News

ഗാസയിലെ കുരുന്നുകളെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുവാന്‍ ജെറുസലേം പാത്രിയാർക്കേറ്റ്

പ്രവാചകശബ്ദം 18-07-2026 - Saturday

ജെറുസലേം: യുദ്ധത്തിന്റെ ആഘാതത്തിൽ അതീവ ദുരിതാവസ്ഥയില്‍ കഴിയുന്ന ഗാസയിലെ കുരുന്നുകളെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുവാന്‍ ഇടപെടലുമായി ജെറുസലേം പാത്രിയാർക്കേറ്റ്. ദീർഘനാളുകളായി തുടരുന്ന യുദ്ധത്തിന്റെ ആഘാതത്തിൽ പ്രദേശത്തെ വിദ്യാഭ്യാസമേഖലയും, അടിസ്ഥാനസൗകര്യങ്ങളും പരിമിതങ്ങളാണെങ്കിലും പ്രദേശത്തുള്ള തിരുക്കുടുംബ ഇടവക ദേവാലയത്തിനോട്‌ ചേർന്നുള്ള സ്കൂൾ സെപ്റ്റംബറോടെ തുറന്ന് ആയിരത്തോളം കുട്ടികൾക്ക് വിദ്യാഭ്യാസസൗകര്യങ്ങൾ നൽകാനാണ് ലത്തീൻ പാത്രിയാർക്കേറ്റ് ശ്രമിക്കുന്നതെന്നു വികാരി ജനറല്‍ ബിഷപ്പ് വില്യം ഹന്ന ഷോമാലി പറഞ്ഞു.

അതുവഴി കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയും ബിഷപ്പ് ഷോമാലി പങ്കുവച്ചു. പ്രദേശത്ത് നിലവിൽ വന്ന വെടിനിർത്തൽ യഥാർത്ഥത്തിൽ യുദ്ധം അവസാനിപ്പിച്ചില്ലെന്നും കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ ഇസ്രായേൽ ഗാസയിലുടനീളം ആക്രമണങ്ങൾ തുടർന്നുവെന്നും ബിഷപ്പ് വെളിപ്പെടുത്തി. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം വെടിനിർത്തൽ ആരംഭിച്ചതിന് ശേഷം മാത്രം, ആയിരത്തിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരിൽ 265 പേർ കുട്ടികളാണ്. ആക്രമണങ്ങളിൽ 3400 പേർക്ക് പരിക്കേറ്റു.

ഗാസ മുനമ്പിന്റെ 47 ശതമാനം പ്രദേശത്താണ് അവിടെയുള്ള മുഴുവൻ ജനങ്ങളും താമസിക്കുന്നത്. ബാക്കി 53 ശതമാനം പ്രദേശം ഇസ്രായേൽ അധീനതയിലാണ്. അടിസ്ഥാന സൗകര്യങ്ങളുടെ 80 ശതമാനവും തകർന്ന നിലയിലാണ്. ഗാസ മുനമ്പിൽ, മരുന്നുകൾ പരിമിതമായ തോതിൽ മാത്രമാണ് എത്തുന്നതെന്നും, ആവശ്യമായ എല്ലാ മരുന്നുകളും നിലവിൽ ലഭ്യമല്ലെന്നും പ്രദേശത്ത് പലർക്കും തൊഴിൽ നഷ്ടമായതിനാൽ സാമ്പത്തികസഹായം ഉള്‍പ്പെടെ നല്കുന്നുണ്ടന്നും ബിഷപ്പ് ഷോമാലി പറയുന്നു. ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ദേവാലയത്തില്‍ നൂറുകണക്കിന് ആളുകള്‍ക്കു അഭയമൊരുക്കിയിട്ടുണ്ട്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »