News
തെരഞ്ഞെടുപ്പ് സുതാര്യമായിരിക്കണം, ക്രൈസ്തവരുടെ ആശങ്കകൾ പരിഹരിക്കണം: നൈജീരിയന്‍ മെത്രാൻ സമിതി
പ്രവാചകശബ്ദം 31-07-2026 - Friday
അബൂജ: അടുത്ത വര്‍ഷം നൈജീരിയയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് സുതാര്യമായിരിക്കണമെന്നും, ക്രൈസ്തവരുടെ ആശങ്കകൾ പരിഹരിക്കണമെന്നും രാജ്യത്തെ മെത്രാൻ സമിതി. രാജ്യത്തെ പൊതുജനത്തിന് ഭീഷണിയായി നിൽക്കുന്ന തീവ്രവാദ, അതിക്രമ പ്രവർത്തനങ്ങളില്‍ നൈജീരിയയിലെ ക്രൈസ്തവരുടെ ന്യായമായ ആശങ്കകൾ പരിഹരിക്കണമെന്നും ആഗതമാകുന്ന പൊതുതിരഞ്ഞെടുപ്പ് സുതാര്യമാണെന്ന് ഉറപ്പുവരുത്തണമെന്നും രാജ്യത്തിന്റെ പ്രസിഡന്റ് ബോള അഹമ്മദ് തിനുബുവിനോട് രാജ്യത്തെ മെത്രാൻ സമിതി ആവശ്യപ്പെട്ടു.
ജൂലൈ 28 ചൊവ്വാഴ്ച പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ മെത്രാൻ സമിതി പ്രസിഡന്റും കടുന അതിരൂപതാദ്ധ്യക്ഷനുമായ ആർച്ച് ബിഷപ്പ് മാത്യു ഓസോയാണ് ഇക്കാര്യം നേരിട്ടു ആവശ്യപ്പെട്ടത്. നൈജീരിയയും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള നല്ല ബന്ധത്തെ അഭിനന്ദിച്ച മെത്രാൻ സമിതി, നിലവിലെ ഭരണസംവിധാനത്തിൽ ക്രൈസ്തവരുടെ പ്രാതിനിധ്യത്തെക്കുറിച്ച് ആശങ്ക ചൂണ്ടിക്കാട്ടി. രാഷ്ട്രത്തലവനും ഉപരാഷ്ട്രത്തലവനും വ്യത്യസ്ത മതവിഭാഗങ്ങളിൽ നിന്നായിരിക്കണമെന്ന പതിവ് അവസാനിച്ചതുമായി ബന്ധപ്പെട്ടതാണ് ഈ ആശങ്കയെന്ന് മെത്രാൻമാർ വ്യക്തമാക്കി.
മുൻപ് ക്രൈസ്തവ, ഇസ്ലാം വിഭാഗങ്ങളിൽനിന്നുള്ളവർ മാറിമാറി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവി വഹിച്ചിരുന്നുവെങ്കിൽ, നിലവിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും മുസ്ലിം മതവിഭാഗത്തിൽപ്പെട്ടവരാണ്. 2027-ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സ്വതന്ത്ര ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന് ആവശ്യമായ ധനസഹായം ഉറപ്പാക്കുകയും വോട്ടവകാശമുള്ള എല്ലാവർക്കും വോട്ടർ തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുകയും ചെയ്ത് തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവവും വിശ്വാസ്യതയുള്ളതുമാക്കണമെന്ന് മെത്രാന്മാർ ആവശ്യപ്പെട്ടു.
സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ അത് രാജ്യത്തെ ഒഴിവാക്കാനാകാത്ത ദുരന്തത്തിലേക്കായിരിക്കും തള്ളിവിടുകയെന്ന മുന്നറിയിപ്പും മെത്രാൻ സമിതി നൽകി. തീവ്രവാദം, സായുധ സംഘങ്ങളുടെ ആക്രമണം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ പ്രശ്നങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും തുടരുകയാണെന്നും സ്കൂളുകൾ, ആരാധനാലയങ്ങൾ, വീടുകൾ, കൃഷിയിടങ്ങൾ, ദേശീയപാതകൾ എന്നിവ ഇപ്പോഴും സുരക്ഷിതമല്ലെന്നും ചൂണ്ടിക്കാട്ടി.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















