News - 2024
ക്രിസ്തുവിന്റെ സ്‌നേഹമാണ് സഭകളെ ഒന്നിപ്പിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ; ജോര്‍ജിയന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവനുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖകന്‍ 01-10-2016 - Saturday
ടിബിലിസി: ദൈവസ്‌നേഹവും ക്രിസ്തുവിലുള്ള ഐക്യവുമാണ്, അഭിപ്രായ വ്യത്യാസങ്ങളെ മറികടന്ന് സുവിശേഷത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ നമ്മേ സഹായിക്കുന്നതെന്ന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. ജോര്‍ജിയയില്‍ സന്ദര്‍ശനം നടത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ, രാജ്യത്തിലെ ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്‍ ഇലിയാസ് രണ്ടാമനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരിന്നു.
ജോര്‍ജിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രീയാര്‍ക്കീസായ ഇലിയാ രണ്ടാമനുമായി തലസ്ഥാന നഗരമായ ടിബിലിസില്‍ വച്ചാണ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയത്. പാത്രീയാര്‍ക്കീസ് പാലസില്‍ ജോര്‍ജിയന്‍ സഭ ഊഷ്മളമായ വരവേല്‍പ്പാണ് മാര്‍പാപ്പയ്ക്ക് നല്‍കിയത്. 1999-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ജോര്‍ജിയയില്‍ സമാനമായ രീതിയില്‍ സന്ദര്‍ശനം നടത്തിയിരിന്നു.
"ദൈവത്തിന്റെ സ്‌നേഹമാണ് നമ്മേ ഉയര്‍ത്തിക്കൊണ്ടു വരുന്നതും, നിലനിര്‍ത്തുന്നതും. ഈ സ്‌നേഹത്തിന്റെ ആത്മാവ് പഴയ കാലങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങളെ മറക്കുവാനും വരും കാലത്തിലെ ഭയത്തെ നേരിടുവാനും നമ്മേ പ്രാപ്തരാക്കുന്നു. അഭിപ്രായ വ്യത്യാസങ്ങളും സംഘര്‍ഷങ്ങളും ദുഷ്ടാത്മാവാണ് എല്ലാവരിലേക്കും പകരുന്നത്. നമ്മെ തെറ്റിലേക്കു നയിക്കുന്ന പിശാചിന്റെ നടപടികളില്‍ നിന്നും രക്ഷ നേടുവാന്‍ നാം ചെയ്യേണ്ടത് പരസ്പരം സ്‌നേഹിക്കുക എന്നതാണ്. സ്‌നേഹത്തിന് മാത്രമേ എല്ലാ ദുഷ്ട പ്രവര്‍ത്തികളേയും കീഴടക്കുവാന്‍ സാധിക്കുകയുള്ളു". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
നിരവധി ക്ലേശങ്ങളും പരീക്ഷണങ്ങളും നേരിട്ടപ്പോഴും വിശ്വാസത്തില്‍ അടിയുറച്ചു നിന്ന ജോര്‍ജിയന്‍ സഭയിലെ വിശ്വാസികളെ താന്‍ അകമഴിഞ്ഞ് അനുമോദിക്കുന്നതായും ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ കൂടിക്കാഴ്ചയില്‍ ഇലിയാ രണ്ടാമനോട് പറഞ്ഞു. കത്തോലിക്ക സഭയുടെ തലവന്‍മാരും, ജോര്‍ജിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രീയാര്‍ക്കീസുമാരും ഏറെ സൗഹൃദപരമായ സഹവര്‍ത്തിത്വമാണ് നടത്തിയിരുന്നതെന്ന വസ്തുതയും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.
പിന്നീട് സെന്റ് സൈമണ്‍ ബാര്‍ സാബേ ദേവാലയത്തില്‍ വച്ച് അസിറിയന്‍, കല്‍ദായന്‍ കത്തോലിക്ക സമൂഹവുമായി മാര്‍പാപ്പ പ്രത്യേകം കൂടിക്കാഴ്ച നടത്തി. ക്ലേശവും ദുഃഖവും അനുഭവിക്കുന്ന ജനതയ്ക്കായി മാര്‍പാപ്പ പ്രത്യേകം പ്രാര്‍ത്ഥനയും നടത്തി. സിറിയയിലേയും ഇറാഖിലേയും ജനതയെ മാര്‍പാപ്പ പ്രാര്‍ത്ഥനകളില്‍ പ്രത്യേകം സ്മരിച്ചു. ജോര്‍ജിയയിലെ സന്ദര്‍ശനത്തിനു ശേഷം അസര്‍ബൈജാനും മാര്‍പാപ്പ സന്ദര്‍ശിക്കുന്നുണ്ട്. തന്റെ അപ്പോസ്‌ത്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം നാളെ അദ്ദേഹം വത്തിക്കാനിലേക്ക് മടങ്ങും.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക