News - 2026
ഓസ്ട്രേലിയയില്‍ ക്രൈസ്തവ അവഹേളന പരിപാടിക്ക് സര്‍ക്കാര്‍ പിന്തുണ; പ്രതിഷേധവുമായി വിശ്വാസികള്‍
പ്രവാചകശബ്ദം 14-07-2026 - Tuesday
സിഡ്നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസില്‍ സർക്കാർ ധനസഹായത്തോടെ നടത്താനിരിക്കുന്ന ക്രൈസ്തവ അവഹേളന പരിപാടിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. 'ഡിവൈൻ പ്ലേഹൗസ്' എന്ന പേരില്‍ ക്രൈസ്തവ വിശ്വാസത്തെയും വിശുദ്ധ ചിഹ്നങ്ങളെയും പ്രതീകങ്ങളെയും പരിഹസിക്കുന്ന തരത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്ന വേദിക്ക് സർക്കാർ പിന്തുണ നൽകുന്നത് അംഗീകരിക്കാനാകില്ലെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് പേർ ഒപ്പുവെച്ച ഹർജി സമർപ്പിക്കപ്പെട്ടിരിക്കുകയാണ്.
ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്ന വിധത്തില്‍ 'സണ്‍ഡേ മെസ്സ്', ഭൂതോച്ചാടന ശുശ്രൂഷയെ അവഹേളിക്കുന്ന 'തത്സമയ ഭൂതോച്ചാടനം' ഉൾപ്പെടെയുള്ള പരിപാടികളില്‍ ക്രൈസ്തവ പ്രതീകങ്ങളുടെ ദുരുപയോഗമാണ് നടക്കുകയെന്ന് കത്തോലിക്ക വിശ്വാസികള്‍ ചൂണ്ടിക്കാട്ടി. യേശുക്രിസ്തുവിനെയും വിശുദ്ധ കുരിശിനെയും ക്രൈസ്തവ വിശ്വാസത്തെയും പരിഹസിക്കുന്ന രീതിയിലാണ് വേദിയുടെ പ്രചാരണവും പരിപാടികളുമെന്ന് വിശ്വാസികള്‍ പറയുന്നു. മറ്റ് മതവിഭാഗങ്ങൾക്ക് ലഭിക്കുന്നതുപോലെ ബഹുമാനവും സംരക്ഷണവും ക്രൈസ്തവ സമൂഹത്തിനും ലഭിക്കേണ്ടതുണ്ടെന്ന് ഹർജി തയാറാക്കിയ ക്രിസ് നാവ്, പറയുന്നു.
ന്യൂ സൗത്ത് വെയിൽസ് സർക്കാർ ക്രൈസ്തവ സമൂഹത്തോട് പരസ്യമായി മാപ്പ് പറയുകയും വേദിക്കുള്ള സർക്കാർ പിന്തുണ പിൻവലിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പ്രതിഷേധ പരിപാടികള്‍ സമാധാനപരമായി ജപമാല ചൊല്ലിയും പ്രാർത്ഥനാകൂട്ടായ്മകള്‍ സംഘടിപ്പിച്ചുമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ അവഹേളനത്തില്‍ പരിഹാരവുമായി കഴിഞ്ഞ ദിവസം നിരവധി പേര് കേന്ദ്രത്തിന് പുറത്തു ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിരിന്നു. നേരത്തെ 100,000 ഓസ്ട്രേലിയൻ ഡോളറിന്റെ ധനസഹായം ''ഡിവൈൻ പ്ലേഹൗസ്'-നു സര്‍ക്കാര്‍ അനുവദിച്ചത് വിവാദമായിരിന്നു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















