News - 2026
നൈജീരിയയിൽ മാരകായുധം ഉപയോഗിച്ചുള്ള ആക്രമണത്തിൽ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു
പ്രവാചകശബ്ദം 01-08-2026 - Saturday
കൊഗി: നൈജീരിയയിലെ കൊഗി സംസ്ഥാനത്ത് അയറ്റോറോ ഗ്ബെഡെയില് ഇടവക വൈദികനായി സേവനം ചെയ്തുകൊണ്ടിരിന്ന കത്തോലിക്ക വൈദികനെ വെട്ടേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സെന്റ് പോൾസ് ഇടവകയില്‍ സേവനമനുഷ്ഠിച്ചിരുന്ന ഫാ. സാമുവേല്‍ ഒപെയെമി എന്ന വൈദികനെയാണ് ജൂലൈ 29-ന് അജോകുട്ടയില് വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹായം അഭ്യർത്ഥിച്ചുള്ള സന്ദേശം ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരാണ്, തലയിൽ വെട്ടേറ്റ മുറിവുകളോടെ റോഡരികിൽ കിടന്നിരുന്ന മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നു പോലീസ് വക്താവ് വില്യം ഓവി അയ പറഞ്ഞു. അന്വേഷണം ആരംഭിച്ചതായും കൊലപാതകത്തിന് ഉത്തരവാദികളായവരെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ ആശങ്കകൾ വീണ്ടും ഉയരുന്നതിനിടെയാണ് ഈ കൊലപാതകം നടന്നിരിക്കുന്നത്. കത്തോലിക്ക വൈദികന്റെ കൊലപാതകത്തെ കൊഗി സംസ്ഥാന സർക്കാർ അപലപിച്ചു.
ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ക്കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയില്‍ പത്തു വര്‍ഷത്തിനിടെ ഇരുനൂറിലധികം വൈദികരെ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയതായി എയിഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN) പൊന്തിഫിക്കൽ സംഘടന റിപ്പോര്‍ട്ട് ചെയ്തിരിന്നു. ക്രൈസ്തവ വിശ്വാസികള്‍ക്കും വൈദികര്‍ക്കും ഒരുപോലെ ഭീഷണിയുള്ള രാജ്യമാണ് നൈജീരിയ. ഒരു പതിറ്റാണ്ടിനിടെ നൈജീരിയായില്‍ നിരവധി വൈദികര്‍ ഉള്‍പ്പെടെ ആയിരകണക്കിന് ക്രൈസ്തവ വിശ്വാസികളുമാണ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















