Daily Saints.

0: August 31 : വിശുദ്ധ റെയ്മൺട് നൊണാറ്റസ്

ജേക്കബ് സാമുവേൽ 02-09-2015 - Wednesday

ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വടക്ക് കിഴക്കൻ മേഖലയിൽ ജീവിച്ചിരുന്ന അറബി സങ്കര വംശജരായിരുന്നു മൂറുകൾ. (Moors വീരശൂരപരാക്രമികളായി കണക്കാക്കപ്പെട്ടിരുന്നു. എട്ടാം നൂറ്റാണ്ടിൽ ഇവർ സ്പെയിൻ ആക്രമിച്ചു കീഴടക്കി. ഷേക്സ്പിയറുടെ ‘ഒഥല്ലോ’ നാടകത്തിലെ നായകനായ യുദ്ധവീരൻ ഒരു മൂറാണ്‌) ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം വാങ്ങി വിട്ടയക്കുന്നത് ഇവരുടെ പതിവ് പരിപാടിയായിരുന്നു.

ബന്ധനസ്ഥരായ ഇത്തരം ക്രിസ്ത്യാനികളെ മോചനധനം നല്കി രക്ഷിക്കാനായി, പീറ്റർ നൊളസ്കൊ എന്ന ലാൻഗ്യൂഡക്ക്കാരൻ പതിമൂന്നാം നൂറ്റണ്ടിന്റെ ആരംഭത്തിൽ സ്ഥാപിച്ച സംഘടനയാണ്‌ ‘മെഴ്സിഡേറിയൻ’ എന്നറിയപ്പെട്ടിരുന്നത്.

ഇപ്രകാരം മോചിപ്പിക്കപ്പെട്ടവരിൽ ഒരാളായിരുന്നു കാറ്റലോണിയക്കാരനായ റെയ്മൺട്.

സ്വാഭാവിക പ്രസവം അസാദ്ധ്യമായപ്പോൾ, ശസ്ത്രക്രിയയിലൂടെ (സിസ്സേറിയൻ) ജനിച്ച കുഞ്ഞായിരുന്നു റെയ്മൺട് അത്കൊണ്ടാണ്‌ ലാറ്റിൻ ഭാഷയിൽ ‘Not Born' എന്നർത്ഥമുള്ള ’Nonnatus' എന്ന വിളിപ്പേര്‌ അദ്ദേഹത്തിന്‌ ലഭിച്ചത്. റെയ്മൺടിനു ജന്മം നൽകിക്കൊണ്ട് അദ്ദേഹത്തിന്റെ അമ്മ മരണമടഞ്ഞു.

ക്രിസ്ത്യാനികളെ മോചിപ്പിക്കുന്ന കാര്യത്തിൽ വിശുദ്ധ റെയ്മൺട് നൊണാറ്റസ് സമർപ്പിതനായിരുന്നു; അതിനാലാണ്‌ പീറ്റർ നൊളസ്കോ വിരമിച്ചപ്പോൾ, അദ്ദേഹം സ്ഥാപനത്തിന്റെ ചുമതല ഏറ്റെടുത്തത്. തുടർന്ന്, നിരവധി പേരെ രക്ഷിക്കാനുള്ള മോചനധനവുമായി അദ്ദേഹം അൾജീറിയയിലേക്ക് പോകുകയും, ധാരാളം പേരെ വീണ്ടെടുക്കുകയും ചെയ്തു.

പണം മുഴുവനും തീർന്നു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്‌ ആത്മരക്ഷാർത്ഥം സ്ഥലം വിടാമായിരുന്നു; പക്ഷെ അപ്പോൾ ധാരാളം പേർ തടവിൽ തന്നെ കിടക്കുകയേയുള്ളു എന്നതിനാൽ, അവർക്ക് പകരമായി, അദ്ദേഹം സ്വയം തടവുകാരനാകുകയായിരുന്നു. അങ്ങനെ അവരെല്ലാം മോചിതരാക്കപ്പെട്ടു.

കുറേ കഴിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ അപകടത്തിലേക്ക് നീങ്ങി. കാരണം, ഇതിനോടകം അദ്ദേഹം കുറേ മൂറുകളെത്തന്നെ വിശ്വാസത്തിലേക്ക് മാറ്റിയിരുന്നു. അൾജീറിയായിലെ മൂറുകളെ ഇത് കോപിഷ്ടരാക്കി.

ഈ കുറ്റത്തിന്‌ തൂണിന്മേൽ വരിഞ്ഞു മുറുക്കി ശൂലം കൊണ്ട് കുത്തിക്കൊല്ലുവാനുള്ള ശിക്ഷ അവർ ഗവർണ്ണറുടെ പക്കൽ നിന്നും വാങ്ങാൻ തുടങ്ങുകയായിരുന്നു. ഇത് മനസ്സിലാക്കിയ അദ്ദേഹത്തിന്റെ കൂടെയുള്ളവർ ഒരു വലിയ സംഖ്യ മോചന ദ്രവ്യമായി നല്കി ഈ ത്യാഗിയായ വിശ്വാസ ശ്രേഷ്ഠനെ മോചിപ്പിക്കുകയാണുണ്ടായത്.

എന്നിരുന്നാലും, അദ്ദേഹം തെരുവിൽ വച്ച് പരസ്യമായ ചാട്ടവാറടിക്ക് വിധേയനായി. ഇനിയും ആരെങ്കിലും വിശ്വാസത്തിലേക്ക് പോയാൽ ഇതായിരിക്കും അനുഭവമെന്ന പാഠം എല്ലാവരേയും ഓർമ്മിപ്പിക്കാനായിരുന്നു ഈ പരസ്യ ശിക്ഷ!

എട്ടു മാസക്കാലമായി മൂറുകളുടെ ക്രൂര പീഢനത്തിന് അദ്ദേഹം ഇരയായിക്കൊണ്ടിരിക്കുയാണെന്ന വാർത്ത കേട്ട പീറ്റർ നൊളസ്കൊ അദ്ദേഹത്തെ മോചിപ്പിക്കാൻ പണവുമായി സ്ഥലത്തെത്തി. അപ്പോഴും മോചിതനാകുന്നതിനേക്കാൾ ഇനിയും കുറേ സഹോദരന്മാരേയും സഹോദരിമാരേയും കൂടി വിശ്വാസത്തിൽ കൊണ്ടുവരുന്നതാണിഷ്ടമെന്നാണ്‌ അദ്ദേഹം പറഞ്ഞത്. അത് വിലക്കി, അവസാനം പീറ്റർ അദ്ദേഹത്തെ നിർബന്ധിപ്പിച്ച് രക്ഷപെടുത്തുകയായിരുന്നു.

മടങ്ങിയെത്തിയ റെയ്മൺടിനെ, പോപ്പ് ഗ്രിഗറി ഒൻപതാമൻ കർദ്ദിനാളാക്കി നിയമിച്ചു.

കർദ്ദിനാൾ റെയ്മൺട് നൊനാറ്റസ്സിനെ റോമിൽ വച്ച് കാണണമെന്നുള്ള ആഗ്രഹം പോപ്പ് അദ്ദേഹത്തെ അറിയിച്ചു.

1240-ൽ അദ്ദേഹം റോമിലേക്ക് യാത്ര തിരിച്ചു; മാർഗ്ഗമദ്ധ്യേ, സ്പെയിനിലെ ബാർസിലോണക്കടുത്തുള്ള കാർഡോണയിൽ വച്ച് അദ്ദേഹം മുപ്പത്തിയാറാമത്തെ വയസ്സിൽ ദിവംഗതനായി.

Patron:

പ്രസവം, കുട്ടികൾ, ഗർഭിണികൾ, കള്ള ആരോപണങ്ങളിൽ പെട്ടവർ, ജ്വരബാധിതർ, ശിശുക്കൾ, സുതികർമ്മിണികൾ, നവജാത കുഞ്ഞുങ്ങൾ, ഗർഭചികിൽസാ വിദഗ്ദർ എന്നിവരുടെ രക്ഷാധികാരിയായ ഈ വിശുദ്ധന്റെ മാദ്ധ്യസ്ഥതക്കായി പ്രാർത്ഥിക്കാം!