News - 2026

സെൻ‌ട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു

പ്രവാചകശബ്ദം 01-07-2026 - Wednesday

ബാൻഗുയി: ആഫ്രിക്കന്‍ രാജ്യമായ സെൻ‌ട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. ഹൗട്ട്-എംബോമൗ മേഖലയിലെ സെമിയോയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇടവക വികാരിയായ ഫാ. ക്രെപിൻ മാർഷൽ മോംഗയെയാണ് ജൂൺ 29ന് വൈകുന്നേരം ഇടവക വസതിക്ക് പുറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബാൻഗാസൗ രൂപത വൈദികനാണ് അദ്ദേഹം. പ്രാദേശിക സമൂഹങ്ങളെയും സിവിൽ അധികാരികളെയും മേഖലയിലെ മറ്റ് പങ്കാളികളെയും ഒരുമിച്ച് ചേര്‍ത്തു പ്രവര്‍ത്തിക്കുവാന്‍ അക്ഷീണ പരിശ്രമം നടത്തിയ വ്യക്തിയാണ് ഫാ. മോംഗ.

സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള പ്രാദേശിക കമ്മിറ്റി (CLPR) യെ ഏകോപിപ്പിക്കുന്നതിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ വൈദികനാണ് ഫാ. മോംഗ. അരക്ഷിതാവസ്ഥ നിറഞ്ഞ രാജ്യത്തിന്റെ ഈ മേഖലകളില്‍ ഇടവക സംഘടനകളിലൂടെയും മറ്റുമായി മധ്യസ്ഥ ശ്രമം നടത്തുവാനും ജനങ്ങൾക്ക് സംരക്ഷണം നൽകുവാനും വൈദികര്‍ ഇടപെടല്‍ നടത്തിയിരിന്നു. ഇത്തരത്തില്‍ സമാധാനത്തിന് വേണ്ടി സ്തുത്യര്‍ഹമായ സേവനം ചെയ്തു വരികയായിരിന്ന വൈദികനായ ഫാ. മോംഗയ്ക്കാണ് ജീവന്‍ നഷ്ട്ടമായിരിക്കുന്നത്.

ഹൗട്ട്-എംബോമൗ മേഖലയില്‍ സുരക്ഷാ സ്ഥിതി നിരവധി ആഴ്ചകളായി വഷളായിക്കൊണ്ടിരിക്കുകയാണ്. സായുധ ആക്രമണങ്ങളെ തുടര്‍ന്നു അയൽരാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കുള്ള ഗണ്യമായ കുടിയേറ്റവും വർദ്ധിച്ചുവരികയാണ്. വംശീയ സംഘർഷങ്ങളും പ്രദേശത്തിന്റെയും വിഭവങ്ങളുടെയും നിയന്ത്രണത്തിനായുള്ള മത്സരവും മേഖലയെ പ്രശ്നബാധിത കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. യുറേനിയം, പെട്രോളിയം, വജ്രം, സ്വർണ്ണം ഉള്‍പ്പെടെ വലിയ തോതിലുള്ള ധാതു നിക്ഷേപവും ഫലഭൂയിഷ്ടമായ കൃഷിഭൂമിയും ഉണ്ടെങ്കിലും ഇന്ന് ലോകത്തിലെ ഏറ്റവും അവികസിത രാജ്യങ്ങളിൽ ഒന്നാണ് മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്. എഴുപത് ശതമാനത്തോളം ക്രൈസ്തവരാണ് രാജ്യത്തുള്ളത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »