News

തല തിരിച്ച കുരിശും നരകത്തിലേക്കുള്ള സ്വാഗതവും; ഓസ്ട്രേലിയയിലെ പൈശാചിക ആഘോഷത്തിനെതിരെ പ്രതിഷേധം

പ്രവാചകശബ്ദം 10-06-2023 - Saturday

ഹോബാര്‍ട്ട്: ഓസ്ട്രേലിയയിലെ ടാസ്മാനിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹോബാര്‍ട്ടില്‍ ഇക്കഴിഞ്ഞ ജൂണ്‍ 2ന് ആരംഭിച്ച പൈശാചിക ആഘോഷമായ ഡാര്‍ക്ക് മോഫോ ഫെസ്റ്റിവലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തലതിരിച്ച കുരിശ് രൂപങ്ങളും ഇരുട്ടിനെ പുകഴ്ത്തുന്ന സംഗീത പരിപാടികളും, പൈശാചികത നിറഞ്ഞ വൈദ്യുത അലങ്കാരങ്ങളും, ആഘോഷത്തിന്റെ ഭാഗമായതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനെല്ലാം പുറമേ, സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ഡെര്‍വെന്റ് നദിയിലുള്ള പൂര്‍ണ്ണ നഗ്നമായ നീന്തലും വിവാദമായിരിക്കുകയാണ്. പരിപാടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബ്ബി (എ.സി.എല്‍) രംഗത്ത് വന്നു.

ഡാര്‍ക്ക് മോഫോ ആഘോഷത്തെ ബഹിഷ്കരിക്കുവാന്‍ എ.സി.എല്‍ ആഹ്വാനം ചെയ്തു. സംഘാടകര്‍ 'നിരുപദ്രവകരമായ തമാശകളുടെ' നുണ ആവര്‍ത്തിക്കുകയാണെന്നും, വിനോദസഞ്ചാരത്തിന്റെ പ്രോത്സാഹനമെന്ന പേരില്‍ പൈശാചിക ശക്തികളെ സ്വാഗതം ചെയ്യുന്ന അവരുടെ നിഗൂഢ അജണ്ട മനസ്സിലാവാതെ പോകരുതെന്നും എ.സി.എല്‍ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ ബ്രോഹിയര്‍ മുന്നറിയിപ്പ് നല്‍കി. ഭൂമിയില്‍ നരകം കൊണ്ടുവരുന്ന ഡാര്‍ക്ക് മോഫോ ആഘോഷത്തിനും, അവരുടെ നിഗൂഢ അജണ്ടക്കുമെതിരെ ഓസ്ട്രേലിയന്‍ ജനത ശക്തമായ നിലപാടെടുക്കണമെന്നും ബ്രോഹിയര്‍ പറഞ്ഞു.

ഡാര്‍ക്ക് മോഫോ ആഘോഷത്തിന്റെ പ്രചാരണമെന്ന നിലയില്‍ ഹോബാര്‍ട്ട് വിമാനത്താവളത്തില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യത്തില്‍ “നരകത്തിലേക്ക് സ്വാഗതം” എന്ന വിശേഷണമാണ് നല്‍കിയിരിന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ ബോര്‍ഡ് നീക്കം ചെയ്യുകയുണ്ടായി. ഡാര്‍ക്ക് മോഫോ നരകത്തിലേക്കുള്ള വാതില്‍ തുറക്കുകയാണ്. ഈ പരസ്യബോര്‍ഡ് തിന്മയുടേതായ ഈ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമില്ലാത്ത വിശ്വാസികളായ മാതാപിതാക്കള്‍ക്കുള്ള മുന്നറിയിപ്പാണെന്നും ബ്രോഹിയര്‍ പറയുന്നു. ആഘോഷത്തിന്റെ ഭാഗമായി ഹോബാര്‍ട്ടില്‍ പ്രസിദ്ധമായ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന തലകീഴായ കുരിശിനെതിരെ കത്തോലിക്ക വൈദികരും രംഗത്ത് വന്നിരിന്നു.

കഴിഞ്ഞ പത്തു വര്‍ഷങ്ങളായി അക്രമവും, രക്തച്ചൊരിച്ചിലും പ്രോത്സാഹിപ്പിക്കുന്ന പരിപാടികളാണ് ഈ ആഘോഷത്തിന്റെ ഭാഗമായി നടന്നുവരുന്നത്. ബലി കര്‍മ എന്ന പേരില്‍ 2017-ല്‍ നടന്ന ആഘോഷത്തില്‍ ഒരു കാളയെ അറുക്കുന്നത് പ്രദര്‍ശിപ്പിച്ചിരിന്നു. ഇതോടെ മൃഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന സംഘടനകളും ഈ ആഘോഷത്തിനെതിരെ രംഗത്ത് വന്നു. 2021-ല്‍ കോളനിവല്‍ക്കരണത്തോടുള്ള പ്രതിഷേധമെന്ന നിലയില്‍ രക്തത്തില്‍ മുക്കിയ ബ്രിട്ടീഷ് പതാക പ്രദര്‍ശിപ്പിക്കുവാന്‍ തീരുമാനിച്ചെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന്‍ അത് വേണ്ടെന്നുവെക്കുകയായിരുന്നു. 2013-ലാണ് ആദ്യത്തെ ഡാർക്ക് മോഫോ ഫെസ്റ്റിവൽ നടന്നത്.


Related Articles »