News
ഒരു ഡോളറിൽ തുടങ്ങി 219 കത്തോലിക്ക ദേവാലയങ്ങളിലേക്ക്: വേറിട്ട മിഷന് ദൗത്യവുമായി ഇന്തോനേഷ്യൻ യുവാവ്
പ്രവാചകശബ്ദം 10-08-2026 - Monday
ജക്കാർത്ത: ഇന്തോനേഷ്യയിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പ്രദേശങ്ങളിലെ കത്തോലിക്ക സമൂഹങ്ങൾക്കായി ലഘുവായ സംഭാവനകൾ സമാഹരിച്ച് 219 പള്ളികളും ചാപ്പലുകളും നിർമ്മിക്കുകയും പുനരുദ്ധരിക്കുകയും ചെയ്ത യുവാവ് മാധ്യമ ശ്രദ്ധ നേടുന്നു. മുപ്പത്തിയാറുകാരനായ ആൽബർട്ടസ് ഗ്രിഗറി ടാന്റെ നേതൃത്വത്തിലാണ് വിനിയ ഡെയ് ഫൗണ്ടേഷൻ എന്ന സംഘടന വഴി മഹത്തായ ദൗത്യം നടന്നുവരുന്നത്. 2011-ൽ ആരംഭിച്ച സംരംഭം സാമൂഹ്യമാധ്യമങ്ങളിലൂടെയും ജനകീയ സംഭാവനകളിലൂടെയും ചെറിയ സംഭാവനകള്‍ സമാഹരിച്ചാണ് മുന്നോട്ടുപോകുന്നത്.
ഒന്നര പതിറ്റാണ്ട് മുന്‍പ് പള്ളികൾ പണിയാനുള്ള അദ്ദേഹത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ആളുകൾ സംശയം പ്രകടിപ്പിച്ചപ്പോൾ, അമേരിക്കയിലുള്ള ഒരാൾ ആൽബർട്ടസിന്റെ വീട്ടുവിലാസത്തിലേക്ക് ഒരു ഡോളര്‍ അയയ്ക്കുകയായിരിന്നു. അതൊരു പരിഹാസമാണെന്നാണ് അദ്ദേഹം ആദ്യം കരുതിയത്. എന്നാൽ പിന്നീട് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ആ സംഭവം പങ്കുവെച്ചപ്പോൾ, ആളുകൾ ആ ദൗത്യത്തിനു ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും സംഭാവനകൾ നൽകാൻ തുടങ്ങുകയുമായിരിന്നുവെന്ന് അദ്ദേഹം പറയുന്നു.
ഇന്തോനേഷ്യൻ ദ്വീപസമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നതും ഒറ്റപ്പെട്ടു കഴിയുന്നതുമായ കത്തോലിക്ക സമൂഹങ്ങൾക്ക് ആരാധനയ്ക്കായി അനുയോജ്യമായ ആരാധാനാലയങ്ങള്‍ ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പല പ്രദേശങ്ങളിലും വിശുദ്ധ കുർബാനയും മറ്റ് ആരാധനകളും തകർന്ന കെട്ടിടങ്ങളിലോ താൽക്കാലിക സംവിധാനങ്ങളിലോ തുറസ്സായ സ്ഥലങ്ങളിലോ നടത്തേണ്ട സാഹചര്യമുണ്ടായിരുന്നു. ചെറിയ തുകകളായി സമാഹരിച്ച സംഭാവനകളിലൂടെ ഇത്തരം സമൂഹങ്ങൾക്ക് സുരക്ഷിതവും മനോഹരവുമായ ആരാധനാലയങ്ങൾ ഒരുക്കാൻ പദ്ധതിയിലൂടെ കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
ആരാധനാലയ നിർമാണം മാത്രമല്ല പദ്ധതിയുടെ ലക്ഷ്യമെന്ന് ടാൻ പറയുന്നു. നിര്‍മ്മിതികള്‍ ദൃശ്യമായ ഫലം മാത്രമാണെന്നും യഥാർഥ ദൗത്യം മനുഷ്യരെ വളർത്തുക, പ്രത്യാശ പകരുക, വിശ്വാസം ശക്തിപ്പെടുത്തുക, സമൂഹത്തിന്റെ അരികുകളിൽ കഴിയുന്നവർ മറക്കപ്പെട്ടിട്ടില്ലെന്ന് അവരെ ഓർമിപ്പിക്കുക എന്നിവയാണെന്നും ആൽബർട്ടസ് ഗ്രിഗറി വ്യക്തമാക്കി. നഗരങ്ങളിലെ കത്തോലിക്കാ വിശ്വാസികളെയും വിദൂര ഗ്രാമങ്ങളിലെ വിശ്വാസികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഐക്യദാർഢ്യത്തിന്റെ മാതൃക കൂടിയായി ഈ സംരംഭം മാറുകയാണ്. ഭൗതികമായി ഒരു പള്ളി പണിയുന്നതിനൊപ്പം, അവിടുത്തെ വിശ്വാസസമൂഹത്തെ ശക്തിപ്പെടുത്തുകയും പ്രത്യാശയും കൂട്ടായ്മയും വളർത്തുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️



















