Editor's Pick - 2025

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11

പ്രവാചകശബ്ദം 26-07-2025 - Saturday

മറഞ്ഞിരിക്കുന്ന ദീപം, വിത്തു മുളച്ചുവരുന്നതിന്റെ ഉപമ, വിവിധ ഉപമകള്‍ എന്നീ വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തിലെ ഭാഗങ്ങളെ കുറിച്ചു വിശുദ്ധ ആഗസ്തീനോസ്, ഒരിജന്‍, അലക്‌സാണ്ഡ്രിയായിലെ ക്ലെമന്റ്, തെര്‍ത്തുല്യന്‍, അംബ്രോസ്, മഹാനായ വിശുദ്ധ ഗ്രിഗറി, വിശുദ്ധ ആഗസ്തീനോസ് എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

♦️ വചനഭാഗം: മറഞ്ഞിരിക്കുന്ന ദീപം - മര്‍ക്കോസ് 4,21-25 (ലൂക്കാ 8:16-18)

21 അവന്‍ അവരോടു പറഞ്ഞു: വിളക്കുകൊണ്ടുവരുന്നത് പറയുടെ കീഴിലോ കട്ടിലിന്റെ അടിയിലോ വയ്ക്കാനാണോ? പീഠത്തിന്‍മേല്‍ വയ്ക്കാനല്ലേ? 22 വെളിപ്പെടുത്തപ്പെടാതെ മറഞ്ഞിരിക്കുന്ന ഒന്നുമില്ല. വെളിച്ചത്തുവരാതെ രഹസ്യമായിരിക്കുന്നതും ഒന്നുമില്ല. 23 കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. അവന്‍ പറഞ്ഞു: 24 നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുവിന്‍. നിങ്ങള്‍ അളക്കുന്ന അളവില്‍ത്തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും; കൂടുതലും ലഭിക്കും. 25 ഉള്ളവനു നല്‍കപ്പെടും; ഇല്ലാത്തവനില്‍നിന്ന് ഉള്ളതുപോലും എടുക്കപ്പെടും.

***************************************************************

അലക്‌സാണ്ട്രിയായിലെ ക്ലെമന്റ്:

നിത്യേന ഉപയോഗിക്കപ്പെടുന്ന കിണറ്റിലെ വെള്ളം കൂടുതല്‍ ശുദ്ധമായിരിക്കും. ഉപയോഗിക്കാതെ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന കിണര്‍ മാലിന്യത്തിന്റെ ഉറവിടമായിത്തീരും. ഉപയോഗിക്കുംതോറും ലോഹത്തിന് തിളക്കമേറും. ഉപയോഗിക്കാതിരുന്നാല്‍ തുരുമ്പെടുക്കും. ചുരുക്കിപ്പറഞ്ഞാല്‍ അദ്ധ്വാനക്ഷമത (സ്ഥിരോപയോഗം) ആത്മാവിനും ശരീരത്തിനും സുസ്ഥിതി നല്‍കും. ''വിളക്കുകൊളുത്തി ആരും പാത്രംകൊണ്ട് മൂടാറില്ല. മറിച്ച് എല്ലാവര്‍ക്കും പ്രകാശം നല്‍കുന്നതിനായി പീഠത്തിന്‍മേലത്രെ വയ്ക്കുന്നത്'' (മത്താ 5,15; മര്‍ക്കോ 4,21; ലൂക്കാ 8,16). കേള്‍വിക്കാരെ ജ്ഞാനികളാക്കാനല്ലെങ്കില്‍ ജ്ഞാനത്തിന്റെ ഉപയോഗംതന്നെ എന്താണ്? (Stromateis 1.1).

തെര്‍ത്തുല്യന്‍:

എന്തുകൊണ്ടാണ് കര്‍ത്താവ് നമ്മെ ലോകത്തിന്റെ പ്രകാശമെന്ന് വിളിച്ചത്? എന്തുകൊണ്ടാണ് അവിടുന്ന് നമ്മെ മലമുകളിലെ നഗരത്തോടുപമിച്ചത്? (മത്താ 5,14). അന്ധകാരത്തില്‍ പ്രകാശിക്കുന്നതിനും വീണു പോയവര്‍ക്ക് അത്താണിയായി ഉയര്‍ന്നു നില്‍ക്കുന്നതിനും നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നതുകൊണ്ടാണിത്. ദീപം നിങ്ങള്‍ പാത്രത്തിനടിയില്‍ മറച്ചുവച്ചാല്‍ (മത്താ 5,15; ലൂക്കാ 8,16; 11,13) നിങ്ങള്‍തന്നെ അന്ധകാരത്തിലാണ്ടുപോകും.

മറ്റുള്ളവര്‍ നിങ്ങളുടെമേല്‍ തട്ടിമറിഞ്ഞുവീഴും. ലോകത്തെ പ്രകാശിപ്പിക്കാന്‍ ഇപ്രകാരം ചെയ്യുവിന്‍; നിങ്ങളുടെ വിശ്വാസം സല്‍പ്രവൃത്തികള്‍ പുറപ്പെടുവിക്കട്ടെ. ദൈവികപ്രകാശത്തിന്റെ പ്രതിഫലനമായിരിക്കുക. നന്മയ്ക്ക് അന്ധകാരവുമായി കൂട്ടുകെട്ടില്ല. അത് വെളിച്ചത്തുവരുന്നതില്‍ ആനന്ദിക്കുന്നു (യോഹ 3,21). വിവിധ ദിശകളില്‍നിന്ന് തന്റെമേല്‍ പതിക്കുന്ന വീക്ഷണങ്ങളില്‍ അത് സന്തോഷിക്കുന്നു. ക്രിസ്തീയ മിതത്വം മിതത്വമായിരിക്കുന്നതിനോടൊപ്പം മിതത്വമായി അറിയപ്പെടുന്നതിനും ആഗ്രഹിക്കുന്നു (On the Apparel of Women 2.13).

♦️ വചനഭാഗം: വിത്തു മുളച്ചുവരുന്നതിന്റെ ഉപമ - മര്‍ക്കോസ് 4,26-29

26 അവന്‍ പറഞ്ഞു: ദൈവരാജ്യം, ഒരുവന്‍ ഭൂമിയില്‍ വിത്തു വിതയ്ക്കുന്നതിനു സദൃശം. 27 അവന്‍ രാവും പകലും ഉറങ്ങിയും ഉണര്‍ന്നും കഴിയുന്നു. അവന്‍ അറിയാതെതന്നെ വിത്തുകള്‍ പൊട്ടിമുളച്ചു വളരുന്നു. 28 ആദ്യം ഇല, പിന്നെ കതിര്‍, തുടര്‍ന്ന് കതിരില്‍ ധാന്യമണികള്‍ - ഇങ്ങനെ ഭൂമി ഫലം പുറപ്പെടുവിക്കുന്നു. 29 ധാന്യം വിളയുമ്പോള്‍ കൊയ്ത്തിനു കാലമാകുന്നതുകൊണ്ട് അവന്‍ അരിവാള്‍ വയ്ക്കുന്നു.

***************************************************************

അംബ്രോസ്: മനുഷ്യാ, നീ ഉറങ്ങുമ്പോള്‍, നീയറിയാതെതന്നെ, ഭൂമി അതിന്റെ ഫലം പുറപ്പെടുവിക്കുന്നു (Six Days of Creation 3).

തെര്‍ത്തുല്യന്‍: സൃഷ്ടക്രമം ഫലപൂര്‍ണ്ണതയിലെത്തുന്നത് പടിപടിയായാണ്. ആദ്യമുള്ളത് ധാന്യമണിയാണ്. അതില്‍നിന്നു മുള പൊട്ടുന്നു. അത് തൈച്ചെടിയായി മാറുന്നു. ചില്ലകളും ഇലകളും കൂടിവരുന്നതോടെ അത് ചെടി(മരം)ആയിത്തീരുന്നു. അതില്‍ കതിര്‍പ്പുകള്‍ ഉണ്ടാകുന്നു. കതിര്‍പ്പിലാണ് പൂക്കള്‍ വിടരുന്നത്. പൂവില്‍നിന്നു ഫലം പുറത്തുവരുന്നു.

അതുതന്നെയും ആകൃതിയുറയ്ക്കാത്ത ഇളംകായായിത്തുടങ്ങി, സ്വാഭാവിക വളര്‍ച്ചയുടെ പാത പിന്തുടര്‍ന്ന് അല്‍പാല്‍പ്പം പാകമായി, സ്വാദിഷ്ടവും മാംസളവുമായിത്തീരുന്നു (മര്‍ക്കോ 4,28). ചരിത്രത്തില്‍ ധര്‍മ്മനീതി വികസിച്ചുവന്നതും ഇങ്ങനെതന്നെ. നമുക്കുചുറ്റും അനുഭവവേദ്യമായിരിക്കുന്ന നീതി അധിഷ്ഠിതമായിരിക്കുന്നത് പരിശുദ്ധനായ ദൈവത്തില്‍ത്തന്നെയാണ്.

അവിടുത്തെ നീതി പ്രാരംഭഘട്ടത്തില്‍ പ്രത്യക്ഷമായത് പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള വികാസം പ്രാപിക്കാത്ത, എന്നാല്‍ സ്വാഭാവികമായ ഒരവബോധത്തിലാണ്. നിയമത്തിലൂടെയും പ്രവാചകരിലൂടെയും അത് ബാല്യത്തിലേക്കു വികസിച്ചു. അവസാനം, സുവിശേഷത്തിലൂടെ ദൈവത്തിന്റെ നീതി ആള്‍രൂപത്തില്‍ യൗവനത്തിലെത്തി. ഇപ്പോള്‍ ആശ്വാസപ്രദന്‍ വഴി നീതി അതിന്റെ പക്വതയില്‍ വെളിപ്പെട്ടിരിക്കുന്നു (On The Veiling of the Virgins 1).

മഹാനായ ഗ്രിഗറി:

'ആദ്യം മുളയ്ക്കുന്ന ഇല' നന്മയുടെ മൃദുവായ തുടക്കത്തെ സൂചിപ്പി ക്കുന്നു. ഉള്ളില്‍ ജന്മമെടുക്കുന്ന പുണ്യം സല്‍ പ്രവൃത്തികളിലേക്കെത്തുമ്പോള്‍ ഈ ഇല ദൃഢത പ്രാപിച്ചുവെന്ന് കണക്കുകൂട്ടാം. ധാന്യം പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നത് വിളഞ്ഞ കതിരിലാണ്; അതായത് പുണ്യം പൂര്‍ണ്ണമായും പ്രകടമാക്കുന്ന ഘട്ടത്തിലാണ് (Homilies on Ezekiel 15).

♦️ വചനഭാഗം: വിവിധ ഉപമകള്‍ - മര്‍ക്കോസ് 4,30-34 (മത്താ 13,31-35) (ലൂക്കാ 13,18-19)

30 അവന്‍ വീണ്ടും പറഞ്ഞു: ദൈവരാജ്യത്തെ എന്തിനോടു താരതമ്യപ്പെടുത്തും? എന്ത് ഉപമകൊണ്ട് അതിനെ വിശദീകരിക്കും? 31 അത് ഒരു കടുകുമണിക്കു സദൃശമാണ്. നിലത്തു പാകുമ്പോള്‍ അതു ഭൂമിയിലുള്ള എല്ലാ വിത്തുകളെയുംകാള്‍ ചെറുതാണ്. 32 എന്നാല്‍, പാകിക്കഴിയുമ്പോള്‍ അതുവളര്‍ന്ന് എല്ലാ ചെടികളെയുംകാള്‍ വലുതാവുകയും വലിയ ശാഖകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു. അങ്ങനെ, ആകാശത്തിലെ പക്ഷികള്‍ക്ക് അതിന്റെ തണലില്‍ ചേക്കേറാന്‍ കഴിയുന്നു. 33 അവര്‍ക്കു മനസ്‌സിലാകുംവിധം ഇത്തരം അനേകം ഉപമകളിലൂടെ അവന്‍ വചനം പ്രസംഗിച്ചു. 34 ഉപമകളിലൂടെയല്ലാതെ അവന്‍ അവരോടു സംസാരിച്ചിരുന്നില്ല. എന്നാല്‍, ശിഷ്യന്‍മാര്‍ക്ക് എല്ലാം രഹസ്യമായി വിശദീകരിച്ചുകൊടുത്തിരുന്നു.

***************************************************************

ഒരിജന്‍: സാദൃശ്യവും ഉപമയും തമ്മില്‍ വ്യത്യാസമുണ്ട്. എന്തെന്നാല്‍ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഇങ്ങനെ കാണുന്നു: ''ദൈവരാജ്യത്തെ എന്തിനോടു താരതമ്യപ്പെടുത്തും. അതിനെ എന്തിനോടുപമിക്കും'' (മര്‍ക്കോ 4,30). താരതമ്യവും ഉപമയും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. താരതമ്യം അഥവാ സാദൃശ്യം പൊതുവിലുള്ളതും ഉപമ പ്രത്യേകവുമാണ്. സാദൃശ്യം എന്ന ജനുസ്സില്‍പ്പെടുന്ന ഒരു തനതായ രൂപഭേദമാണ് ഉപമ (Commentary on Matthew 10:4).

അലക്‌സാണ്ഡ്രിയായിലെ ക്ലെമന്റ്:

സ്വര്‍ഗരാജ്യത്തെക്കുറിച്ചുള്ള വചനം കടുകിനെപ്പോലെ മൂര്‍ച്ചയും (ചവര്‍പ്പും) രൂക്ഷതയുമുള്ളതാണ്. അത് അഗ്നിരസത്തെ (പിത്തരസത്തെ) - (ക്രോധത്തെ) അമര്‍ത്തുകയും നീര്‍വീക്കത്തെ (അഹങ്കാരത്തെ) നിരോധിക്കുകയും ചെയ്യുന്നു. ആത്മാവിന്റെ യഥാര്‍ത്ഥ ജീവനും നിത്യതയ്ക്കുള്ള അവകാശവും ഉറവയെടുക്കുന്നത് ഈ വചനത്തില്‍നിന്നാണ്.

വചനത്തിന്റെ വളര്‍ച്ച അത്ഭുതകരമായിരുന്നു. അതില്‍നിന്നും മുളയെടുത്ത മരം (അതായത്, ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ചിരിക്കുന്ന സഭ) എങ്ങും നിറഞ്ഞുനില്‍ക്കുന്നു. ആകാശത്തിലെ പക്ഷികള്‍ (അതായത്, മാലാഖമാര്‍, ഉന്നതരായ ആത്മാക്കള്‍) അതിന്റെ ശാഖകളില്‍ വാസമുറപ്പിച്ചു (Fragments from the Catena of Nicetas, Bishop of Heraclea 4).

അംബ്രോസ്:

ഈ വിത്ത് സവിശേഷതകളോ വലിയ മൂല്യമോ ഉള്ളതല്ല. എങ്കിലും ഒടിക്കപ്പെടുകയോ നുറുക്കപ്പെടുകയോ പൊട്ടിക്കപ്പെടുകയോ ചെയ്യുമ്പോള്‍ തന്റെ ശക്തി വെളിപ്പെടുന്നു. വിശ്വാസവും ഒറ്റനോട്ടത്തില്‍ സവിശേഷതകളുള്ളതായി കാണപ്പെടുന്നില്ല. എന്നാല്‍ ശത്രുക്കള്‍ അതിനെ തകര്‍ക്കാനാരംഭിക്കുമ്പോള്‍ അത് ശക്തി തെളിയിക്കുകയും വിശ്വാസത്തെക്കുറിച്ച് ശ്രവിക്കുകയോ വായിക്കുകയോ ചെയ്യുന്നവരെയെല്ലാം അതിന്റെ പരിമളംകൊണ്ട് നിറയ്ക്കുകയും ചെയ്യുന്നു.

നമ്മുടെ രക്തസാക്ഷികളായ ഫെലിക്‌സ്, നാബോര്‍, വിക്ടര്‍ എന്നിവര്‍ വിശ്വാസത്തിന്റെ പരിമളം നിറഞ്ഞവരായിരുന്നു. എങ്കിലും അവര്‍ അറിയപ്പെട്ടവരായിരുന്നില്ല. പീഡനങ്ങള്‍ വന്നപ്പോള്‍ അവര്‍ ആയുധമുപേക്ഷിക്കുകയും വാളിന് കഴുത്തു കുനിച്ചുകൊടുക്കുകയും ചെയ്തു. അതുവഴി തങ്ങളുടെ രക്തസാക്ഷിത്വത്തിന്റെ കൃപാവരം അവര്‍ ഭൂമിയുടെ നാനാദിക്കുകളിലേക്കും പ്രസരിപ്പിച്ചു.

കടുകുമണി കര്‍ത്താവുതന്നെയാണ്. അവന്‍ ക്ഷതമേല്‍ക്കാത്തവനായിരുന്നു. എന്നാല്‍ ആരും അവനെ കാര്യമായെടുത്തില്ല; കടുകുമണിയുടെ കാര്യത്തിലെന്നപോലെ. എന്നാല്‍ അവിടുന്ന് നുറുക്കപ്പെടാന്‍ തിരുമനസ്സായി. അത് ''ഞങ്ങള്‍ ദൈവത്തിന് മിശിഹായുടെ പരിമളമാണ്'' എന്ന് നമ്മള്‍ പറയുന്നതിനുവേണ്ടിയായിരുന്നു (Exposition on the Gospel of Luke 7.178-79).

ആഗസ്തീനോസ്:

നമ്മുടെ അമ്മയുടെ (സഭയുടെ) സാര്‍വത്രികത, അവളുടെ മക്കളല്ലാത്തവര്‍ അവളെ ആക്രമിക്കുമ്പോഴും നമുക്കു തൊട്ടറിയാനാകുന്നു. ആഫ്രിക്കയിലുള്ള ആരാധകരുടെ ഈ കൊച്ചുസമൂഹമാകുന്ന ശാഖ ലോകം മുഴുവന്‍ ശാഖ വിരിച്ചിരിക്കുന്ന ആ വന്‍മരത്തില്‍നിന്ന് വേറിട്ടാണ് സ്ഥിതിചെയ്യുന്നതെന്നത് വാസ്തവമാണ്. എങ്കിലും അവള്‍ സ്‌നേഹത്തില്‍ അവരോടൊപ്പം പ്രവര്‍ത്തനനിരതയാണ്. ഇത് അവര്‍ വേരിലേക്കു മടങ്ങുന്നതിനാണ്. വേരിനെകൂടാതെ അവര്‍ക്ക് യഥാര്‍ത്ഥ ജീവന്‍ ഉണ്ടായിരിക്കുകയില്ല (Letter 32).

പീറ്റര്‍ ക്രിസോലോഗസ്:

ഈ കടുകുമണിയെ നമ്മുടെ ഉള്ളില്‍ വിതയ്ക്കുകയും ആകാശത്തോളം ഉയര്‍ന്ന ജ്ഞാനത്തിന്റെ ഒരു മഹാവൃക്ഷമായി വളരാന്‍ അതിനെ അനുവദിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. അത് അറിവിന്റെ ചില്ലകള്‍ വീശുകയും അതിന്റെ ഫലത്തിന്റെ ചവര്‍പ്പ് നമ്മുടെ അധരങ്ങളെ പൊള്ളിക്കുകയും അതിന്റെ അഗ്നിമയമായ അകക്കാമ്പ് നമ്മുടെ ഉള്ളില്‍ ഒരു തീപ്പൊരി ജ്വലിപ്പിക്കുകയും നമ്മുടെ ഹൃദയങ്ങളെ എരിയിക്കുകയും അതിന്റെ രുചി നമ്മുടെ മടുപ്പിനെ-നിരുന്മേഷത്തെ - അകറ്റുകയും ചെയ്യും.

അതെ, കടുകുമണി തീര്‍ച്ചയായും ദൈവരാജ്യത്തിന്റെ ഒരു പ്രതിരൂപമാണ്. മിശിഹായാണ് ഈ സ്വര്‍ഗരാജ്യം. കന്യകയുടെ ഉദരമാകുന്ന തോട്ടത്തില്‍ ഒരു കടുകുമണിക്കു സദൃശം വിതയ്ക്കപ്പെട്ട അവന്‍ കുരിശുമരമായി വളര്‍ന്ന് ലോകത്തിനു കുറുകെ കൈകള്‍ വിരിച്ചു. പീഡാസഹനത്തിന്റെ ഉരലില്‍ പൊടിക്കപ്പെട്ട ആ ഫലം അതുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജീവനുള്ള എല്ലാറ്റിനെയും കേടുകൂടാതെ സംരക്ഷിക്കുകയും സ്വാദു പകരുകയും ചെയ്യുന്ന സുഗന്ധവ്യഞ്ജനക്കൂട്ടായി ത്തീരുകയും ചെയ്തിരിക്കുന്നു.

കടുകുമണി അതേപടി ഇരുന്നാല്‍ അതിന്റെ ഗുണവിശേഷങ്ങള്‍ (നിര്‍ജീവമായിരിക്കും) നിദ്രാവസ്ഥയിലായിരിക്കും. എന്നാല്‍ നുറുക്കപ്പെടുകയോ പൊടിക്കപ്പെടുകയോ ചെയ്യുമ്പോള്‍ അവ പ്രത്യക്ഷമായിത്തുടങ്ങും. മിശിഹായും അങ്ങനെതന്നെ. തന്റെ ശരീരം നുറുക്കപ്പെടാന്‍ അവന്‍ തിരുമനസ്സായി. അതുവഴി തന്റെ ശക്തി വെളിപ്പെടുത്താന്‍ അവന്‍ അഭിലഷിച്ചു. നാമെല്ലാവരെയും തന്നില്‍ വീണ്ടെടുക്കാന്‍ മിശിഹാ ദൈവരാജ്യമാകുന്ന കടുകുമണി സ്വീകരിച്ചു.

തന്റെ വനികയില്‍, തന്റെ സഭയാകുന്ന വധുവില്‍, അവന്‍ അതു വിതച്ചു. സഭ ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന തോട്ടമാണ്. സുവിശേഷത്തിന്റെ കലപ്പയാല്‍ ഉഴുതുമറിക്കപ്പെട്ട്, പ്രബോധനത്തിന്റെയും ശിക്ഷണത്തിന്റെയും കമ്പുകളാല്‍ വേലികെട്ടിത്തിരിക്കപ്പെട്ട്, ശ്ലീഹന്മാരുടെ അദ്ധ്വാനഫലമായി കളകള്‍ നീക്കം ചെയ്യപ്പെട്ട്, സുഗന്ധം പൊഴിക്കുന്നതും സുന്ദരവുമായ വാടാമലരുകളാല്‍ അലങ്കരിക്കപ്പെട്ട് അവള്‍ നിലകൊള്ളുന്നു. മിശിഹായില്‍ വിശ്വസിക്കുകയും അവനു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നവരാകുന്ന ഇളംചെടികളുടെ പച്ചപ്പിന്റെ മദ്ധ്യത്തില്‍ കന്യാവ്രതക്കാരാകുന്ന ലില്ലികളും രക്തസാക്ഷികളാകുന്ന റോസാപുഷ്പങ്ങളും കാണപ്പെടുന്നു. ഇതാണ് മിശിഹാ തന്റെ തോട്ടത്തില്‍ പാകിയ കടുകുമണി. പൂര്‍വ്വപിതാക്കള്‍ക്ക് അവന്‍ രാജ്യം വാഗ്ദാനം ചെയ്തപ്പോള്‍ വിത്തിന് വേരുപിടിച്ചു. പ്രവാചകന്മാരിലൂടെ അതു മുളച്ചുപൊന്തി. ശ്ലീഹന്മാരിലൂടെ അതു വളര്‍ന്നു. സഭയില്‍ അതു വന്‍മരമായി; ചില്ലകള്‍ ഫലംചൂടി. നിങ്ങള്‍ സങ്കീര്‍ത്തനങ്ങളിലെ പ്രാവിന്റെ ചിറകുകള്‍ സ്വന്തമാക്കുവിന്‍; ദൈവിക സൂര്യപ്രകാശത്തില്‍ സ്വര്‍ണ്ണപ്രഭ വിതറുന്ന ചിറകുകള്‍. പറന്നുയര്‍ന്ന് ഈ മരത്തിന്റെ ഉറപ്പുള്ളതും ഫലംതൂങ്ങുന്നതുമായ ശാഖകളില്‍ വിശ്രമിക്കുവിന്‍. അവിടെയാകട്ടെ കെണികളില്ല. ധൈര്യമായി പറന്ന് അതിന്റെ കൂടാരങ്ങളില്‍ സുരക്ഷിതമായി വസിക്കുവിന്‍ (Sermon 98).

തെര്‍ത്തുല്യന്‍:

താനാരാണെന്ന് നമ്മുടെ കര്‍ത്താവീശോമിശിഹാ ഭൗമിക ജീവിതകാലത്ത് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ നേതാക്കന്മാരും പ്രബോധകരുമായി അവിടുന്ന് തിരഞ്ഞെടുത്ത് നിയോഗിച്ചവര്‍ രക്ഷയുടെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് അജ്ഞരായിരിക്കുമോ? അവിടുന്ന് അവരെ അനുദിനം ശുശ്രൂഷകളിലും ശിക്ഷണത്തിലും സഹവാസത്തിലും പരിശീലിപ്പിച്ചു.

അവ്യക്തമായി കാണപ്പെട്ടവ അവിടുന്ന് ശിഷ്യന്മാര്‍ക്ക് തനിച്ച് വിശദീകരിച്ചുകൊടുത്തിരുന്നു (മര്‍ക്കോ 4,34). ''രഹസ്യങ്ങള്‍ അറിയാനുള്ള വരം അവര്‍ക്കു ലഭിച്ചിരിക്കുന്നു'' എന്നും അവിടുന്നു പറഞ്ഞു (മത്താ 13,11). അങ്ങനെയെങ്കില്‍ ഇപ്പോള്‍ അവര്‍ അജ്ഞരായിരിക്കുവാന്‍ അവിടുന്ന് അനുവദിക്കുമോ? (Prescription against Heretics 20,22).

---------********* (....തുടരും).

▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.

(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10 ‍

-- പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »