും രേഖപ്പെടുത്തിയിരിക്കുന്നത്, 'എന്റെ മകനെ അവര്‍ ബഹുമാനിക്കും' എന്നു പറഞ്ഞ് അവന്‍ തന്റെ ഏകമകനെ അവരുടെ പക്കലേക്കയച്ചു എന്നാണ് (മത്താ 21,37; മര്‍ക്കോ 12,6). ലൂക്കാ ഫലത്തെക്കുറിച്ച് തീര്‍ച്ചയില്ലാത്ത മട്ടില്‍ എഴുതി യിരിക്കുന്നു (ലൂക്കാ 20,13). ആദ്യ രണ്ടു സുവി ശേഷകരും ''എന്റെ പുത്രനെ അവര്‍ മാനിക്കും'' എന്നുറപ്പായവിധത്തിലാണ് എഴുതിയിരിക്കുന്നത്. ദൈവത്തിന് സന്ദേഹമില്ല. അവിടുത്തെ ചതിക്കാനാവുകയുമില്ല. ഭാവിയെക്കുറിച്ച് അറിവി ല്ലാത്തവരെയേ വഞ്ചിക്കാനാവൂ. ഒന്നു പ്രവചിച്ചിട്ട് മറ്റൊന്ന് സംഭവിക്കുമ്പോള്‍ തെറ്റു പറ്റുന്നു. എങ്കിലും ഇവിടെ പുത്രനെക്കുറിച്ച് പിതാവ് ഒന്നു പറഞ്ഞിട്ട് മറ്റൊന്ന് സംഭവിച്ചില്ലേ എന്നു സംശയി ക്കാം. പുത്രന്‍ പ്രഹരിക്കപ്പെട്ടു, പരിഹസിക്കപ്പെട്ടു, ക്രൂശിക്കപ്പെടുകയും മരിക്കുകയും ചെയ്തു.
മുമ്പേ അയയ്ക്കപ്പെട്ട എല്ലാവരെയുംകാള്‍ കൂടുതല്‍ അവന്‍ സഹിച്ചു. ഇവിടെ പിതാവിന് തെറ്റു പറ്റിയോ? അവിടുന്ന് അജ്ഞനും നിസഹായനു മായിരുന്നോ? ഇല്ല, പിതാവ് വഞ്ചിക്കപ്പെടുകയോ പുത്രന്‍ വഞ്ചിക്കുകയോ ചെയ്യുന്നില്ല. മറിച്ച്, വിവിധ ശൈലികളില്‍ സംസാരിക്കുന്ന വിശുദ്ധ ഗ്രന്ഥത്തിന്റെ പ്രത്യേകതയാണിവിടെ കാണു ന്നത്. ദൈവത്തിനറിയാവുന്നവ അറിയില്ല എന്ന വിധത്തില്‍ അവതരിപ്പിക്കപ്പെടുന്നു. ത്രിത്വത്തിലെ മൂന്നാളുകള്‍ തമ്മിലുള്ള ഐക്യത്തെ ഇതു സൂചിപ്പിക്കുന്നു. പിതാവിലും പുത്രനിലും ഒരേ സ്വഭാവം ചിത്രീകരിക്കപ്പെടുന്നു. പിതാവ് തനി ക്കറിയാവുന്നത് വെളിപ്പെടുത്തുന്നില്ല. പിതാവിന്റെ പ്രതിരൂപമായ പുത്രനും (2 കോറി 4,4; കൊളോ 1,15) തനിക്കറിയാവുന്നവ വെളിപ്പെടുത്തുന്നില്ല (The Christian Faith 5.17, 214-18).
➤ വിശുദ്ധ ആഗസ്തീനോസ്:
അവനെ കൊല്ലുന്നതു വഴി അവകാശം നിങ്ങളുടേതാകുമെന്നു നിങ്ങള്‍ കരുതി. എന്നാല്‍, അവനെ കൊന്നിട്ടും അവകാശം നിങ്ങളുടേതായില്ല. ഈ സങ്കീര്‍ത്തനം നിങ്ങള്‍ വായിച്ചിട്ടില്ലേ; ''ഞാന്‍ കിടന്നുറങ്ങുന്നു; എഴു ന്നേല്‍ക്കുകയും ചെയ്യുന്നു'' (സങ്കീ 3,5). അവനെ കൊന്നുവെന്ന സംതൃപ്തിയോടെ നിങ്ങളായിരുന്ന പ്പോള്‍ അവനുറങ്ങുകയായിരുന്നു. അവനാഗ്രഹി ച്ചില്ലായിരുന്നെങ്കില്‍ അവനുറങ്ങുമായിരുന്നുമില്ല. ''എന്റെ ജീവന്‍ സമര്‍പ്പിക്കാനും അതു തിരികെയെടുക്കാനും എനിക്കധികാരമുണ്ട്'' (യോഹ 10,7).
അതിക്രമികള്‍ മദിച്ചുകൊള്ളട്ടെ. ഭൂമി മുഴുവന്‍ ''ദുഷ്ടരുടെ കൈകളില്‍ ഏല്‍പ്പിക്കപ്പെട്ടുകൊ ള്ളട്ടെ'' (ജോബ് 9,24). അവന്റെ ശരീരം പീഡകരുടെ കൈകളിലേല്‍പ്പിക്കപ്പെട്ടുകൊള്ളട്ടെ. അവര്‍ അവനെ ആണികളുപയോഗിച്ചു കുരിശില്‍ തറയ്ക്കുകയും കുന്തംകൊണ്ട് കുത്തിമുറിവേല്‍പ്പി ക്കുകയും ചെയ്തുകൊള്ളട്ടെ. ഉറങ്ങുന്നവന്‍ പറയുന്നു: ''ഞാന്‍ എഴുന്നേല്ക്കുന്നു'' (മത്താ 27,63; മര്‍ക്കോ 8,13; 10,34; ലൂക്കാ 18,33) (On Psalm 41; On the Feast of the Martyrs 9).
♦️ വചനഭാഗം: സീസറിന് നികുതി- വിശുദ്ധ മര്‍ക്കോസ് 12: 13-17 (മത്താ 22,15-22) (ലൂക്കാ 20,20-26)
13 അവനെ വാക്കില്‍ കുടുക്കുന്നതിനുവേണ്ടി കുറെ ഫരിസേയരെയും ഹേറോദേസ് പക്ഷക്കാരെയും അവര്‍ അവന്റെ അടുത്തേക്ക് അയച്ചു. 14 അവര്‍ വന്ന് അവനോടു പറഞ്ഞു: ഗുരോ, നീ സത്യവാനാണെന്നും ആരുടെയും മുഖം നോക്കാതെ നിര്‍ഭയം ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നെന്നും ഞങ്ങള്‍ അറിയുന്നു. സീസറിനു നികുതി കൊടുക്കുന്നതു നിയമാനുസൃതമോ അല്ലയോ? 15 അവരുടെ കാപട്യം മനസ്‌സിലാക്കി അവന്‍ പറഞ്ഞു: നിങ്ങള്‍ എന്തിന് എന്നെ പരീക്ഷിക്കുന്നു? ഒരു ദനാറ എന്റെയടുത്തു കൊണ്ടുവരുക. ഞാന്‍ കാണട്ടെ. 16 അവര്‍ അതു കൊണ്ടുവന്നപ്പോള്‍ അവന്‍ ചോദിച്ചു: ഈ രൂപവും ലിഖിതവും ആരുടേതാണ്? സീസറിന്‍േറത് എന്ന് അവര്‍ പറഞ്ഞു. 17 ഈശോ അവരോടു പറഞ്ഞു: സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക. അവര്‍ അവനെക്കുറിച്ച് വിസ്മയിച്ചു.
***************************************************************
➤ വിശുദ്ധ ക്രിസോസ്‌തോം:
അവനെ കൊല്ലാനുള്ള പദ്ധതി ആലോചിക്കുമ്പോഴും അവര്‍ അവനെ ബഹുമാനിക്കുന്നതായി നടിച്ചു (The Gospel of St. Matthew, Homily 70.1).
➤ രക്തസാക്ഷിയായ ജസ്റ്റിന്‍: ഞങ്ങള്‍ ദൈവത്തെ മാത്രം ആരാധിക്കുന്നു. എന്നാല്‍ ഭൗമിക കാര്യങ്ങളില്‍ നിങ്ങളെ ഭരണാധികാരി കളും ചക്രവര്‍ത്തികളുമായി കണ്ട് സേവനം ചെയ്യുന്നു. നിങ്ങള്‍ക്ക് അധികാരത്തോടൊപ്പം മനസ്സുഖവും ഉണ്ടാകാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കു ന്നു. ഞങ്ങളുടെ യാചനകള്‍ നിങ്ങള്‍ കൈക്കൊ ള്ളുകയോ ഞങ്ങളുടെ സത്യപ്രസ്താവനകള്‍ നിങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്നിരി ക്കട്ടെ. എങ്കിലും ഞങ്ങള്‍ ഭഗ്നാശരാകുന്നില്ല. എന്തെന്നാല്‍, ഓരോരുത്തരും സ്വന്തം ഇച്ഛയാല്‍ ചെയ്യുന്ന പ്രവൃത്തികളെല്ലാം അന്ത്യനാളില്‍ വിധിക്കു വിധേയമാകുമെന്ന് ഞങ്ങളറിയുന്നു. ദൈവം ഏല്‍പിച്ച ഉത്തരവാദിത്ത്വങ്ങള്‍ക്ക് ഓരോ രുത്തരും കണക്കു കൊടുക്കേണ്ടിവരും (റോമാ 14,12;) (First Apology 17).
➤ വിശുദ്ധ ആഗസ്തീനോസ്:
ചക്രവര്‍ത്തിയുടെ ഛായ അദ്ദേഹത്തിന്റെ പുത്രനിലും ഒരു നാണയ ത്തിലും പ്രത്യക്ഷമാകുന്നത് വ്യത്യസ്ത രീതിയി ലാണ്. രാജാവിന്റെ മുദ്ര തന്നില്‍ വഹിക്കുന്നതിനെക്കുറിച്ച് നാണയത്തിനവബോധമില്ല. എന്നാല്‍ നിങ്ങള്‍ ദൈവത്തിന്റെ നാണയമാകുന്നു - മനസ്സും ജീവനുമുള്ള ഉയര്‍ന്ന തരം നാണയങ്ങള്‍. നിങ്ങള്‍ ആരുടെ മുദ്ര വഹിക്കുന്നുവോ അവനെ അറിയു കയും ചെയ്യുന്നു (ഉത്പ 1,26-27; 2 കോറി 3,2-3) (Sermons on the New Testament Lessons).
ദൈവത്തിന്റെ നാണയങ്ങള്‍:
നമ്മള്‍ ദൈവത്തിന്റെ സമ്പത്താണ്. എന്നാല്‍ നമ്മള്‍ രാജകീയ ഭണ്ഡാരത്തില്‍നിന്നു പുറത്തേക്കു വീണുരുണ്ടു പോയ നാണയങ്ങളാണ്. ഒരിക്കല്‍ നമ്മില്‍ പതിഞ്ഞിരുന്ന മുദ്ര അലഞ്ഞു തിരിയുന്നതിനിട യില്‍ തേഞ്ഞുപോയിരുന്നു. ആദ്യം നമുക്കു രൂപം നല്‍കിയവന്‍ തന്നെയാണ് തന്റെ മുദ്ര വീണ്ടും നമ്മില്‍ പതിക്കുന്നത്. സീസര്‍ തന്റെ നാണയം തേടുന്നതുപോലെ അവിടുന്നുതന്നെ തന്റെ നാണയം തേടി കണ്ടെടുക്കുന്നു. ഈയര്‍ത്ഥത്തി ലാണ്, ''സീസറിനുള്ളത് സീസറിനും ദൈവത്തി നുള്ളത് ദൈവത്തിനും കൊടുക്കുവിന്‍'' എന്ന് അവിടുന്നു പറയുന്നത് (മത്താ 22,21; മര്‍ക്കോ 12,17; ലൂക്കാ 20,25). സീസറിന് തന്റെ നാണയങ്ങളും ദൈവത്തിന് നിങ്ങളെത്തന്നെയും നല്‍കുക (Tractates on John 40.9).
ദൈവത്തിന്റേത് ദൈവത്തിനു നല്‍കുക:
സീസര്‍ തന്റെ ഛായയെ അന്വേഷിക്കുന്നു; കൊടുക്കുക. ദൈവം തന്റെ പ്രതിഛായയെ തേടുന്നു; കൊടുക്കുവിന്‍. സീസറിന്റെ നാണയം പിടിച്ചുവയ്ക്കരുത്. ദൈവ ത്തിന്റെ നാണയവും പിടിച്ചുവയ്ക്കരുത്. ഇതിനെ ക്കുറിച്ച് അവര്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. അവനെ അപകീര്‍ത്തിപ്പെടുത്താന്‍ വന്നവര്‍ നിശബ്ദരായി തിരിച്ചുപോയി. എന്തെന്നാല്‍ അവന്‍ അവരുടെ പല്ലുകളെ അവരുടെ വായില്‍ത്തന്നെ ചിതറിച്ചു (On the Psalms 58.8).
➤ തെര്‍ത്തുല്യന്‍:
സീസറിന്റെ ഛായയുള്ളത്, അതായത് നാണയം, സീസറിനു കൊടുക്കുക. ദൈവത്തിന്റെ ഛായ പതിഞ്ഞിരിക്കുന്ന വ്യക്തിയെ ദൈവത്തിനു നല്‍കുക (ഉത്പ 1,26-27; 9,6; 1 കോറി 11,7). നിങ്ങള്‍ സീസറിന് നാണയം നല്‍കുക. എന്നാല്‍ ദൈവത്തിന് നിങ്ങളെത്തെന്നെ നല്‍കുക (On Idolary 15).
ഹൃദയത്തില്‍നിന്നുള്ള പ്രാര്‍ത്ഥന:
നിത്യനും ജീവിക്കുന്നവ നുമായ സത്യദൈവത്തോട് ഭരണാധികാരികളുടെ സുരക്ഷിതത്വത്തിനുവേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥി ക്കാറുണ്ട്. ''ദൈവങ്ങളെന്നു വിളിക്കപ്പെടുന്നവയ്‌ക്കെല്ലാം ഉപരിയായ അവന്റെ അനുഗ്രഹം രാജാക്കന്മാര്‍ ആഗ്രഹിക്കാറുമുണ്ട്. ഞങ്ങളുടെ നിഷ്‌കളങ്കമായ കരങ്ങള്‍ വിടര്‍ത്തിക്കൊണ്ടും അഭിമാനത്തോടെ ശിരസുയര്‍ത്തിക്കൊണ്ടും പ്രേരിപ്പിക്കാനാരുമില്ലാതെ ഞങ്ങള്‍ സ്വര്‍ഗത്തി ലേക്കു നോക്കി, ഹൃദയത്തില്‍നിന്നു പ്രാര്‍ത്ഥിക്കുന്നു.
എല്ലാ ചക്രവര്‍ത്തിമാര്‍ക്കുംവേണ്ടി, അവര്‍ക്കു ദീര്‍ഘായുസ്സും സുരക്ഷിതമായ സാമ്രാജ്യവും സുസ്ഥിരമായ ഭരണകേന്ദ്രവും വേണ്ടത്ര പ്രതിരോധ സംവിധാനവും വിശ്വസ്ത മായ ആലോചനാസഭയും രാജ്യസഭയും പരിശീ ലനം ലഭിച്ച ജനതയും ശാന്തമായ ദേശവും തുടങ്ങി സീസര്‍ വ്യക്തപരമായും പൊതുവായും ആഗ്രഹിക്കുന്നതെല്ലാം ലഭിക്കാന്‍ പ്രാര്‍ത്ഥി ക്കുന്നു (ജറെ 29,7; ദാനി 6,21; 1 തിമോ 2,1-2; 1 പത്രോ 2,13-17) (Apology 30).
➤ ഒരിജന്‍:
ഹെബ്രായരുടെ ഇടയില്‍ നില നിന്നിരുന്ന അടിമത്ത വ്യവസ്ഥ അനുശാസിച്ചിരു ന്നതുപോലെ ദൈവപുത്രന്‍ അടിമത്തത്തി ലകപ്പെട്ടവരെപ്രതി ദാസന്റെ രൂപം സ്വീകരിച്ചു (ഫിലി 2,7). നമുക്കുവേണ്ടി അവന്‍ നികുതിയും കരവുമൊടുക്കി. സീസറിന്റേതു കൈവശമുള്ളവന്‍ അതു സീസറിനു നല്‍കട്ടെ. അതുവഴി ദൈവ ത്തിന്റേതു സ്വതന്ത്രമായി ദൈവത്തിനു നല്‍കാന്‍ അവനു കഴിയട്ടെ. എന്തെന്നാല്‍, നമ്മുടെ കര്‍ത്താവ് താന്‍ എടുക്കുകയോ ചെലവഴിക്കു കയോ സ്വന്തമാക്കു കയോ ചെയ്യാത്ത കടം നമുക്കുവേണ്ടി വീട്ടിത്തീര്‍ത്തു (Commentary on Matthew 13.10).
♦️ വചനഭാഗം: പുനരുത്ഥാനത്തെ സംബന്ധിച്ച വിവാദം- വിശുദ്ധ മര്‍ക്കോസ് 12: 18-27 (മത്താ 22,23-33) (ലൂക്കാ 20,27-40).
18 അനന്തരം, പുനരുത്ഥാനം ഇല്ല എന്നു പറഞ്ഞിരുന്ന സദുക്കായര്‍ അവനെ സമീപിച്ചു ചോദിച്ചു: 19 ഗുരോ, ഒരുവന്‍ സന്താനമില്ലാതെ മരിക്കുകയും ഭാര്യ ജീവിച്ചിരിക്കുകയും ചെയ്യുന്നെങ്കില്‍ അവന്റെ സഹോദരന്‍ അവളെ ഭാര്യയായി സ്വീകരിച്ച്, അവനുവേണ്ടി സന്താനങ്ങളെ ഉത്പാദിപ്പിക്കണമെന്നു മോശയുടെ കല്‍പനയില്‍ ഉണ്ട്. 20 ഒരിടത്ത് ഏഴു സഹോദരന്‍മാരുണ്ടായിരുന്നു. ഒന്നാമന്‍ ഒരുവളെ വിവാഹം ചെയ്തു. അവന്‍ സന്താനമില്ലാതെ മരിച്ചു. 21 രണ്ടാമന്‍ അവളെ സ്വീകരിച്ചു. അവനും സന്താനമില്ലാതെ മരിച്ചു. മൂന്നാമനും അങ്ങനെതന്നെ സംഭവിച്ചു. 22 ഇങ്ങനെ ഏഴുപേരും സന്താനമില്ലാതെ മരിച്ചു. അവസാനം ആ സ്ത്രീയും മരിച്ചു.
23 പുനരുത്ഥാനത്തില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അവള്‍ ആരുടെ ഭാര്യയായിരിക്കും? അവള്‍ ഏഴുപേരുടെയും ഭാര്യയായിരുന്നല്ലോ. 24 ഈശോ അവരോടു പറഞ്ഞു: വിശുദ്ധലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത്? 25 എന്തെന്നാല്‍, മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അവര്‍ വിവാഹം ചെയ്യുകയോ ചെയ്തു കൊടുക്കുകയോ ഇല്ല. മറിച്ച്, അവര്‍ സ്വര്‍ഗത്തിലെ ദൂതന്‍മാരെപ്പോലെ യായിരിക്കും.
26 മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനെക്കുറിച്ച്, ദൈവം മുള്‍പ്പടര്‍പ്പില്‍നിന്നു മോശയോട് അരുളിച്ചെയ്തത് എന്താണെന്ന് മോശയുടെ പുസ്തകത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? അവിടുന്നു പറഞ്ഞു: ഞാന്‍ അബ്രാഹത്തിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആണ്. 27 അവിടുന്നു മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. നിങ്ങള്‍ക്കു വലിയ തെറ്റുപറ്റിയിരിക്കുന്നു.
***************************************************************
➤ തെര്‍ത്തുല്യന്‍:
അവന്റെ വിശ്വാസ്യതയെ തകര്‍ക്കാനുദ്ദേശിച്ച് അത്യന്തം വിഷമകരമായ ഒരു പ്രശ്‌നം അവന്റെ മുമ്പില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് അവര്‍ ഒരു കഥ മെനഞ്ഞു. മരണശേഷമുള്ള ശരീരത്തിന്റെ അവസ്ഥയാ യിരുന്നു പ്രശ്‌നത്തിന്റെ കാതല്‍. മരണശേഷം ശരീരം വിവാഹത്തിനു വിധേയമാകുമോ എന്നവര്‍ കേള്‍ക്കാനാഗ്രഹിച്ചു. അഞ്ചുപേരെ വിവാഹം ചെയ്ത സ്ത്രീ ഉയിര്‍പ്പിനുശേഷം ആരുടെ സ്വന്തമാകും എന്നതാണവര്‍ ഉന്നയിച്ച പ്രശ്‌നം (മത്താ 22,23-32; മര്‍ക്കോ 12,18-27; ലൂക്കാ 20,27-40).
സദ്ദുക്കായര്‍ ഉയിര്‍പ്പില്‍ വിശ്വസിച്ചിരുന്നില്ല; ഈശോയാകട്ടെ അതിനെ ഉറപ്പിച്ചു പറഞ്ഞിരുന്നു. അതിനാല്‍ അവരെ രണ്ടു വിധത്തില്‍ അവന്‍ കുറ്റപ്പെടുത്തി. ഒന്നാമതായി പുനരുത്ഥാനത്തെ പ്രഖ്യാപിക്കുന്ന തിരുലിഖിതത്തെക്കുറിച്ച് അവര്‍ അജ്ഞരായതിനാല്‍. രണ്ടാമതായി മരിച്ചവരെ ഉയിര്‍പ്പിക്കാനുള്ള ദൈവശക്തിയെ അവിശ്വസിച്ചതിനാല്‍. തുടര്‍ന്ന് മരിച്ചവരുടെ ഉയിര്‍പ്പിനെപ്പറ്റി അവിടുന്ന് സംശയരഹിതമായി പഠിപ്പിച്ചു (On the Resurrection of the Flesh 36).
അസൂയയുടെ അവസാനം
ഈ ലോകത്തില്‍നിന്നു വേര്‍പെട്ടവര്‍ക്ക് പുനരുത്ഥാനദിവസം ഇതുപോലെ ജഡികമായ അവസ്ഥ തിരികെ കൈവരുമെന്ന് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വാഗ്ദാനം ഇല്ല. മറിച്ച് അവര്‍ മാലാഖമാരുടെ അവസ്ഥയി ലേക്കും വിശുദ്ധിയിലേക്കും രൂപാന്തരപ്പെടും (മത്താ 22,30; മര്‍ക്കോ 12,25; ലൂക്കാ 20,36). അതിനാല്‍ത്തന്നെ പുനരുത്ഥാനത്തില്‍ ആ സ്ത്രീയുടെ ഏഴു ഭര്‍ത്താക്കന്മാരില്‍ ആര്‍ക്കും ജഡികാഭിലാഷമോ അതില്‍നിന്നുണ്ടാകുന്ന അസൂയയോ ഉണ്ടായിരിക്കുകയില്ല (To His Wife 1.1).
ആത്മീയ പങ്കാളിത്തം
നമ്മളില്‍നിന്നു വേര്‍ പിരിഞ്ഞ ജീവിതപങ്കാളിയുമായി കൂടുതല്‍ ആഴമുള്ള ബന്ധം നമുക്കുണ്ടാകും. എന്തെന്നാല്‍ നമ്മള്‍ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക്, ആത്മീയ പങ്കാളികളുടെ ഉയര്‍ന്ന അവസ്ഥയി ലേക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നു. അവിടെ നമ്മള്‍ നമ്മെയും നമ്മുടെ പ്രിയപ്പെട്ടവരെയും തിരിച്ച റിയും. നമ്മള്‍ ശരീരത്തില്‍ പുനരുജ്ജീവിപ്പിക്ക പ്പെടുകയും ബോധത്തില്‍ അങ്ങനെയല്ലാതിരി ക്കുകയും ചെയ്യുന്നെങ്കില്‍ എന്തു പ്രയോജനം? ഇപ്പോള്‍ ദൈവത്തില്‍ ഒന്നായിരിക്കുന്ന നമ്മള്‍ അവിടെയും അങ്ങനെതന്നെ തുടരും. ഈ ജീവിത ത്തില്‍ ദൈവം താന്‍ യോജിപ്പിച്ചവരെ വേര്‍പിരി യാന്‍ (മരണംമൂലം) ആവശ്യപ്പെടുന്നെങ്കിലും നിത്യജീവിതത്തില്‍ ഒരിക്കലും അങ്ങനെയുണ്ടാ വുകയില്ല (On Monogamy 10).
➤ വിശുദ്ധ ആഗസ്തീനോസ്:
നമ്മള്‍ വിശ്വസിക്കു ന്നതുപോലെ സദ്ദുക്കായര്‍ പുനരുത്ഥാനത്തില്‍ വിശ്വസിച്ചിരുന്നില്ല. എന്തെന്നാല്‍ അവര്‍ ''തിരു ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ മനസി ലാക്കിയിരുന്നില്ല'' (മത്താ 22,29). ദൈവം നഷ്ടപ്പെ ട്ടതിനെ വീണ്ടെടുക്കുന്നവനും മരണമടഞ്ഞതിനെ ഉയിര്‍പ്പിക്കുന്നവനും അഴുകിയതിനെ പുനരുജ്ജീവിപ്പിക്കുന്നവനും ക്ഷയിച്ച് ചിതറിപ്പോയവയെ ശേഖരിച്ചു കൂട്ടുന്നവനുമാണെന്ന് അവര്‍ ഗ്രഹിച്ചില്ല. എന്നാല്‍ കര്‍ത്താവ് പ്രസ്തുത വാഗ്ദാനം നമുക്കു നല്‍കിയിരിക്കുന്നു. നിന്റെ സ്‌നേഹം പരീക്ഷിക്കപ്പെട്ടേക്കാം. എങ്കിലും നിന്റെ പ്രത്യാശ ക്ഷയിക്കാത്തവിധം വിശ്വാസം ഇക്കാര്യങ്ങളെ ക്കുറിച്ച് നിന്നോടു സംസാരിക്കട്ടെ (Letter 263, To sapida).
➤ ഡമാസ്‌കസിലെ ജോണ്‍:
ഉത്ഥാനത്തിനു ശേഷം കര്‍ത്താവിന്റെ ശരീരം, അടച്ചിരുന്ന വാതിലിലൂടെ അകത്തുപ്രവേശിച്ചു. ഭക്ഷണ പാനീയങ്ങളോ ഉറക്കമോ ആവശ്യം വന്നില്ല. കര്‍ത്താവ് പറയുന്നു: ''അവര്‍ ദൈവദൂതന്മാരെ പ്പോലെയായിരിക്കും'' (മര്‍ക്കോ 12,25; ലൂക്കാ 20,36). അവിടെ വിവാഹമോ സന്താനോല്‍പ്പാദനമോ ഉണ്ടായിരിക്കുകയില്ല (Orthodox Faith 4.27).
--------********* (....തുടരും).
▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.
(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 1-13 | ഭാഗം 14
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 14-44 | ഭാഗം 15
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 45-56, 7:1-13 | ഭാഗം 16
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 7:13-37 | ഭാഗം 17
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:1-26 | ഭാഗം 18
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:27-38 | ഭാഗം 19
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:1-32 | ഭാഗം 20
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:33-50 | ഭാഗം 21
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 10:1-31 | ഭാഗം 22
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 10:32-52 | ഭാഗം 23
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 11:1-14 | ഭാഗം 24
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 11:15-29 | ഭാഗം 25
⧪⧪⧪⧪⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ⧪⧪⧪⧪⧪




















