News

നിർബന്ധിത മതപരിവർത്തനവും വിവാഹവും; നിയമപോരാട്ടവുമായി പാക്ക് ക്രൈസ്തവ ബാലികയുടെ കുടുംബം

പ്രവാചകശബ്ദം 13-07-2026 - Monday

ഇസ്‌ളാമാബാദ്: തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിനും നിര്‍ബന്ധിത വിവാഹത്തിനും ഇരയായ പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി നീതിയ്ക്കു വേണ്ടി പോരാടുന്നു. 13 വയസുകാരിയായ ക്രൈസ്തവ ബാലിക മരിയ ഷഹ്ബാസാണ് നിയമപരമായ പരിരക്ഷയും ഭര്‍ത്താവെന്ന് സ്വയം അവകാശപ്പെടുന്ന വ്യക്തിയുടെ വേട്ടയാടലില്‍ നിന്നു സംരക്ഷണവും ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞു വര്‍ഷമാണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്.

ഒരു വര്‍ഷത്തിന് ഇപ്പുറവും നിയമപോരാട്ടം തുടരുകയാണെന്ന് രാജ്യത്തെ മനുഷ്യാവകാശ സംഘടനയായ അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം ഇന്റർനാഷണൽ (എഡിഎഫ്) അറിയിച്ചു. മരിയ ഷഹ്ബാസിന്റെ കേസിനെ പിന്തുണയ്ക്കുകയും പാകിസ്ഥാനിലെ നിർബന്ധിത വിവാഹങ്ങളും മതപരിവർത്തനങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന സംഘടനയാണ് അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം ഇന്റർനാഷണൽ (എഡിഎഫ്). ഗുരുതരമായ പീഡനത്തിനും ചൂഷണത്തിനും മരിയ ഷഹ്ബാസ് വിധേയയായിട്ടുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി.



ഫെബ്രുവരിയിൽ നടന്ന അവസാന വാദത്തില്‍, നിർബന്ധപൂർവ്വം ഇസ്ലാം മതത്തിലേക്ക് മാറ്റുകയും ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് മരിയയുടെ കുടുംബം നൽകിയ ഹർജി കോടതി തള്ളി. പ്രായപൂർത്തിയാകാത്തവര്‍ക്ക് മതപരിവർത്തനത്തിനോ വിവാഹത്തിനോ സമ്മതം നൽകാനാവില്ല എന്ന നിബന്ധന പോലും പരിഗണിക്കാതെ ആയിരിന്നു കോടതി വിധി. കോടതി വിവാഹം സാധുവാണെന്ന് വിധിക്കുകയും ഷെഹ്ര്യാർ അഹ്‌മദ് എന്ന പ്രതിയുടെ ഒപ്പം തിരികെ അയക്കുകയും ചെയ്തു. ഇത് വലിയ വിമര്‍ശനത്തിന് കാരണമായിരിന്നു.

അസമത്വം നിലനിൽക്കുകയും കുറ്റവാളികൾക്കു ശിക്ഷാനടപടികളില്ലാതെ പോകുകയും ചെയ്യുന്ന പാക്കിസ്ഥാനില്‍ നിർബന്ധിത മതപരിവർത്തനങ്ങളും ബാല വിവാഹങ്ങളും വ്യാപകമാണ്. ന്യൂനപക്ഷമായ ക്രൈസ്തവ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വം പരിവര്‍ത്തനം ചെയ്തുള്ള വിവാഹം പാക്കിസ്ഥാനില്‍ ഇപ്പോള്‍ വ്യാപകമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍പോലും പ്രതിഷേധം ശക്തമാണെങ്കിലും നടപടി സ്വീകരിക്കാന്‍ ഭരണകൂടം തയാറായിട്ടില്ല.

** Editor's Note: ‍ 2022-ല്‍ തട്ടിക്കൊണ്ടുപോകലിനും, മതം മാറ്റത്തിനും നിര്‍ബന്ധവിവാഹത്തിനും ഇരയായതിന്റെ പേരില്‍ ലോകമെമ്പാടും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന പാക്കിസ്ഥാനി ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ ഷഹ്ബാസിന്റെ സംഭവവും ഈ വാര്‍ത്തയും വ്യത്യസ്തമാണ്. ഇരു സംഭവങ്ങളിലും ഇരയായ പെണ്‍കുട്ടികളുടെ പേര് ഒന്ന് തന്നെയാണെന്ന വസ്തുത മാത്രമേയുള്ളൂ. രണ്ടു പെണ്‍കുട്ടികളും വ്യത്യസ്ത കാലയളവില്‍ പീഡനത്തിന് ഇരയായവരാണ്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »