News
ഭീകരരുടെ ക്യാമ്പുകൾ എന്തുകൊണ്ട് തകർക്കുന്നില്ല?; നൈജീരിയൻ സർക്കാരിനെതിരെ വിമര്‍ശനവുമായി കർദ്ദിനാൾ ഒനയേക്കൻ
പ്രവാചകശബ്ദം 18-07-2026 - Saturday
അബൂജ: രാജ്യത്ത് വർദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട സർക്കാരിന് യാതൊരു ന്യായീകരണവുമില്ലെന്ന് നൈജീരിയന്‍ കർദ്ദിനാൾ ജോൺ ഒനയേക്കൻ. 'കാത്തലിക് മെൻ ഓർഗനൈസേഷൻ ഓഫ് നൈജീരിയ'യുടെ 25-ാം വാർഷികാഘോഷ വേളയിൽ ഇഡബ്ല്യുടിഎന്‍ ന്യൂസിന്റെ ആഫ്രിക്കൻ വിഭാഗമായ 'എസിഐ ആഫ്രിക്ക'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തട്ടിക്കൊണ്ടുപോയവരെ ദീർഘകാലം പാർപ്പിക്കുന്ന ഭീകരരുടെ ക്യാമ്പുകൾ സുരക്ഷാ ഏജൻസികൾ എന്തുകൊണ്ട് തകർക്കുന്നില്ലെന്ന ചോദ്യം കർദ്ദിനാൾ ഉയര്‍ത്തി.
ഏകദേശം രണ്ട് മാസത്തെ തടവുകാലത്തിന് ശേഷം തട്ടിക്കൊണ്ടുപോയ കുരുന്നുകളുടെ മോചനത്തില്‍ നന്ദി പ്രകടിപ്പിക്കുമ്പോഴും അവരുടെ മോചനം കുട്ടികൾ അനുഭവിച്ച മാനസികാഘാതത്തെയോ അവരുടെ കുടുംബങ്ങൾ നേരിട്ട ദുരിതത്തെയോ ഇല്ലാതാക്കുന്നില്ലെന്ന് രാജ്യ തലസ്ഥാനമായ അബൂജയിലെ മുന്‍ ആർച്ച് ബിഷപ്പു കൂടിയായ കര്‍ദ്ദിനാള്‍ ഒനയേക്കൻ പറഞ്ഞു. നിരവധി ഇരകൾ ഇപ്പോഴും തട്ടിക്കൊണ്ടുപോയവരുടെയോ ഭീകരവാദ ഗ്രൂപ്പുകളുടെയോ പിടിയിലാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വിജയകരമായ രക്ഷാപ്രവർത്തനം നൈജീരിയയിലെ സുരക്ഷാ പ്രതിസന്ധി പരിഹരിക്കപ്പെട്ടുവെന്നതിന് തെളിവല്ലെന്നും വ്യക്തമാക്കി.
ഈ കുട്ടികൾ മോചിപ്പിക്കപ്പെട്ടതോടെ എല്ലാം ഭംഗിയായെന്ന് സർക്കാർ കരുതരുത്. ഭീകരവാദികളുടെ പിടിയിൽ കഴിയുന്ന, മോചനദ്രവ്യത്തിന്റെ പേരില്‍ തടവില്‍ കഴിയുന്ന നൂറുകണക്കിന് ആളുകൾ ഇനിയുമുണ്ടെന്ന കാര്യം നാം മറക്കരുത്. പലപ്പോഴും തട്ടിക്കൊണ്ടുപോകുന്നവർക്ക് അവരുടേതായ സംവിധാനങ്ങളുണ്ടാകും. ചിലപ്പോൾ അവർ സ്വന്തമായി ഗ്രാമങ്ങൾ തന്നെ ക്രമപ്പെടുത്തിയിട്ടുണ്ട്.
അവിടെയുള്ളവര്‍ തടങ്കലിലാക്കപ്പെട്ടവര്‍ മോചിപ്പിക്കപ്പെടുന്നത് വരെ നോക്കുന്നു. ഇതൊക്കെ കൃത്യമായ ആസൂത്രമാണെന്നും ഇതിനെ അമര്‍ച്ച ചെയ്യാനാണ് ഭരണകൂടം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നൈജീരിയക്കാർക്ക് ഭയമില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുമ്പോഴാണ് യഥാര്‍ത്ഥ പുരോഗതി കൈവരിക്കാനാകുകയെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി. നൈജീരിയയിലെ മുതിര്‍ന്ന കര്‍ദ്ദിനാളുമാരില്‍ ഒരാളായ ജോൺ ഒനയേക്കൻ രാജ്യത്തെ ദേശീയ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















