News - 2026
ഗാസയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കണം: അഭ്യര്‍ത്ഥനയുമായി ലെയോ പാപ്പ
പ്രവാചകശബ്ദം 27-05-2026 - Wednesday
വത്തിക്കാന്‍ സിറ്റി; ഗാസയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുകയും എല്ലാവരുടെയും മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുകയും വേണമെന്നു ലെയോ പാപ്പ. ഇന്നലെ ചൊവ്വാഴ്ച വൈകുന്നേരം കാസ്റ്റൽ ഗാൻഡോൾഫോയ്ക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരിന്നു പാപ്പ. ഗാസയിൽ മാനുഷിക സഹായത്തിനായുള്ള തന്റെ അഭ്യർത്ഥന പുതുക്കിയ പാപ്പ മനുഷ്യജീവിതത്തെ അവഗണിക്കുന്ന യുദ്ധത്തിൽ കൃത്രിമബുദ്ധി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി.
ഇത് ഒരു ക്ഷണമായി മാത്രമല്ല, ഒരു അഭ്യർത്ഥന എന്ന നിലയിലും പുതുക്കാൻ ആഗ്രഹിക്കുന്നുവെന്നു പാപ്പ പറഞ്ഞു. ഗാസയിലെ ജനങ്ങളെ സഹായിക്കാനും അനുഗമിക്കാനും പുനർനിർമ്മാണം ആരംഭിക്കാൻ സഹായിക്കാനും എല്ലാ അധികാരികളോടും പാപ്പ അഭ്യർത്ഥിച്ചു. ജനങ്ങൾ യഥാർത്ഥത്തിൽ കഷ്ടപ്പെടുകയാണ്. അവർ വളരെയധികം കഷ്ടപ്പെടുന്നത് തുടരുന്നു. അക്രമത്തിന് പകരം ചർച്ചകളിലേക്ക് മടങ്ങേണ്ടതിന്റെയും സംവാദത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കേണ്ടതിന്റെയും ആവശ്യകത പാപ്പ ചൂണ്ടിക്കാട്ടി. എല്ലായ്പ്പോഴും എല്ലാവരുടെയും മനുഷ്യാവകാശങ്ങളെ ബഹുമാനിക്കേണ്ടതുണ്ടെന്നും പാപ്പ പറഞ്ഞു.
ഇസ്രയേൽ തടങ്കലിൽനിന്ന് വിട്ടയച്ച ഗ്ലോബൽ ഫ്ലോട്ടില ദൗത്യസംഘത്തിലെ അംഗങ്ങൾ ക്രൂരമായ പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ടുണ്ടായിരിന്നു. ഈ പശ്ചാത്തലത്തില്‍ ഓരോ വ്യക്തിയുടെയും മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്നതിനുള്ള അഭ്യർത്ഥന പുതുക്കേണ്ടതുണ്ടെന്നും നിർഭാഗ്യവശാൽ, ഗാസയിലെ ജനങ്ങൾക്ക് ഇപ്പോഴും മാനുഷിക സഹായം ലഭിക്കുന്നില്ലായെന്നും പാപ്പ ചൂണ്ടിക്കാട്ടി. ക്രൈസ്തവര്‍ ന്യൂനപക്ഷമാണെങ്കിലും ഗാസയില്‍ പതിനായിരകണക്കിന് സാധാരണക്കാരാണ് ജീവിതം മുന്നോട്ടു നീക്കാന്‍ പടവെട്ടുന്നത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















